ലക്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിനു തീപിടിച്ച് 22 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ബറേലിയിലെ ദേശീയപാത 24ൽ പുലർച്ചെ ഒരു മണിയോടെയാണു സംഭവം.

ഡൽഹിയിൽനിന്ന് യുപിയിലെ ഗോണ്ടയിലേക്കു പോകുകയായിരുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ യുപിഎസ്ടിആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

ബറേലിക്കും ഷാജഹൻപൂരിനുമിടയ്ക്ക് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ട്രക്കുമായി കൂട്ടിയിടിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ബസിനു തീപിടിച്ചു. യാത്രക്കാരിൽ അധികവും ഉറക്കത്തിലായിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണമെന്നാണ് റിപ്പോർട്ട്.