കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തിൽ രതീഷിന്റെയും ആർച്ചയുടെയും മകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീടിന്റെ ചവിട്ടുപടിക്കു മുന്നിൽ കളിച്ചു നിൽക്കുകയായിരുന്നു കുട്ടി. മുത്തച്ഛൻ ശ്രീജയനും സമീപത്ത് ഉണ്ടായിരുന്നു.

മൊബൈൽ ഫോണിൽ ശ്രീജയൻ സംസാരിക്കുന്നതിനിടെ കുഞ്ഞിന്റെ നിലവിളി കേട്ട് നോക്കിയപ്പോൾ പാമ്പ് മതിലിനോട് ചേർന്ന ദ്വാരത്തിലേക്ക് കയറിപോകുന്നതാണ് കണ്ടത്. കുട്ടിയുടെ കാലിൽ കടിയേറ്റ പാട് കണ്ടതോടെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു.

പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിനിടെ മരണം സംഭവിച്ചു. റസ്റ്ററന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടന്നു.