കണ്ണുർ:കോഴി ഫാമിലെ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. വെള്ളിയാഴ്‌ച്ച പുലർച്ചെയാണ് അപകടം. ഫാമിൽ ജോലിക്കെത്തിയ ജീവനക്കാരനാണ ഷോക്കേറ്റു മരിച്ചത്. ഉദയഗിരിയിലെ പുളിങ്ങോം പാലാന്തടത്ത് താമസിക്കുന്ന കരിമ്പനക്കൽ അബ്ദുൽറഹ്മാൻ (മച്ചാൻ 50) ആണ് മരിച്ചത്. പുലർച്ചെ 4.30 ഓടെ പെരിങ്ങോം കൊരമ്പക്കല്ലിലെ ഫാമിൽ നിന്നും ഇറച്ചി കോഴികളെ കടകളിലെത്തിക്കുന്നതിനായി പിടിച്ചു കൊണ്ടു പോകുന്നതിനിടെയാണ് അപകടം.

വിവിധ ഫാമുകളിൽ നിന്നും കോഴികളെ പിടിച്ച് കടകളിലെത്തിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു അബ്ദുൽ റഹ്മാൻ. ഫാം ജീവനക്കാരിലൊരാൾ സ്ഥലത്തെത്തിയപ്പോഴാണ് ഇയാളെ അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ടത്. തുടർന്ന് ഉടൻ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഭാര്യ: ബീഫാത്തിമ മുള്ളിക്കാട്. മക്കൾ: ഫസീലാ, ഫാസില, ഷാഹിന. ചെറുപുഴ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.