മുംബൈ: വിമാനത്തിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായ ബോളിവുഡ് നടിയുടെ ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് അറസ്റ്റ് ചെയ്യപ്പെട്ട വ്യവസായി വികാസ് സച്ചദേവിന്റെ ഭാര്യ ദിവ്യസച്ച്‌ദേവ്.പ്രശസ്തിക്ക് വേണ്ടിയാണ് പെൺകുട്ടി ഇതിന് മുതിർന്നതെന്നും, തന്റെ ഭർത്താവിനെതിരെ വ്യാജആരോപണമാണ് ഉന്നയിച്ചിരി്ക്കുന്നതെന്നും അവർ മുംബൈയിൽ വാർത്താ ഏജൻസിയോട് പറഞ്ഞു.

മഹാരാഷ്ട്ര വനിതാ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് പൊലീസ് 39 കാരനായ വികാസിനെ അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന തന്റെ ഭർത്താവ്, ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് മാനസികമായി തളർന്ന നിലയിലായിരുന്നുവെന്നാണ് ദിവ്യസച്ച്‌ദേവിന്റെ വിശദീകരണം.

പീഡനമുണ്ടായി എന്ന പറയുന്ന സമയത്ത് ബോളിവുഡ് നടി എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും, രണ്ടുമണിക്കൂറുകൾക്ക് ശേഷം മാത്രം ട്വീറ്റ് ചെയ്തതിൽ ദുരൂഹതയുണ്ടെന്നും അവർ പറഞ്ഞു.ഒരു സ്ത്രീയെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് അറിയാവുന്ന കുടുംബമാണ് തങ്ങളുടേത്.തന്റെ ഭർത്താവ് കുടുംബമൂല്യങ്ങളെ മാനിക്കുന്നയാളാണ്.ഞങ്ങൾക്ക് 9 വയസ് പ്രായമുള്ള കുട്ടിയുണ്ട്.വികാസ് ഒരിക്കലും ഒരു സ്ത്രീയോട് അത്തരത്തിൽ പെരുമാറില്ല, ദിവ്യസച്ച്‌ദേവ് പറഞ്ഞു.

ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയിൽ എയർ വിസ്താര ഫ്‌ളൈറ്റിൽ വച്ചാണ് പ്രായപൂർത്തിയാകാത്ത നടിക്ക് നേരെ പീഡനശ്രമം നടന്നത്. സഹായമഭ്യർഥിച്ച് നടി പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് പീഡനവിവരം പുറംലോകം അറിയുന്നത്.

പോസ്‌കോ നിയമ പ്രകാരമാണ് വ്യവസായിയെ അറസ്റ്റ് ചെയ്തത്. യാത്രക്കിടയിൽ നടിയുടെ സീറ്റിന്റെ ആം റെസ്റ്റിൽ സഹയാത്രികൻ കാൽ കയറ്റിവയ്ക്കുകയും ഇത് ചോദ്യം ചെയ്തപ്പോൾ വിമാനം ഇളകുന്നതിനാലാണ് താൻ കാലു കയറ്റി വച്ചതെന്ന് അയാൾ മറുപടി നൽകുകയും ചെയ്തിരുന്നു. വികാസിന്റെ കാലുകൾ നടിയുടെ ശരീരത്തിൽ അറിയാതെ സ്പർശിച്ചതാണെന്നും അതിന് അദ്ദേഹം മാപ്പും പറഞ്ഞതാണെന്നും ദിവ്യ പറയുന്നു.

ചെറിയ മയക്കത്തിലേക്ക് വീണ തന്റെ കഴുത്തിൽ അയാളുടെ സ്പർശം അറിഞ്ഞാണ് താൻ ഞെട്ടിയുണർന്നതെന്നും അയാളുടെ ഉപദ്രവം റെക്കോർഡ് ചെയ്യാൻ നോക്കിയെങ്കിലും വെളിച്ചം കുറവായതിനാൽ സാധിച്ചില്ലെന്നും നടി വീഡിയോയിൽ പറയുന്നു.