- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് 'അമിട്ട് ഷാജി' പറഞ്ഞപോലത്തെ 'അച്ഛാ ദിൻ'! ബോറടിയും അസംബന്ധങ്ങളുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; രാഷ്ട്രീയ വായനയിൽ ഇതൊരു സാംസ്കാരിക അശ്ലീലം!
നമ്മുടെ ഭരണാധികാരികൾ അച്ഛാ ദിൻ വരുന്നു എന്ന് പറഞ്ഞ് സാധാരണക്കാരെ മോഹിപ്പിച്ച് പറ്റിക്കുമ്പോൾ സിനിമാക്കാർക്ക് മാറി നിൽക്കാനാവുമോ. അതാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും, സംവിധായകൻ മാർത്താണ്ഡനും അവരെ വിശ്വസിച്ച് കാശുകൊടുത്ത് കയറുന്ന പ്രേക്ഷകരോട് ചെയ്തത്. കാമ്പില്ലാത്ത കഥയും ബോറടിയുമായി ശരിക്കുമൊരു പാഷാണം തന്നെയാണ് ഈ ചിത്രം. അമിത്ഷാ (
നമ്മുടെ ഭരണാധികാരികൾ അച്ഛാ ദിൻ വരുന്നു എന്ന് പറഞ്ഞ് സാധാരണക്കാരെ മോഹിപ്പിച്ച് പറ്റിക്കുമ്പോൾ സിനിമാക്കാർക്ക് മാറി നിൽക്കാനാവുമോ. അതാണ് മെഗാ സ്റ്റാർ മമ്മൂട്ടിയും, സംവിധായകൻ മാർത്താണ്ഡനും അവരെ വിശ്വസിച്ച് കാശുകൊടുത്ത് കയറുന്ന പ്രേക്ഷകരോട് ചെയ്തത്. കാമ്പില്ലാത്ത കഥയും ബോറടിയുമായി ശരിക്കുമൊരു പാഷാണം തന്നെയാണ് ഈ ചിത്രം. അമിത്ഷാ (വി.ടി ബൽറാമിന്റെ ഭാഷയിൽ പറഞ്ഞാൽ അമിട്ട് ഷാജി) പറഞ്ഞപോലെ, ഇനിയും ഒരു 25 വർഷം കഴിഞ്ഞാലേ ഈ സിനിമയുടെ സംവിധായകനൊക്കെ എങ്ങനെയാണ് നല്ല സിനിമയെടുക്കൂവെന്ന് പഠിക്കൂ! അത്രക്ക് അമച്വറും ബോറുമാണ് ഈ പടപ്പ്.
അതുകൊണ്ടുതന്നെയാവണം ഒരാഴ്ച കഴിയുമുമ്പ് ആളില്ലാകസേരകളാണ് ഈ ചിത്രത്തിന്റെ പ്രദർശനാലയങ്ങളെ ധന്യമാക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്ന സിനിമയുമായി രംഗത്തത്തെിയ സംവിധായകനാണ് ജി മാർത്താണ്ഡൻ. മമ്മൂട്ടിയെവച്ച് ലാൽ ജോസ് സംവിധാനം ചെയ്ത 'ഇമ്മാനുവൽ' എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ആളാണ് എ. സി വിജീഷ്. ശരാശരി നിലവാരം പുലർത്തിയ ചിത്രങ്ങളായിരുന്നു ഇവ രണ്ടും. എന്നാൽ ഇവർ ഒരുമിച്ച 'അച്ഛാ ദിൻ' ബർണാഡ് ഷാ ഫലിതംപോലെ, അപക്വ സൃഷ്ടിയായി മാറുകയും ചെയ്തു.
യുക്തിബോധം തൊട്ടുതീണ്ടാത്ത സിനിമ
കമൽ സംവിധാനം ചെയ്ത 'കറുത്ത പക്ഷികൾ' എന്ന മമ്മൂട്ടി ചിത്രം തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലത്തെിയ മുരുകൻ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് പറഞ്ഞത്. അതിൽ മമ്മൂട്ടിയുടെ പ്രകടനവും അസാധ്യമായിരുന്നു. തീർത്തും വേറിട്ട ഫോർമാറ്റിൽ ഇറങ്ങിയ ആ ചിത്രത്തിന് അർഹിക്കുന്ന അംഗീകാരം പ്രേക്ഷകരിൽനിന്നും കിട്ടിയില്ല. ഇന്ന് കാലംമാറി. തമിഴ് മക്കൾ മടങ്ങുന്ന കേരളത്തിൽ, നെല്ലുകൊയ്യാനും തേങ്ങയിടാനും പോലും ഇന്ന് ഉത്തരേന്ത്യൻ തൊഴിലാളികളാണ്. കേരളം ഇപ്പോൾ അന്യ സംസ്ഥാന തൊഴിലാളികളുടെയും നാടാണ്. ബംഗാളിൽ നിന്നും ബീഹാറിൽ നിന്നുമെല്ലാമുള്ള ആളുകൾ കേരളത്തിലേക്ക് നിരന്തരം പ്രവഹിക്കുന്നു. ബസ്സുകളുടെയും ഹോട്ടലുകളെയും ബോർഡുകൾ വരെ ഹിന്ദിയിൽ ഉൾപ്പെടെ വന്നുകഴിഞ്ഞു.
അന്യദേശങ്ങളിൽ നിന്നുള്ള കുടിയേറ്റം കേരളീയ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. പാർശ്വവൽക്കരിക്കപ്പെട്ട, എന്നാൽ നമ്മുടെ ജീവിതത്തിന്റെ അഭിഭാജ്യ ഘടകവുമായ ഇത്തരം ആളുകളുടെ കഥ സിനിമയാവുമ്പോൾ പ്രതീക്ഷിക്കാൻ ഏറെയുണ്ടാവും. മമ്മൂട്ടി അത്തരമൊരു വേഷത്തിൽ എത്തുന്ന ചിത്രം വ്യത്യസ്ത പുലർത്തും എന്ന് പ്രേക്ഷകർ ചിന്തിച്ചു പോകുക സ്വഭാവികം. (നല്ല സിനിമചെയ്യാനുള്ള ആഗ്രഹങ്ങളെപ്പറ്റി ചാനൽ ചർച്ചകളിലൊക്കെ മമ്മൂട്ടി നടത്തുന്ന ബഡായി കണ്ടാൽ അമ്പരന്നുപോവും! എന്നാൽ അദ്ദേഹം തലവച്ച്‌കൊടുക്കുന്നതോ, അന്തവും കുന്തവുമില്ലാത്ത തിരക്കഥകൾക്കും).[BLURB#1-VL]കേരളത്തിന്റെ വർത്തമാന അവസ്ഥ ചിത്രീകരിക്കുന്ന ഒരു ആക്ഷേപഹാസ്യ സിനിമ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ തുടക്കം. വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയായ ദുർഗാപ്രസാദിന്റെ ലളിതമായ ജീവിതം കാണിച്ചുകൊണ്ട് തുടങ്ങുന്ന ചിത്രം എന്തൊക്കെയോ ആശിപ്പിക്കുന്നു. എന്നാൽ ആദ്യത്തെ പത്ത് മിനിട്ട് കഴിയുന്നതോടെ ഈ പ്രതീക്ഷകളെല്ലാം തകർന്നടിയും. യുക്തിബോധം തൊട്ടുതീണ്ടാത്ത രചനയാണ് 'അച്ഛാദിനിന്റേത്'. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളികൾ ബോംബ് വെക്കാനായി നഗരത്തിലൂടെ തേരാപ്പാര സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ പൊലീസുകാർ ഉൾപ്പെടെ ആരും ഇവരെ തിരിച്ചറിയുന്നുമില്ല. അസംബന്ധങ്ങളുടെ ഇത്തരം അയ്യരുകളിയാണ് സിനിമ ഉടനീളം.
എറണാകുളം നഗരത്തിലെ ഒരു ട്രാഫിക്ക് ബ്‌ളോക്കിന്റെ ദൃശ്യത്തിൽ നിന്നാണ് 'അച്ഛാ ദിൻ' ആരംഭിക്കുന്നത ബ്‌ളോക്കിനെക്കുറിച്ച് ക്യാമറയ്ക്കുമുമ്പിൽ സംസാരിക്കുന്ന ചാനൽ റിപ്പോർട്ടറെ തന്റെ സൈക്കിളിന് പുറകിലിരുത്തി പത്ത് മിനിട്ടിനുള്ളിൽ ലക്ഷ്യസ്ഥാനത്തത്തെിക്കുന്നു സാധാരണക്കാരനായ ദുർഗാപ്രസാദ്. ഇതേ സൈക്കിളിൽ സഞ്ചരിച്ച് അന്താരാഷ്ട്ര ഭീകരരെ കീഴടക്കി നാടിനെ രക്ഷിക്കുന്ന ഹീറോ ആയി ദുർഗാപ്രസാദ് പിന്നീട് മാറുകയും ചെയ്യന്നു.
ദുർഗാപ്രസാദിന്റെ ഭാര്യയെ പ്രസവത്തിനായി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. സിസേറിയന് മുമ്പ് ഒരു ലക്ഷത്തിലധികം രൂപ കെട്ടിവെയ്ക്കണം. ദരിദ്ര നാരായണനായ ദുർഗാപ്രസാദിന് അതിന് സാധിക്കുന്നില്ല. തുടർന്ന് ഇയാൾ പണമുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയുടെ വേദിയിലൊക്കെ ഇയാൾ എത്തുന്നുണ്ടെങ്കിലും തിരക്ക് കാരണം അദ്ദേഹത്തെ കാണാൻ സാധിക്കുന്നില്ല. പൊലീസ് സഹായിച്ചാൽ മുഖ്യമന്ത്രിയെ കാണാൻ സാധിച്ചേക്കും എന്ന ചിന്തയാൽ പൊലീസ് സ്റ്റേഷനിൽ എത്തുകയാണ് ദുർഗാപ്രസാദ്. എന്നാൽ പരിഹസിച്ച് ഇറക്കിവിടുന്ന പൊലീസുകാരൻ കമ്പ്യൂട്ടർ മോണിറ്ററിൽ കുറേ പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ കാണിക്കുന്നു. ഇവരിൽ ആരെയെങ്കിലും പിടിച്ചു തന്നാൽ പണം തരാം എന്നാണ് അയാളുടെ പരിഹാസം.
പാവം ദുർഗാപ്രസാദ് നഗരത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് കണ്ണീരൊലിപ്പിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. ലക്ഷങ്ങൾ വിലയിട്ട തീവ്രവാദികൾ നഗരത്തിരക്കിൽ നമ്മുടെ ദുർഗാപ്രസാദിന്റെ മുമ്പിലത്തെുന്നു. നഗരത്തിൽ പലയിടങ്ങളിലും ബോംബ് വെയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഈ സംഘത്തിന്റെ ദൗത്യങ്ങളെല്ലാം നമ്മുടെ സാധാരണക്കാരനായ ദുർഗാപ്രസാദ് പൊളിച്ചടുക്കുന്നതാണ് 'അച്ഛാ ദിൻ' എന്ന ത്രില്ലറിന്റെ പ്രമേയം.
തീർത്തും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ദുർഗാപ്രസാദിന്റെ നിർമ്മിതി. എന്നാൽ കഥ പറഞ്ഞു പോകുന്നതിനിടെ ഈ കഥാപാത്രത്തെ സൂപ്പർഹീറോ ആക്കി മാറ്റുകയാണ് സംവിധായകൻ. ശത്രുക്കളുടെ കരുനീക്കങ്ങളെല്ലാം എളുപ്പം തിരിച്ചറിയാനും ഭീകരന്മാരെയെല്ലാം അടിച്ച് പറത്താനും അയാൾക്ക് സാധിക്കുന്നുണ്ട്. പൊലീസും ഭരണകൂടവുമെല്ലാം എന്ത് ചെയ്യമന്നറിയാതെ നിൽക്കുമ്പോൾ ദുർഗാപ്രസാദ് ഭീകരന്മാരെയെല്ലാം എളുപ്പത്തിൽ കീഴടക്കി നാടിനെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യും. ഇത്തരം കാഴ്ചകളുമായത്തെിയ തമിഴ് ചിത്രങ്ങളെ പാണ്ടിപ്പടങ്ങളെന്ന് പറഞ്ഞ് പരിഹസിച്ചവരാണ് മലയാളികൾ.'കാക്കാമുട്ടെയൊക്കെ' കണ്ടപ്പോൾ ഓർത്തുപോയി. തമിഴർ എത്രമാറി.
മലയാള സിനിമയിൽ പുതിയൊരു തരംഗത്തിന് തുടക്കമിട്ട പാസഞ്ചർ, മലയാളത്തിന്റെ ദുരന്തമായി മാറിയ ഭഗവാൻ തുടങ്ങിയ ചിത്രങ്ങളുമായും അച്ഛാ ദിൻ എന്ന സിനിമയ്ക്ക് സാമ്യമുണ്ട്. ഇതോടൊപ്പം ഫയർമാൻ, ട്രാഫിക്ക് തുടങ്ങിയ ചിത്രങ്ങളുടെ ചുവടുപിടിച്ച് വെറുതെ ഒരു കഥ തട്ടിക്കൂട്ടുകയാണ് എ സി വിജീഷ് എന്ന തിരക്കഥാകൃത്ത്. മാവോയിസവും, ഇസ്ലാമിക തീവ്രവാദവും, മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയും, ബാർ പൂട്ടിയതിനോടുള്ള പ്രതിഷേധവും, ഡോക്ടർമാരുടെ സമരവും ,നഗരത്തിലെ ഗതാഗതക്കുരുക്കും എല്ലാം ചിത്രത്തിൽ തിരക്കഥാകൃത്ത് കുത്തി നിറച്ചിട്ടുണ്ടെങ്കിലും താൻ പറയുന്ന കാര്യം എത്രത്തോളം യുക്തിസഹമായി അവതരിപ്പിക്കാമെന്നതിനെക്കുറിച്ച് ഇദ്ദേഹം ആലോചിച്ചിട്ടുപോലുമില്‌ളെന്ന് വ്യക്തം.
മമ്മൂട്ടിയടക്കമുള്ള അഭിനേതാക്കൾക്കും ഇതിൽകാര്യമായൊന്നും ചെയ്യാനില്ല. മമ്മൂട്ടിയുടെ ഭാര്യ ശീതളായത്തെുന്ന മാനസി ശർമ്മയ്ക്കും ചിത്രത്തിൽ പ്രത്യകേിച്ച് റോളൊന്നുമില്ല. ഈ കഥാപാത്രമൊഴിച്ച് നിർത്തിയാൽ കാര്യമായ സ്ത്രീകഥാപാത്രങ്ങളൊന്നും സിനിമയില്ല. മുനീർ എന്ന തീവ്രവാദിയുടെ റോളിലാണ് നടൻ രതീഷിന്റെ മകൻ പത്മരാജൻ എത്തുന്നത്. എന്നാൽ അമിതാഭിനയത്തിലൂടെ ഇദ്ദേഹം പ്രേക്ഷകരെ വല്ലാതെ വെറുപ്പിക്കുന്നുണ്ട്. ഏതാണ്ട് ഇതേ അവസ്ഥയാണ് രഞ്ജി പണിക്കർക്കും, സാജുനവോദയക്കും. സാധാരണ മോശമാവാറില്ലാത്ത ബിജിപാലിന്റെ പശ്ചാത്തല സംഗീതവും ഇത്തവണ ശരിക്കും പാളി.
സാംസ്കാരിക മാലിന്യങ്ങൾ ഉണ്ടാവുന്നത് ?
ഉടനീളം നിറഞ്ഞു നിൽക്കുന്ന അവിശ്വസീയത മാത്രല്ല ചിത്രം നൽകുന്ന സന്ദശേം അങ്ങയേറ്റം പ്രതിലോമകരമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. തീർച്ചയായും സിനിമ ഒരു രാഷ്ട്രീയ ഉൽപ്പന്നമാണെന്നുകൊണ്ടുതന്നെ അക്കാര്യവും വിലയിരുത്തപ്പെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ വായനയിൽ ഇതൊരു സാംസ്കാരിക അശ്‌ളീലമാണെന്ന് പറയാതെ വയ്യ. ഭീകരവാദികളെല്ലാം മുസ്ലീങ്ങളാണ് എന്ന തെറ്റായ ചിന്തയുടെ പുറത്താണ് കെട്ടിപ്പൊക്കിയിട്ടുള്ളത്. കഥയുടെ ഓരോ നിർണ്ണായക ഘട്ടങ്ങളിലും ഭീകരവാദികളെ അടിച്ചമർത്തമ്പോഴുമെല്ലാം ദുർഗാപ്രസാദിന്റെ കയ്യിലേക്കാണ് ക്യാമറ ഫോക്കസ് ചെയ്യന്നത്. കൈയിൽ കെട്ടിയ ചെറിയ ഗണേശ വിഗ്രഹം അപ്പോഴെല്ലാം പ്രേക്ഷകന് മുമ്പിൽ വ്യക്തമാക്കപ്പെടും.
ഗണേശോത്സവ ദിനത്തിൽ ഘോഷയാത്ര കടന്നുപോകുമ്പോളും ഇത്തരം കാഴ്ച കാണാം. തീവ്രവാദികൾ വച്ച ബോംബിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നത് സാക്ഷാൽ ഗണേശനാണ് എന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണം. ബോംബ് പോട്ടാതെ പോയതിന്റെ നിരാശയിൽ തീവ്രവാദി നിൽക്കുമ്പോൾ ഗണേശ സ്തുതിയ്‌ക്കോപ്പം ബോംബ് നിർവ്വീര്യമാക്കിക്കോണ്ട് നദിയിൽ താഴ്ന്ന ഗണേശ വിഗ്രഹത്തെയും ക്യാമറ വല്ലാതെ ആഘോഷിക്കുന്നു.കിഷോർ അവതരിപ്പിക്കുന്ന പൊലീസ് കമ്മീഷണർക്ക് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പ്രചോദനമാകുന്നത് ദൈവ സാന്നിധ്യം തന്നെയാണ്. പൊലീസ് നിസ്സഹായരാവുന്ന ഘട്ടങ്ങളിലെല്ലാം ദൈവങ്ങളാണ് രക്ഷകരെന്ന് ചിത്രം പറയാതെ പറയുന്നു.
ജിഹാദ്.. ജിഹാദ് എന്നലറിക്കോണ്ട് നഗരമാകെ ചാമ്പലാക്കാൻ നടക്കുകയാണ് മുസ്ലീങ്ങളായ മൂന്ന് വില്ലന്മാരും. എന്റെ ആദ്യ ദൗത്യമാണ്.. പാളിപ്പോകുമോ എന്ന് ചോദിക്കുന്ന സഹപ്രവർത്തകന് വേൾഡ് ട്രേഡ് സെന്റർ ആക്രമത്തിന്റെ വീഡിയോ ആണ് സംഘത്തിലെ നേതാവായ മുനീർ കാട്ടിക്കോടുക്കുന്നത്. ഇത് അവരുടെയും ആദ്യ ദൗത്യമായിരുന്നെന്നാണ് മുനീർ പറയുന്നത്. ഇത് കേൾക്കുന്നതോട് ജിഹാദ് എന്ന അലർച്ച കൂടുതൽ ഉച്ചത്തിലാവുന്നു. ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കും ഒരു കോളനിയിലത്തെുമ്പോൾ വളരെ അപകടം പിടിച്ച സ്ഥലമാണ് ഇതെന്ന സൂചന നായകൻ നൽകുന്നതും ചിത്രത്തിൽ കാണാം. ഇങ്ങനെ ഒന്നോരണ്ടോ സൂചകങ്ങൾ മാത്രമല്ല. സിനിമയിൽ ഇടക്കിടെ ഇത്തരം സാംസ്കാരിക പ്രതിലോമ ഘടകങ്ങൾ കടന്നുവരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി അലങ്കോലമാക്കാനത്തെുന്ന പ്രതിപക്ഷത്തെ ഒരു പ്രവർത്തകൻ നേതാവിനോട് ചോദിക്കുന്നുണ്ട്. പാവപ്പെട്ട നിരവധി പേർക്ക് സഹായം കിട്ടുന്ന ഒരു പരിപാടി നമ്മളെന്തിനാണ് അലങ്കോലപ്പെടുത്തുന്നതെന്ന്. പാവപ്പെട്ടവർക്ക് നന്മ ചെയ്തുകൊണ്ട് ഭരണകാലയളവ് താൻ പൂർത്തിയാക്കും എന്ന് മുഖ്യമന്ത്രിയും പറയുന്നു. നന്മ നിറഞ്ഞ ദൈവങ്ങൾ മാത്രമല്ല പാവപ്പെട്ടവർക്ക് നന്മ ചെയ്യന്ന ഒരു പാവം മുഖ്യമന്ത്രിയെയും നമുക്ക് അഛാ ദിൻ എന്ന ചിത്രത്തിൽ കാണാം! ഇതൊന്നും യാദൃശ്ചികമല്ല. വലതുപക്ഷ രാഷ്ട്രീയത്തിനുവേണ്ടിയുള്ള വ്യക്തമായ കുഴലൂത്താണ് ഈ സിനിമ.
വാൽക്കഷ്ണം: അന്യസംസ്ഥാന തൊഴിലാളിയുടെ കഥാപാത്രമായിട്ടും മമ്മൂട്ടിക്ക് ചിത്രത്തിൽ കാര്യമായിട്ടൊന്നും ചെയ്യാനില്ല. ഇത് മമ്മൂട്ടിയുടെ അഭിനയത്തിലും വ്യക്തമാണ്. പല രംഗങ്ങളിലും ഒരു കാഴ്ചക്കാരനായി മഹാനടൻ നിൽക്കുന്ന ദയനീയ കാഴ്ചയും ചിത്രത്തിൽ കാണാം. ദുർബലമായ സൃഷ്ടികളിലൂടെ തുടർ പരാജയം രുചിച്ച മമ്മൂട്ടി അടുത്ത കാലത്താണ് തപ്പിത്തടഞ്ഞ് തിരിച്ചുവന്നത്. എന്നാൽ ഇത്തരം ചിത്രങ്ങൾ തന്നെ പഴയ അവസ്ഥയിലേക്ക് തിരിച്ചത്തെിക്കും എന്ന് അദ്ദേഹം ഓർത്താൽ നന്ന്.