- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവൈരത്തിന്റെ സ്ഥാനത്ത് മത സൗഹാർദ്ദവും, കലഹത്തിന്റെ സ്ഥാനത്ത് സംഭാഷണവും; വർഗീയതയുടെ സ്ഥാനത്ത് മാനവികതയും; അബുദാബി പ്രഖ്യാപനം മതാന്തര ബന്ധത്തിന്റെ 'മാഗ്നാകാർട്ടാ'യായി; നാർക്കോട്ടിക് ജിഹാദ് വിവാദം പടരുമ്പോൾ കേരളത്തിൽ വേണ്ടത് മാർപാപ്പായുടെ അനുശാസനം!
ഒരു കഥ പറയാം. വെറുമൊരു കഥയല്ല, സത്യമായിട്ടും നടന്ന സംഭവം. 2006-ലാണ് സംഗതികളുടെ തുടക്കം. സെപ്റ്റംബർ 12-ന് ആയിരുന്നു ബെനഡിക്റ്റ് പാപ്പായുടെ റേഗൻസ്ബുർഗ് പ്രസംഗം. പണ്ടെങ്ങോ ഒരു ബൈസന്റൈൻ ചക്രവർത്തി മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ ഒരു പ്രസ്താവന മാർപ്പാപ്പ എടുത്ത് ഉദ്ധരിച്ചു. അത് ലോകമാസകലമുള്ള മുസ്ലിങ്ങളെ മുറിപ്പെടുത്തി.
കുറേക്കാലം കഴിഞ്ഞ് 2011 ജനുവരിയിൽ അലക്സാൻഡ്രിയയിലെ കോപ്റ്റിക് പള്ളി ബോംബ് സ്ഫോടനത്തിൽ നശിപ്പിക്കപ്പെട്ടു. അതിനോടുള്ള ബെനഡിക്റ്റ് പാപ്പായുടെ പ്രതികരണവും പഴയ മുറിവിന്റെ ആഴം കൂട്ടിയതേയുള്ളൂ. അതോടെ, വത്തിക്കാനുമായുള്ള എല്ലാ ബന്ധവും മരവിപ്പിക്കാൻ അൽ അസ്ഹറിന്റെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ തയിബ് തീരുമാനിച്ചു. ലോകത്തിൽ ഏറ്റവുമധികം സ്വാധീനമുള്ള ഇസ്ലാം മതസ്ഥാപനമാണ് ഈജിപ്തിലെ അൽ അസ്ഹർ എന്നോർക്കണം. അങ്ങനെയാണ് മധ്യകാലത്തിനുശേഷം ക്രിസ്ത്യൻ- ഇസ്ലാം ബന്ധം അതിന്റെ നെല്ലിപ്പലക കണ്ടത്.
രണ്ട് വർഷം കഴിഞ്ഞാണ് 2013 മാർച്ച് 13-ന് ഹോർഹെ ബെർഗോളിയോ ഫ്രാൻസീസ് പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നത്. ഈ വാർത്ത കേട്ടതോടെ ഗ്രാൻഡ് ഇമാമിന്റെ മനസ്സ് പറഞ്ഞു, 'വത്തിക്കാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സമയമായി'. അതോടെ, ഇമാം ഒരു നിർദ്ദേശം വച്ചു, ഫ്രാൻസീസ് പാപ്പാക്ക് ഒരു അഭിനന്ദന കുറിപ്പ് വിടാമെന്ന്. പക്ഷേ, പലർക്കും അതിനോട് യോജിപ്പില്ലായിരുന്നു. അവസാനം, അൽ അസ്ഹറിന്റെ പേരിൽ കത്തോലിക്കാസഭക്കുള്ള പൊതുവായ ഒരു അഭിനന്ദനക്കുറിപ്പ് അയക്കാമെന്ന യോജിപ്പിലെത്തി. അത് അയക്കുകയും ചെയ്തു.
മാസങ്ങൾ കഴിഞ്ഞു. അടുത്ത റംസാൻ പെരുന്നാളിന് ഫ്രാൻസീസ് പാപ്പാ ഗ്രാൻഡ് ഇമാമിന് മറുപടിയായി ഒരു ആശംസാകത്ത് അയച്ചു. അതിൽ അദ്ദേഹം മുസ്ലിങ്ങളെ, സഹോദരങ്ങളേ എന്നാണ് അഭിസംബോധന ചെയ്തത്. ഉടനെ തന്നെ പെരുന്നാൾ ആശംസക്ക് നന്ദി പറഞ്ഞു കൊണ്ട് ഇമാം മാർപ്പാപ്പാക്ക് മറുപടി അയച്ചു.
പിന്നീട്, മൂന്ന് വർഷത്തോളം ഫ്രാൻസീസ് പാപ്പാ ചെയ്യുന്നതും പറയുന്നതും അഹ്മദ് അൽ തയിബ് ശ്രദ്ധിച്ചു കൊണ്ടിരുന്നു. ദരിദ്രരോടുള്ള ഫ്രാൻസീസിന്റെ സ്നേഹവും, അഭയാർത്ഥികളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യവും ഇമാമിന്റെ ഹൃദയത്തെ സ്പർശിച്ചു. 2016 ഏപ്രിലിൽ ലെസ്ബോസിലെ അഭയാർത്ഥികളെ സന്ദർശിച്ച ശേഷമുള്ള തന്റെ മടക്കയാത്രയിൽ 12 മുസ്ലിം അഭയാർത്ഥികളെ മാർപാപ്പാ റോമിലേക്ക് സ്വന്തം വിമാനത്തിൽ കൂട്ടിക്കൊണ്ടു പോന്നതും, പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാനുള്ള ചാക്രികലേഖനവും അദ്ദേഹം ശ്രദ്ധിച്ചു. 2014 മേയിൽ മാർപ്പാപ്പ യോർദ്ദാനിലും ഫലസ്തീനിലും നടത്തിയ സന്ദർശനവും ഫലസ്തീനികൾക്ക് അദ്ദേഹം കൊടുത്ത പിന്തുണയും ഇമാമിനെ സ്വാധീനിച്ചു. സിറിയയിലെ കലാപത്തെ പാപ്പാ അപലപിച്ചതും, ഇസ്ലാം മതത്തെയും ഭീകരപ്രവർത്തനത്തേയും താദാത്മ്യപ്പെടുത്തുന്നത് ശരിയല്ലെന്ന് (2016 ആഗസ്റ്റിൽ) പാപ്പാ പ്രസ്താവിച്ചതും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു.
അങ്ങനെ, 2015 നവംബർ ആയപ്പോൾ ഗ്രാൻഡ് ഇമാം പറഞ്ഞു: 'എനിക്ക് വത്തിക്കാനിലേക്ക് പോകണം. ഫ്രാൻസീസ് പാപ്പായെ സന്ദർശിക്കണം.' കൂടിക്കാഴ്ച ക്രമീകരിക്കാനുള്ള ചുമതല അദ്ദേഹം സ്വന്തം കൗൺസിലറായ ജഡ്ജി മുഹമ്മദ് അബ്ദേൽ സലാമിനെ ഏല്പിച്ചു.ഈ ലക്ഷ്യപ്രാപ്തിക്കായി ജഡ്ജി പാപ്പായുടെ സെക്രട്ടറിമാരിലൊരാളായ മോൺസിഞ്ഞോർ യോവാനീസ് ലാസി ഗൈദ് എന്ന കോപ്റ്റിക് വൈദികന്റെ സഹായവും തേടി.
അങ്ങനെയാണ് ഈജിപ്തിലെ ഗ്രാൻഡ് ഇമാം ഫ്രാൻസീസ് പാപ്പായെ കാണാൻ റോമിലെത്തുന്നത്, 2016 മെയ് 23-ന്. ആദ്യത്തെ ഫ്രാൻസീസ്, അതായത് അസ്സീസ്സി, സുൽത്താൻ അൽ കമാലിനെ കാണാൻ ഈജിപ്തിലെത്തിയിട്ട് എട്ട് നൂറ്റാണ്ടാകുന്ന സന്ദർഭമായിരുന്നു അത്. വത്തിക്കാനിലേക്ക് പോകുന്ന വഴിക്ക് അബ്ദേൽ സലാം പുതിയൊരു ആശയം ഇമാമിനോട് പങ്കുവച്ചു. 'അടുത്ത അന്തർദേശീയ സമാധാന സമ്മേളനം നമുക്ക് കയ്റോയിൽ വച്ചു നടത്താം. അതിലേക്ക് നമുക്ക് ഫ്രാൻസീസ് പാപ്പായെ ക്ഷണിക്കുകയും ചെയ്യാം.' ഈ ആശയം ഇമാം ഹൃദയത്തിൽ സൂക്ഷിച്ചു. പാപ്പാ നിഷ്കപടമായ സാഹോദര്യത്തോടെ അഹ്മദ് അൽ തയിബിനെ സ്വീകരിച്ചു. സമാധാന സമ്മേളനത്തിന് വരാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.
സമാധാന സമ്മേളനം നടന്നത് 2017 ഏപ്രിൽ 27-28 തീയതികളിലാണ്. സമ്മേളനത്തിന്റെ രണ്ടാം ദിവസം മാർപ്പാപ്പയും ഇമാമും സംസാരിച്ചു. അതിന് മുമ്പ് ഇരുവരും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ലോകം മുഴുവൻ വൈറലായി. മത സംഘർഷങ്ങൾ ഈ കാലത്ത് ആ ചിത്രം പ്രത്യാശയുടെ പ്രതീകമായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..
ആറു മാസങ്ങൾക്ക് ശേഷം 2017 നവംബർ 6-ന് ഒരു കോൺഫറൻസിൽ സംബന്ധിക്കാൻ ഇമാം റോമിലെത്തി. അതറിഞ്ഞ പാപ്പാ അദ്ദേഹത്തെ സാന്താ മാർത്തായിലേക്ക് ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണത്തിന് മുമ്പ് പാപ്പാ ഇമാമിനോട് അദ്ദേഹത്തിന്റെ പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടു. *ഇമാമിന്റെ പ്രാർത്ഥനയിൽ പാപ്പാ കണ്ണടച്ച് മനസ്സർപ്പിച്ച് പങ്കു ചേർന്നു*. ഭക്ഷണത്തിനിടയിൽ മാർപാപ്പാ ഒരു അപ്പമെടുത്തു, അത് രണ്ടായി പകുത്തു. എന്നിട്ട് ആദ്യത്തെ പാതി ഇമാമിന് വച്ചുനീട്ടി; മറ്റേ പാതി തനിക്കും. അങ്ങനെ *ഈജിപ്തിലെ ഗ്രാൻഡ് ഇമാമും റോമിലെ മാർപാപ്പയും ഒരേ അപ്പത്തിൽ നിന്ന് ഭക്ഷിച്ചു*. അത് സാഹോദര്യത്തിന്റെയും, സമഭാവനയുടെയും, സഹവർത്തിത്വത്തിന്റെയും അടയാളമായിരുന്നു. സാഹോദര്യത്തിന്റെ ആ ഭക്ഷണമേശയിൽ വച്ചാണ് മാനവ സാഹോദര്യത്തെക്കുറിച്ച് ഇരുവരും ചേർന്ന് ഒരു സംയുക്ത പ്രഖ്യാപനം തയ്യാറാക്കണന്ന തീരുമാനം ഉണ്ടായത്.
സംയുക്ത പ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കപ്പെട്ട രീതി കൗതുകകരമാണ്. ആദ്യ കരട് തയ്യാറാക്കിയത് ഇമാമാണ്; എന്നിട്ടത് മാർപ്പാപ്പാക്ക് കൈമാറാൻ പറഞ്ഞു. എന്നാൽ, താനാണ് അത് തയ്യാറാക്കിയതെന്ന് പാപ്പാ അറിയരുതെന്ന് ഇമാം നിർബ്ബന്ധം പിടിച്ചു. കാരണം, തിരുത്താനും കുട്ടിച്ചേർക്കാനുമുള്ള സ്വാതന്ത്ര്യം പാപ്പാക്ക് നഷ്ടപ്പെടരുതല്ലോ. കിട്ടിയ രേഖ പാപ്പാ തിരുത്തി, കൂട്ടിച്ചേർത്തു, നവീകരിച്ചു. എന്നിട്ട്, ഇമാമിന് കൈമാറി. പാപ്പായുടെ സംഭാവനകൾ ഇമാമിന് ഏറെ ഇഷ്ടപ്പെട്ടു. അതിന്റെ വെളിച്ചത്തിൽ ഇമാം അടുത്ത കരട് തയ്യാറാക്കി. അതിനുശേഷം അത് മാർപാപ്പയ്ക്ക് കൈമാറി. അന്തിമ രൂപത്തിൽ എത്തുന്നതുവരെ കരടുരേഖ ഇങ്ങനെ പല പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും കൈമാറപ്പെട്ടു.
ഇതിന്നിടയിൽ പഴയ ഒരാശയത്തിന് ജീവൻ വച്ചു: 'ഫ്രാൻസീസ് പാപ്പാ ഗൾഫ് സന്ദർശിക്കണം! 2018 ഒക്ടോബറിൽ ഇമാമിന് ബൊളോഞ്ഞയിൽ വരേണ്ടിയിരുന്നു. ഈ അവസരത്തിൽ പാപ്പായും ഇമാമും നാലാം പ്രാവശ്യം കണ്ടുമുട്ടി. അതോടെ, ഫ്രാൻസീസ് പാപ്പായുടെ ഗൾഫ് സന്ദർശനത്തിന്റ തീയ്യതി തീരുമാനിക്കപ്പെട്ടു - 2019 ഫെബ്രുവരി 3 മുതൽ 5 വരെ.
അങ്ങനെയാണ്, കത്തോലിക്കാ സഭയുടെ ആത്മീയപിതാവ് ഗൾഫ് എന്ന ഇസ്ലാം ലോകത്തിന്റെ ഹൃദയകവാടത്തിലേക്ക് നടന്നു കയറിയത്. ഹൃദയസ്പർശിയായ വരവേൽപ്പാണ് മുസ്ലിം ലോകം ഫ്രാൻസീസ് പാപ്പാക്ക് നൽകിയത്. അങ്ങനെ, 2019 ഫെബ്രുവരി 4-ന് മാനവസാഹോദര്യത്തിനുള്ള 'അബുദാബി പ്രഖ്യാപനം' ഗ്രാൻഡ് ഇമാമും മാർപാപ്പയും സംയുക്തമായി അബു ദാബിയിൽ ഒപ്പുവച്ചു: 'സഹവർത്തിത്വത്തിനും ലോകസമാധാനത്തിനും വേണ്ടി മാനവ സാഹോദര്യത്തെക്കുറിച്ചുള്ള ധസംയുക്തപ പ്രസ്താവന'.
ഈ പ്രഖ്യാപനത്തിലൂടെ, ക്രൈസ്തവജനതയും മുസ്ലിം ജനതയും ഒപ്പുവച്ച് അംഗീകരിച്ച രണ്ട് സുപ്രധാന തത്വങ്ങളുണ്ട്. *ഒന്ന്, മത വൈവിധ്യവും ബഹുസ്വരതയും ദൈവനിശ്ചയത്താൽ ഉരുവായതാണ്. രണ്ട്, അങ്ങനെയെങ്കിൽ ഇത്തരം ലോകത്തിൽ സമാധാനത്തോടെ ജീവിക്കാനുള്ള മാർഗ്ഗം സംഭാഷണത്തിന്റെ സംസ്കാരവും, പരസ്പര ബഹുമാനത്തിന്റെ ശൈലിയും, പരസ്പര സഹകരണത്തിന്റെ പെരുമാറ്റച്ചട്ടവുമാണ്*. ഇത് രണ്ടും സമ്മതിച്ചു കഴിഞ്ഞാൽ, പിന്നെ മതവൈരത്തിന്റെ സ്ഥാനത്ത് മത സൗഹാർദ്ദവും, കലഹത്തിന്റെ സ്ഥാനത്ത് സംഭാഷണവും, വർഗീയതയുടെ സ്ഥാനത്ത് മാനവികതയും പുലരും. ചുരുക്കത്തിൽ, അബുദാബി പ്രഖ്യാപനം മതാന്തര ബന്ധത്തിന്റെ 'മാഗ്നാകാർട്ടാ' ആയി മാറി. ഈ പ്രഖ്യാപനത്തിന്റെ പ്രായോഗിക നടത്തിപ്പിനായി 'മാനവസാഹോദര്യത്തിനു വേണ്ടിയുള്ള ഒരു ഉന്നതസമിതിയെയും' നിയമിച്ചു.
2011-ൽ ക്രിസ്ത്യൻ- ഇസ്ലാം ബന്ധം വട്ടപ്പൂജ്യത്തിലേക്ക് തകർന്നടിഞ്ഞതായിരുന്നു. ആ പടുകുഴിയിൽ നിന്നാണ് പാപ്പായും ഇമാമും സമഭാവനയുടെയും പരസ്പരബഹുമാനത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും അബുദാബി പ്രഖ്യാപനത്തിലേക്ക് നടന്നു കയറിയത്.
കേരളത്തിലെ നാർക്കോട്ടിക് ജിഹാദ്
ഇന്ന് കേരളത്തിലെ ക്രിസ്ത്യൻ- ഇസ്ലാം ബന്ധം ആടിയുലയുന്ന സന്ദർഭമാണ്. അടുത്തടുത്ത ദിവസങ്ങളിൽ പാലായിൽ രണ്ട് പ്രകടനങ്ങൾ നടന്നു. പാലാ മെത്രാനെ എതിർത്തും അനുകൂലിച്ചും. എന്നാൽ രണ്ടിലും നിറഞ്ഞു നിന്ന വാശിയും മുദ്രാവാക്യങ്ങളുടെ മൂർച്ചയും ഒരേ പോലെയിരുന്നു. അപ്പോൾ ഒരുകാര്യം ഉറപ്പ്. ഈ രണ്ടു കൂട്ടരും ഒരേ സമയത്ത് ഒരേ സ്ഥലത്ത് കണ്ടുമുട്ടിയാൽ തമ്മിലടി ഉറപ്പ്. ഏറ്റവും സ്ഫോടനാത്മകമായ വസ്തുത ഈ രണ്ട് മതക്കാരും കേരളത്തിൽ അങ്ങോളമിങ്ങോളം ഇടകലർന്ന് ജീവിക്കുന്നുവെന്നതാണ്. അങ്ങനെയെങ്കിൽ, അബുദാബി പ്രഖ്യാപനത്തിന്റെ നാൾവഴിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കേരളത്തിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാറ്റത്തിന് തയ്യാറാക്കുകയാണ് ആവശ്യം. അങ്ങനെയെങ്കിൽ, ഈ മതാന്തര തർക്കം മതസംഘർഷത്തിലേക്ക് പോകാതെ കൈകാര്യം ചെയ്യാനുള്ള വഴിയെന്താണ്?
ഒരു മേശക്ക് ചുറ്റുമിരിക്കുക
പരസ്പര ബന്ധത്തിന്റെ തകർച്ചയുടെ കാലത്ത് ഒരു മേശക്ക് ചുറ്റുമിരിക്കാൻ മാർപാപ്പായും ഗ്രാൻഡ് ഇമാമും തയ്യാറായിടത്താണ് 'അബുദാബി പ്രഖ്യാപനത്തിനുള്ള' സാധ്യത ഉരുവായത്. ഇവിടെ നമ്മൾ ഓർക്കേണ്ടത്, കേരളം കണ്ട ഏറ്റവും വലിയ ആത്മീയാചാര്യനായ ശ്രീനാരായണഗുരുവിന്റെ അനുശാസനമാണ്. 1924 ൽ ഏഷ്യയിലെ ആദ്യത്തെ സർവമതസമ്മേളനം ആലുവ മണപ്പുറത്ത് വിളിച്ചുചേർത്തത് ഗുരുവായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു: 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' ഈ കൂടിച്ചേരൽ. അത്തരമൊരു കൂടിച്ചേരലാണ് പ്രശ്നപരിഹാരത്തിന് ആദ്യം നടക്കേണ്ടത്.
കത്തോലിക്കാ മെത്രാന്മാർ മുസ്ലിം മതനേതാക്കളുമായി ഒരുമിച്ചിരുന്നു സംസാരിക്കണം. നാരായണഗുരു പറഞ്ഞ മനോഭാവത്തോടെ, 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും.' ഇതിന് മുൻകൈ എടുക്കാൻ കെസിബിസി പ്രസിഡന്റിന് കഴിയണം. അല്ലെങ്കിൽ കെസിബിസിയുടെ ഡയലോഗിനുള്ള കമ്മീഷൻ അതിന് മുൻകൈ എടുക്കണം. ഈ ഉഭയകക്ഷി സംഭാഷണം തീരുമാനങ്ങളിലേക്കും കർമ്മപരിപാടികളിലേക്കും എത്തിച്ചേരണം.
വിദ്വേഷ പ്രചരണം അവസാനിപ്പിക്കുക
സംഭാഷണം വിജയിക്കണമെങ്കിൽ അതിനുള്ള സാമൂഹ്യാന്തരീക്ഷം ഉണ്ടാക്കിയെടുക്കണം. അതിന് ഒന്നാമതായി ചെയ്യേണ്ടത് ഇരു കൂട്ടരും നടത്തുന്ന വിദ്വേഷ പ്രചരണം ഉടനടി അവസാനിപ്പിക്കുകയാണ്. വിദ്വേഷ പ്രചരണം പ്രധാനമായും നടക്കുന്നത് സൈബർ ഇടങ്ങളിലാണ്. വളരെ സംഘടിതമായാണ് ഈ പ്രചരണം നടക്കുന്നതെന്ന് അതിന്റെ സ്വഭാവം ശ്രദ്ധിച്ചാൽ മനസ്സിലാകും. കത്തോലിക്കാ സഭയുടെ നേതാക്കളും മുസ്ലിം നേതാക്കളും അവരവരുടെ അനുയായികളോട് ഇത്തരം പ്രചാരണം ഉടനടി നിർത്താൻ ആജ്ഞാപിക്കണം. പ്രത്യേകിച്ച്, കത്തോലിക്കാ വൈദികരെയും അവർ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പുകളെയും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഉടനടി വിലക്കണം. എന്നിട്ട് അവർ ഉയർത്തുന്ന ആശങ്കകളെല്ലാം നേതാക്കളുടെ ഉഭയകക്ഷി സംഭാഷണത്തിന്റെ വിഷയമാകണം. എങ്കിലേ, ഫലവത്തായ പരിഹാരമുണ്ടാകുള്ളൂ.
പ്രായോഗിക നടത്തിപ്പിനായുള്ള ഉന്നതസമിതി
അബുദാബി പ്രഖ്യാപനത്തിന്റെ തുടർനടത്തിപ്പിനായി മാർപാപ്പയും ഗ്രാൻഡ് ഇമാമും ഒരു ഉന്നതസമിതിക്ക് രൂപം കൊടുത്തിരുന്നു: 'മാനവസാഹോദര്യത്തിനു വേണ്ടിയുള്ള ഉന്നതസമിതി'. അത്തരമൊരു ഉന്നാധികാര സമിതി കേരളത്തിലും ഉണ്ടാകണം. മതാന്തര ഡയലോഗിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാനും, ഭാവിയിൽ ഉയർന്നു വരുന്ന ഏത് പ്രശ്നത്തെയും ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ഉത്തരവാദിത്വവും ഈ സമിതിക്കായിരിക്കണം.
ഫ്രാൻസീസ് പാപ്പായുടെ ആഹ്വാനം
'അല്പം കുടി മെച്ചപ്പെട്ട സാഹോദര്യസമൂഹം നിർമ്മിക്കുന്നതിനായി നിങ്ങൾ ഇന്നത്തെ ബഹുസ്വര സമൂഹത്തിൽ പാലം പണിയുന്നവരും സംഭാഷണം പ്രോത്സാഹിപ്പിക്കുന്നവരുമാകണം!' ഫ്രാൻസീസ് പാപ്പാ ഹംഗറിയിലെ മെത്രാന്മാരോട്, സെപ്റ്റംബർ 12, 2021.