- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ്- ഇടത് കൂട്ടുകെട്ടിന് മാതൃകയായ സി. അച്യുതമേനോൻ സർക്കാരിന് 50 വയസ്; ലീഡർ കൈപിടിച്ചത് തൃശൂരിലെ തന്റെ പഴയ എതിരാളിയെ; കേരളം കണ്ട ഏറ്റവും മികച്ച സർക്കാരിന് അടിയന്തരാവസ്ഥകാലത്തെ പ്രവർത്തനങ്ങൾ തീരാക്കളങ്കമായി; സിപിഐ- കോൺഗ്രസ് സർക്കാരിന്റെ കഥ ഇങ്ങനെ
തിരുവനന്തപുരം: ഇന്ന് ദേശീയതലത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസും ഇടതുപക്ഷവും കൈകോർക്കുമ്പോൾ ആ ഐക്യത്തിന് വർഷങ്ങൾക്ക് മുമ്പെ പച്ചക്കൊടി നാട്ടിയ മാതൃക കേരളത്തിൽ നിന്നാണ്. വർഗശത്രുക്കൾ പൊതു ശത്രുവിനെതിരെ കൈകോർത്ത 1970 ലെ കോൺഗ്രസ്- സിപിഐ കൂട്ടുമന്ത്രിസഭയ്ക്ക് ഇന്ന് സുവർണജൂബിലി. 1964 ലെ കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനെ തുടർന്ന് സിപിഎം ശക്തമാകുകയും സിപിഐ ദുർബലമാകുകയും ചെയ്തതോടെയാണ് സിപിഎമ്മിനെതിരെ അധികാരത്തിലെത്താൻ സിപിഐ കോൺഗ്രസ് പിന്തുണ തേടിയത്. 1970 ലാണ് സി. അച്യുതമേനോൻ സർക്കാർ കോൺഗ്രസ് പിന്തുണയോടെ അധികാരത്തിലേറിയതെങ്കിലും കോൺഗ്രസ് ആ മന്ത്രിസഭയിൽ അംഗമായിരുന്നില്ല. പുറത്തുനിന്ന് പിന്തുണച്ചിരുന്ന കോൺഗ്രസ് 1971 സെപ്റ്റംബർ 25നാണ് ആ രാഷ്ട്രീയ തീരുമാനം തിരുത്തി സർക്കാരിൽ പങ്കാളിയായത്. 32 സീറ്റായിരുന്നു അന്ന് കോൺഗ്രസിനുണ്ടായിരുന്നത്.
കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ദേശീയ രാഷ്ട്രീയത്തിലും പല സംസ്ഥാനങ്ങളിലും പഴയ അയിത്തം ഉപേക്ഷിച്ച രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ 'കേരള മോഡൽ 50 വയസ്സ് ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിൽ ഇന്നും ഇരു കക്ഷികളും എതിർപക്ഷത്താണെന്നതും അന്ന് കോൺഗ്രസുമായി സഖ്യം കൂടിയ സിപിഐ ഇന്ന് എതിർപക്ഷത്തെ രണ്ടാം കക്ഷിയാണെന്നതുമാണ് പ്രത്യേകതകൾ. ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിങ് മേക്കർ' ആയി മാറിയ ലീഡർ കെ.കരുണാകരൻ ആദ്യമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാകുന്നതും അൻപതാണ്ട് മുൻപ് ഇതേ ദിവസമാണ്.
അടിയന്തരാവസ്ഥകാലം ആ സർക്കാരിന് നീണ്ട ഏഴ് വർഷത്തെ ആയുസ് നൽകിയപ്പോൾ കേരളം കണ്ട ഏറ്റവും മികച്ച സർക്കാരായി പേരെടുക്കാനും നക്സൽ വേട്ടകളുടെ മറവിൽ നടന്ന മനുഷ്യാവകാശധ്വംസനങ്ങളുടെ പേരിൽ എക്കാലവും മായാത്ത കരിനിഴൽപ്പാടുകൾ വീഴ്‌ത്താനും അവർക്കായി.
നിയമസഭാകക്ഷി നേതാവ് കെ.കരുണാകരൻ, കെ.ടി.ജോർജ്, ഡോ. കെ.ജി.അടിയോടി, വെള്ള ഈച്ചരൻ, വക്കം പുരുഷോത്തമൻ എന്നിവരാണ് അച്യുതമേനോൻ മന്ത്രിസഭയിൽ കോൺഗ്രസിന്റെ അംഗങ്ങളായത്. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി സിപിഐയിലെ എൻ.ഇ.ബാലറാം, പി.എസ്.ശ്രീനിവാസൻ, പി.കെ.രാഘവൻ എന്നിവർ രാജിവയ്ക്കുകയും പകരം അതികായരായ എം.എൻ.ഗോവിന്ദൻ നായരും ടി.വി.തോമസും മന്ത്രിസഭയിലേക്കു കടന്നു വരികയും ചെയ്തു.
1967 ൽ ഒമ്പത് എംഎൽഎമാരുമായി മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലുപോലെയായ കോൺഗ്രസിനെ മൂന്ന് വർഷത്തിന് ശേഷം 32 എംഎൽഎമാരുമായി നിർണായക ശക്തിയായി വളർത്തുന്നതിലും സിപിഐയുമായി ചേർന്ന് സിപിഎമ്മിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്തിയതും കെ. കരുണാകരന്റെ പ്രായോഗികബുദ്ധിയുടെ തെളിവായിരുന്നു. കെ. കരുണാകരൻ ലീഡറായി വളർന്നതും ആ കാലഘട്ടത്തിലാണ്. ഏഴു കൊല്ലം മുൻപ് ആർ.ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയുടെ തകർക്കാൻ പോരാടിയ സി.അച്യുതമേനോൻ സ്വന്തം മന്ത്രിസഭയിലേക്ക് കോൺഗ്രസിലെ അഞ്ചു മന്ത്രിമാരെ വരവേറ്റു. 1964 സെപ്റ്റംബർ എട്ടിന് ശങ്കർ മന്ത്രിസഭ പുറന്തള്ളപ്പെട്ടതിനെ തുടർന്ന് ഏഴു വർഷം ഭരണാധികാരത്തിന് പുറത്തായിരുന്ന കോൺഗ്രസ് അധികാരത്തിലേയ്ക്ക് തിരിച്ചെത്തിയതും ഈ ദിവസമാണ്. രാഷ്ട്രീയ ജീവിതത്തിലെ സിംഹഭാഗവും കമ്യൂണിസ്റ്റുകാരോടു പടവെട്ടുകയും ഒരേ തൃശൂരിൽ അച്യുത മേനോനെതിരെ നിരന്തരം പോരാടി വളരുകയും ചെയ്ത കെ.കരുണാകരനാകട്ടെ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരനായി അവരോധിക്കപ്പെടുകയും ചെയ്തു.
അഴിമതിയാരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇഎംഎസ് മന്ത്രിസഭയിൽ നിന്നു രാജിവച്ച എം.എൻ, ടി.വി എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയതോടെയാണ് ഒരു വർഷത്തിന് ശേഷം കോൺഗ്രസുകാരുടെ കൂടെ അന്ന് അവരും സത്യപ്രതിജ്ഞ ചെയ്തത്. അവർക്കെതിരെ അന്ന് അഴിമതി ആരോപണം ഉയർത്തിയതും കോടതിയിൽ പോയതും കോൺഗ്രസായിരുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ആർഎസ്‌പി, പിഎസ്‌പി പാർട്ടികളിൽ നിന്നായി മുഖ്യമന്ത്രിയടക്കം 13 മന്ത്രിമാർ.
അതിപ്രഗല്ഭരുടെ നിരയായിരുന്നു അച്യുതമേനോൻ മന്ത്രിസഭ. ഈ ഏഴു പേരെ കൂടാതെ ബേബി ജോൺ, ടി.കെ.ദിവാകരൻ, സി.എച്ച്.മുഹമ്മദ് കോയ, അവുക്കാദർ കുട്ടി നഹ തുടങ്ങിയവരും 1975 നു ശേഷം കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള എന്നിവരും മന്ത്രിസഭയ്ക്കു ഗാംഭീര്യം പകർന്നു. വികസന രംഗത്ത് കേരളത്തിന്റെ അഭിമാനമുയർത്തിയ നിരവധി സ്ഥാപനങ്ങൾ യഥാർഥ്യമായതും ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തിൽ വന്നതും ഈ മന്ത്രിസഭയുടെ കാലത്താണ്.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ലെ തിരഞ്ഞെടുപ്പിൽ രാജ്യത്താകെ കോൺഗ്രസിനു തിരിച്ചടിയേറ്റപ്പോഴും വൻഭൂരിപക്ഷത്തോടെ ഐക്യമുന്നണി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ്- സിപിഐ കൂട്ടുകെട്ടിന്റെ തിളക്കം കൂട്ടി. ലോകസഭയിൽ 20 ൽ 20 സീറ്റും നിയമസഭയിൽ 111 സീറ്റും നേടിയ ഭരണകക്ഷിയുടെ ആ പ്രകടനം ഇന്നും കേരളരാഷ്ട്രീയത്തിൽ ഒരു റെക്കോർഡാണ്. '57ലും ഇഎംഎസ്, 67ലും ഇഎംഎസ്, 77 ലും ഇഎംഎസ്'എന്ന സിപിഎം മുദ്രവാക്യത്തിന് മറുപടി നൽകിയത് ഈ ചരിത്രവിജയത്തോടെയായിരുന്നു. 1977 ൽ സിപിഐയ്ക്ക് പകരം നേതൃത്വം കോൺഗ്രസ് ഏറ്റെടുത്തെങ്കിലും കേരള ചരിത്രത്തിലെ ആദ്യത്തെ തുടർഭരണമായും ആ തെരഞ്ഞെടുപ്പ് കണക്കാക്കപ്പെടുന്നു.