തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിൽ തന്നെ ഉൾപ്പെടുത്തണമെന്ന് ഭരണ പരിഷ്‌കരണ കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിൽ വി എസ് അച്യുതാനന്ദൻ ആവശ്യമുന്നയിച്ചു. സംസ്ഥാന ഘടകത്തിന് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കാതെ വി എസ് അച്യുതാനന്ദൻ മടങ്ങി. വിഎസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താമെന്ന് യെച്ചൂരി അറിയിച്ചതായും സൂചനയുണ്ട്

അതിനിടെ വിഎസിന്റെ ഘടകം തീരുമാനിക്കുന്നതിൽ കേന്ദ്രനേതൃത്വത്തിൽ ഭിന്നത ഉടലെടുത്തു. വിഎസിനെതിരായ പിബി കമ്മിഷൻ റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കാനിരിക്കെയാണ് പുതിയ തർക്കം ഉണ്ടാകുന്നത്. വിഎസിനെതിരെ നടപടി വേണ്ടെന്ന സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവരുടെ നിലപാട് ഒരുഭാഗത്ത്. അച്ചടക്കലംഘനം കണ്ടെത്തിയ സാഹചര്യത്തിൽ ചെറുതെങ്കിലും നടപടി വേണമെന്ന പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവരുടെ നിലപാട് മറുഭാഗത്ത്.

സമവായത്തിലൂടെ പിബി കമ്മിഷന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണു നേതൃത്വത്തിന്റെ ലക്ഷ്യം. കേരളത്തിൽനിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങളുടെ നിലപാടായിരിക്കും ഇക്കാര്യത്തിൽ നിർണായകമാവുക. സ്വന്തമായി ഘടകമില്ലാത്ത വിഎസിനു സംസ്ഥാന സമിതിയിലെങ്കിലും അംഗത്വം നൽകാനുള്ള ധാരണയും കേന്ദ്രകമ്മിറ്റിയിലുണ്ടാകും. തൊട്ടടുത്ത ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഇതുസംബന്ധിച്ച അന്തിമതീരുമാനം. അതിനിടെയാണ് സെക്രട്ടറിയേറ്റ് പദവിയെന്ന ആവശ്യവുമായി വി എസ് എത്തുന്നത്. ഇത് കേന്ദ്ര നേതൃത്വത്തേയും വെട്ടിലാക്കി.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിർണ്ണായകം. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ വിഷയത്തിൽ പരസ്യ നിലപാട് എടുക്കുന്നതുമില്ല. പാർട്ടി അച്ചടക്കം ലംഘിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. ഇപ്പോൾ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുകയാണ് വി എസ്. അതുകൊണ്ട് തന്നെ മുതിർന്ന സഖാവിന് അർഹതയും അംഗീകരാവും നൽകണമെന്നാണ് യെച്ചൂരിയുടെ നിലപാട്. പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിച്ചതിൽ വിഎസിന്റെ സംഭാവന വലുതാണെന്നും യെച്ചൂരി വാദിക്കുന്നു. ഈ ആശയത്തിന് പാർട്ടിയിൽ മുൻതൂക്കം കിട്ടിയിട്ടുണ്ട്.

ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും ഉൾപ്പെട്ട ബന്ധുനിയമനവിവാദം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യില്ലെന്നാണു സൂചന. മറിച്ച് ആരോപണത്തെക്കുറിച്ചു പാർട്ടി അന്വേഷണം നടത്തിയേക്കും. എം.എം.മണിയുടെ കാര്യത്തിലും ചർച്ചയുണ്ടാവുമെന്നു കരുതുന്നില്ല.