ഭാര്യയോ കാമുകിയോ ജോലി ചെയ്ത് ജീവിക്കുന്നതും സമൂഹത്തിൽ മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുന്നതും ഇഷ്ടപ്പെടാത്ത യാഥാസ്ഥിത കാഴ്ചപ്പാടുള്ള പുരുഷന്മാരുണ്ട്. അത്തരമൊരാളെയാണ് കൻവാൽ ഖയൂം എന്ന 29-കാരി പ്രണയിച്ചത്. എയർഹോസ്റ്റസ്സാവുക എന്ന ആഗ്രഹവുമായി ജീവിച്ച കൻവാലിനെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ കാമുകൻ അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു.

ഉറങ്ങിക്കിടക്കുമ്പോൾ കൽവാലിന്റെ മുഖത്ത് സൾഫ്യൂരിക് ആസിഡ് ഒഴിക്കുകയായിരുന്നു. മൂക്ക് പൂർണമായും നഷ്ടപ്പെട്ട കൻവാലിന്റെ മുഖം നേരെയാക്കാനുള്ള ശ്രമത്തിലായിരുന്നു കഴിഞ്ഞ ഒരു ദശാബ്ദമായി ഡോക്ടർമാർ. ഒട്ടേറെ ശസ്ത്രക്രിയകളിലൂടെയാണ് മുഖം ഇപ്പോഴത്തെ നിലയിലെങ്കിലുമായത്. തുടയിൽനിന്നെടുത്ത കോശങ്ങൾ ഉപയോഗിച്ചാണ് മൂക്ക് പുനർനിർമ്മിച്ചത്.

പത്തുവർഷം മുമ്പാണ് കൻവാൽ അതിക്രൂരമായ ആക്രമണത്തിനിരയായത്. വളരെ ചെലവേറിയ ചികിത്സയായിരുന്നു കൻവാലിന് പിന്നീട് നടത്തേണ്ടിവന്നത്. രണ്ട് പുരികങ്ങളും കൺപീലികളും പുനർനിർമ്മിക്കുന്നതിനായി അസീം ഷാമലാക്ക് എന്ന ഡോക്ടർ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽനിന്ന് കറാച്ചിയിലെത്തേണ്ടിവന്നു. തലയോട്ടിയുടെ പിന്നിൽനിന്നെടുത്ത തലമുടിയിൽനിന്നാണ് പുരികവും കൺപീലികളും നിർമ്മിച്ചത്.

പുരികവും കൺപീലികളും പുനർനിർമ്മിക്കാനറിയുന്ന ലോകത്തെ അപൂർവം സർജന്മാരിലൊരാളാണ് ഡോ. ഷാമലാക്ക്. മാഞ്ചസ്റ്ററിൽ അദ്ദേഹത്തിന്റെ ക്ലിനിക്കിലെത്തുന്നത് ഹോളിവുഡ് താരങ്ങളടക്കമുള്ള സെലിബ്രിറ്റികളാണ്. ഇപ്പോൾ വിവാഹിതയായ കൻവാൽ, മൂക്കിന് പുതിയ ശസ്ത്രക്രിയ നടത്താനൊരുങ്ങുകയാണ്. ഇതുകൂടി പൂർത്തിയായാൽ തന്റെ മനോഹരമായ മുഖം തിരിച്ചുകുട്ടുമെന്ന പ്രതീക്ഷയിലാണ് കൻവാൽ.