ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. യുവതി അറസ്റ്റിലായി. അടിമാലി സ്വദേശിനി ഷീബയാണ്(35) പിടിയിലായത്. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിനെയാണ് ആക്രമിച്ചത്. യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആക്രമണത്തിനിടെ യുവതിയുടെ ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റു. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ഷീബ. ചൊവ്വാഴ്ചയാണ് സംഭവം.

പിന്തിരിഞ്ഞു നിൽക്കുന്ന യുവാവിന്റ അടുത്തെത്തി ഷീബ മുഖത്തേക്ക് തന്നെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് കാര്യങ്ങൾ നിരീക്ഷിച്ച ശേഷം ഷീബ സാവധാനം നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഇയാളെ അടിമാലിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർ ചികിത്സയ്ക്കായി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഷീബയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ആസിഡ് കയ്യിൽ വീണ് ഇവർക്കും പരിക്കേറ്റിട്ടുണ്ട്. റബർ ഉറയൊഴിക്കുമ്പോൾ ഉപയോഗിക്കുന്ന ആസിഡാണ് യുവാവിന്റെ മുഖത്ത് ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഷീബ വിവാഹിതയാണെന്ന വിവരം അറിഞ്ഞതോടെ അരുൺ വിവാഹത്തിൽ നിന്ന് പിന്മാറി. പിന്നീട് രണ്ടുലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ഷീബ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതേ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അടിമാലിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.