ഒഡീഷ: 15വയസ്സിലായിരുന്നു പ്രമോദിനി റൗളിന്റെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പ്രമോദിനിയെ 28 വയസ്സുകാരനായ അർധസൈനികൻ വിവാഹ അഭ്യർത്ഥന നടത്തി. എന്നാൽ തനിക്ക് വിവാഹത്തിനുള്ള താൽപര്യമില്ലെന്ന് അറിയിച്ച നിമിഷമാണ് പ്രമോദിനിയുടെ ജീവിതം ആകെ മാറി മറിഞ്ഞത്. 28 വയസ്സുകാരന്റെ കയ്യിലുള്ള വീര്യമേറിയ ആസിഡ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് ഒഴുകിയപ്പോൾ ജീവിതം അവസാനിച്ചു എന്നാണ് അവൾ കരുതിയത്.

നാളുകൾ നീണ്ട ചികിൽസയിലൂടെയായിരുന്നു പ്രമോദിനിക്ക് ജീവൻ തന്നെ തിരിച്ച് കിട്ടിയത്. തന്റെ മുഖം ഒന്ന് നോക്കാൻ പോലും സാധിക്കാതെ അന്ധയായി തീർന്നിരുന്നു ആ പെൺകുട്ടി. രണ്ട് കണ്ണും ന്ഷടപ്പെട്ട് മുഖത്തെയും തലയിലിലേയും രോമങ്ങളില്ലാതെ ഉരുകിയൊലിച്ച ചർമ്മവുമായി ആശുപത്രിയും മുറിയുമായി ജീവിച്ച വർഷങ്ങൾ.

ഒടുവിൽ ആകെയുണ്ടായിരുന്ന അമ്മയേയും നഷ്ടപ്പെട്ട് ജീവിതം ഇല്ലെന്ന് ചിന്തിക്കുമ്പോഴായിരുന്നു സരോജ് കുമാർ സാഹൂ എന്ന യുവാവ് പ്രമോദിനിയുടെ ജീവിതത്തിലേക്ക് വരുന്നത്.

ആസിഡ് ആക്രമണത്തിന്റെ ഭാഗമായി നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് പ്രമോദിനിക്ക് ഉണ്ടായത്. അത്തരത്തിൽ കാലിന് പറ്റിയ പരിക്ക് വ്രണമായി നടക്കാൻ പോലും ആവാതെ ആശുപത്രിക്കിടക്കയിലായപ്പോഴാണ് സരോജ് കുമാർ പ്രമോദിനിയെക്കാണുന്നത്.

സുഹൃത്തായ നേഴ്‌സിനെ കാണാൻ എത്തിയ സരോജ് പ്രമോദിനിയുടെ അമ്മയുടെ കരച്ചിൽ കണ്ടാണ് അടുത്ത് വരുന്നത്. തന്റെ മകളുടെ കഷ്ടതകൾ പറഞ്ഞ് കരഞ്ഞ അമ്മയെ സരോജ് ആശ്വസിപ്പിക്കുകയും പ്രമോദിനിയെ കാണുകയും ചെയ്തു.

പിന്നീടുള്ള ദിവസങ്ങളിൽ സരോജ് ആശുപത്രിയിൽ സ്ഥിര സന്ദർശകനായി. എന്നാൽ പ്രമോദിനിക്ക് സരോജിനെ നേരിടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടിയുമായി സരോജ് സംസാരിക്കുന്നത്. പിന്നീട് സരോജ് സംസാരിക്കുന്നതും വരുന്നതും പ്രമോദിനിക്ക് വലിയ ആശ്വാസമായിരുന്നു. പിന്നീട് കൂടുതൽ സമയം പ്രമോദിനിയുമായി സരോജ് സംസാരിക്കാൻ തുടങ്ങി. കാഴ്ചയില്ലായ്മ പ്രമോദിനി സരോജിന്റെ സാന്നിധ്യത്തിൽ മറന്നു. തന്റെ കാലിന്റെ പ്രശനവും കുറയാൻ തുടങ്ങി

പെൺകുട്ടിയുടെ മാനസിക സന്തോഷം ശരീരത്തിലും കാണിക്കാൻ തുടങ്ങിയതോടെ പ്രമോദിനി ജീവിതത്തിലേക്ക് പതിയെ തിരിച്ച് വന്നു കൊണ്ടിരുന്നു. രാവിലെ 8 മണിക്ക് എത്തുന്ന സരോജ് ഉച്ചക്ക് പന്ത്രണ്ട് മണി വരേയും വൈകിട്ട് നാല് മുതൽ എട്ടു മണിവരേയും പ്രമോദിനിക്കു കൂട്ടായി ആശുപത്രിയിൽ കൂടെ നിന്നു. . 2016 ജനുവരി 16ന് സരോജ് തന്റെ പ്രണയം പ്രമോദിനിയെ അറിയിച്ചു. അവൾ ആ വാക്കുകൾ കേൾക്കാൻ ആഗ്രഹിച്ചിരുന്നു.

പിന്നീട് പ്രമോദിനി സരോജിന്റെ റാണിയായി മാറി. തുടർന്ന് പ്രമോദിനിക്ക് കാഴ്ച ലഭിക്കാനായി ഒരു കണ്ണ് ഓപ്‌റേഷൻ ചെയ്തു കാഴ്ച ലഭിച്ചു. അന്നാണ് റാണിയായി മാറിയ പ്രമോദിനി ആസിഡ് ആക്രമണത്തിന് ശേഷം തന്റെ രൂപം കാണുന്നത്. കണ്ണാടിയിൽ നോക്കിയ റാണി അന്ന് ഒരു പാട് കരഞ്ഞു. അന്നാണ് റാണി സരോജിന്റെ പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞത്. ഈ സമയത്ത് റാണിക്ക് കൂട്ടായി ഇരിക്കാനായി സരോജ് തന്റെ ജോലി ഉപേക്ഷിച്ചിരുന്നു.

പിന്നീട് വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടർന്ന റാണിക്ക് വളരെ ചിലവേറിയ നാല് ഓപറേഷൻ കൂടെ നടത്താൻ തീരുമാനിച്ചു. റാണിയുടെ ചികിൽസക്കായി അമ്മ തന്റെ കയ്യിലുള്ള സമ്പാദ്യം മുഴുവൻ ച്‌ലവഴിച്ചിരുന്നു. അതിനുള്ള തുക സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും

 

ഇന്ന് റാണി സന്തോഷവതിയാണ് സരോജുമൊത്തുള്ള ജീവിതം റാണി സ്വപ്‌നം കാണുമ്പോഴും തന്നെ ആക്രമിച്ചയാളെ ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്യുകയോ ജയിലിലാക്കുകയോ ചെയ്തിട്ടില്ല. ഇതിൽ റാണിക്ക് വളരെ അധികം ദുഃഖമുണ്ട്. ഇന്ന റാണി ആസിഡ് ആക്രമണത്തിൽ പരിക്കേറ്റവരുടെ ഉന്നമനത്തിനായി പ്രവ്രർത്തിക്കുകയാണ്. കൂടെത്തന്നെയുണ്ട് റാണിയുടെ രാജകുമാരനായ സരോജും.