കൊല്ലം: റാവിസ് അഷ്ടമുടി റിസോർട്ടിൽ നടന്ന സൈബർ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെ അവതാരകയായ കോളേജ് വിദ്യാർത്ഥിനിക്കു നേരെ പൊലീസ് അസി. കമാൻഡന്റിന്റെ പീഡനം. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ പി സദാശിവവും സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അന്താരാഷ്ട്ര പ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്ത 'കൊക്കൂൺ 2016' എന്ന ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി കോൺഫറൻസി നിടെയാണ് സംഭവം ഉണ്ടായത്. 

19, 20 തീയതികളിൽ നടന്ന സമ്മേളനത്തിന്റെ രണ്ടാംദിനമായിരുന്നു സംഭവം. സമ്മേളനം നടന്നുകൊണ്ടിരിക്കെ വേദിക്കു സമീപത്തെ ഇടനാഴിയിൽ വച്ച് അവതാരകയായ പെൺകുട്ടിയെ ഉദ്യോഗസ്ഥൻ കടന്നുപിടിക്കുകയായിരുന്നു. ഇയാളിൽ നിന്ന് രക്ഷപ്പെട്ട് കുതറിയോടിയ പെൺകുട്ടി സമ്മേളന ഹാളിലെത്തി പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ പി പ്രകാശിനെ സമീപിച്ച് വിവരം പറഞ്ഞു. ഇദ്ദേഹം വിവരം സമ്മേളനത്തിൽ പങ്കെടുത്തിരുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ധരിപ്പിച്ചതോടെ ഉദ്യോഗസ്ഥനെ സമ്മേളന സ്ഥലത്തുനിന്ന് പറഞ്ഞുവിട്ടു. ഇതിനിടെ സംഭവം വേദിയിൽ മിക്കവരും അറിയുകയും ചെയ്തു. സമ്മേളന വേദിയിലെത്തിയ വിദേശ പ്രതിനിധികളുൾപ്പെടെ ഇത്തരത്തിൽ ഒരു അതിക്രമം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതറിഞ്ഞ് ഞെട്ടിപ്പോയി.

മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെ വേദിയിൽ സാംസ്‌കാരിക പരിപാടികൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പാർട്ടുകൾ. പരിപാടികളുടെ ചുമതലയില്ലാതിരുന്ന അസിസ്റ്റന്റ് കമാൻഡന്റ് ഈ പരിസരത്ത് ഉണ്ടാകേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും ഇയാൾ മനപ്പൂർവം ഇവിടെ ചുറ്റിപ്പറ്റി നിൽക്കുകയും പെൺകുട്ടിയെ കയറിപ്പിടിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. വിവരമറിഞ്ഞയുടൻ ഇയാളെയും സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനേയും പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് പുറത്താക്കി.

തുടർന്ന് പെൺകുട്ടിയുടെ പരാതി ലഭിക്കും മുമ്പുതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ട് നൽകാനും ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമിനെ ഡിജിപി ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് പെൺകുട്ടി പ്രത്യേകം പരാതി നൽകിയിട്ടില്ലെന്നാണ് സൂചനകൾ. സ്ത്രീകളുടെ പരാതികൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച സ്ത്രീസുരക്ഷാ പദ്ധതിയുടെ കൂടി ചുമതലയുള്ള ഉദ്യോഗസ്ഥനിൽനിന്നാണ് പെൺകുട്ടിക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാരും ഉന്നത ഉദ്യോഗസ്ഥരും കാണുന്നത്.

സൈബർ രംഗത്തെ പ്രവർത്തനങ്ങൾ സംരക്ഷിക്കുക എന്നത് ഒരു അതിബൃഹത്തായ വെല്ലുവിളിയായി കേരള പൊലീസ് ഏറ്റെടുക്കുകയും ഈ മേഖലയിൽ സത്വര ശ്രദ്ധ ലഭിക്കുന്നതിനും ഉടൻ പ്രതികരിക്കുന്നതിനും വേണ്ടിയാണ് കേരള പൊലീസ് 'കൊക്കൂൺ' എന്ന പേരിൽ സൈബർ സെക്യൂരിറ്റി ആൻഡ് പൊലീസിങ് കോൺഫറൻസ് നടത്തിയത്. പൊതുസാമൂഹ്യ പങ്കാളിത്തത്തോടെയും അന്തർദ്ദേശീയ സഹകരണത്തോടെയും സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തിലായിരുന്നു സമ്മേളനം. ഇതിനിടയിലാണ് പെൺകുട്ടിക്കെതിരെ പീഡനശ്രമം ഉണ്ടായത്.

വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ പങ്കെടുത്ത സമ്മേളനത്തിൽ വേദിക്കരികെ വച്ചുണ്ടായ പീഡനശ്രമം സംസ്ഥാനത്തിനുതന്നെ നാണക്കേടായ സാഹചര്യത്തിൽ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെ പ്രശംസിച്ച സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദേശം വായിക്കുന്ന വേളയിലാണ് വേദിക്കുപിന്നിൽ അവതാരക അപമാനിക്കപ്പെട്ടത്.

സ്ത്രീകളടക്കമുള്ളവരുടെ പരാതികൾ കൈകാര്യം ചെയ്യുന്ന സൈബർ സെൽ ഉദ്യോഗസ്ഥനാണ് ആരോപണവിധേയൻ എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. സംഭവം സത്യമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ എസിപിക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് സൂചനകൾ. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട ഇന്ന് മനോജ് എബ്രഹാം സമർപ്പിച്ചേക്കും.