തിരുവനന്തപുരം: കൊല്ലത്ത് നടന്ന സൈബർ ക്രൈം രാജ്യാന്തര സെമിനാറിനിടെ അവതാരകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസി. കമീഷണർ വിനയകുമാറിനെതിരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും പരാതികൾ ഏറെ. ഹൈടക് സെല്ലിന്റെ ചുമതല ഉപയോഗിച്ച് നിരവധി തട്ടിപ്പുകൾക്ക് വിനയകുമാരൻ നായർ കുട പിടിച്ചുവെന്നാണ് ഇവരുടെ ആക്ഷേപം. ഫോൺ കോൾ വിവരങ്ങളും മറ്റും ചോർത്തി പൊലീസ് ഉദ്യോഗസ്ഥരെ പോലും ഇയാൾ ബ്ലാക് മെയിൽ ചെയ്തിരുന്നതായി സർവ്വീസിൽ നിന്ന് വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് വെളിപ്പെടുത്തി. കേരളാ പൊലീസിന്റെ പേരുപയോഗിച്ച് കൊക്കൂൺ സമ്മേളനം നടത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചത് വിനയകുമാരൻ നായരാണെന്നും പറയുന്നു.

സൈബർ ഡോം എന്ന പേരിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കേരള പൊലീസ് ആരംഭിച്ച സൈബർ റിസർച്ച് സെന്റർ മുഖേന സമകാലീന സൈബർ വെല്ലുവിളികളെ നേരിടുകയായിരുന്നു ലക്ഷ്യം. എന്നാൽ സ്വകാര്യകമ്പനികൾക്കായി വിവരം ചോർത്തുന്ന സംവിധാനമായി ഇത് മാറിയെന്നതാണ് യാഥാർത്ഥ്യം. ഹൈടക് സെല്ലിലൂടെ നടത്തിയിരുന്ന നിയമവിരുദ്ധ പ്രവർത്തനം ഇതിലേക്ക് മാറിയെന്നതാണ് വസ്തുത. ഹൈടക് സെല്ലിൽ പരാതിക്കാരായെത്തുന്ന നിരവധി പേരെ പൊലീസ് തന്നെ പീഡിപ്പിക്കുന്നതായും സൂചനകളുണ്ട്. എന്നാൽ പൊലീസിനെ പിണക്കിയാൽ ഉണ്ടാകുന്ന നൂലാമാലകൾ കണക്കിലെടുത്ത് ആരും ഒന്നും പുറത്തുപറയുന്നില്ല. ഇതിനിടെയാണ് വിനയകുമാരൻ നായർക്കെതിരെ കൊക്കൂൺ സമ്മേളനത്തിനെതിരെ പരാതിയെത്തുന്നത്. ഈ സാഹചര്യത്തിൽ വിനയകുമാരൻ നായരെ കുറിച്ചുള്ള പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ അറിയിച്ചിട്ടുണ്ട്. ഹൈടെക് സെല്ലിന്റെ പ്രവർത്തനം സുതാര്യമാക്കാൻ കൃത്യമായ ഇടപെടലുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തും.

അതിനിടെ പലമാദ്ധ്യമങ്ങൾക്കും പ്രിയങ്കരനായിരുന്നു വിനയകുമാരൻ നായർ. പ്രമുഖ പത്രങ്ങളൊന്നും വിനയകുമാരൻ നായർക്കെതിരായ ആരോപണവും നടപടിയും കരുതലോടെയാണ് വാർത്തയാക്കിയത്. എന്നാൽ വിനയകുമാരൻ നായരുടെ വിശദീകരണം പ്രാധാന്യത്തോടെ കൊടുക്കുകയും ചെയ്തു. തലസ്ഥാനത്തെ പ്രധാന മാദ്ധ്യമ പ്രവർത്തകന് ജോലി നഷ്ടമായതിന് പിന്നിലും വിനയകുമാരൻ നായരുടെ കരമായിരുന്നു. ഒരു വിഭാഗത്തിന് വേണ്ടി ഈ മാദ്ധ്യമപ്രവർത്തകന്റെ ഫോൺ റിക്കോർഡുകൾ തെറ്റായ വിധത്തിൽ ചോർത്തി നൽകി. ഇങ്ങനെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഹൈടക് സെൽ മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി എന്തും ചെയ്തും നൽകി. ഇതോടെ ഹൈടക് സെല്ലിനെതിരായ പരാതികളിൽ പലതും മുങ്ങുകയും ചെയ്തു. പ്രമുഖ മാദ്ധ്യമസ്ഥാപനത്തിലെ ഉന്നത ജീവനക്കാരന്റെ മകളും ജേർണലിസം വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെയാണ് വിനയകുമാരൻ നായർ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നിട്ടു പോലും മാദ്ധ്യമ പ്രവർത്തകർ വിനയകുമാരൻ നായരെ അനുകൂലിക്കുന്ന തരത്തിലാണ് നിലപാട് എടുത്തത്. തെറ്റ് ചെയ്തില്ലെന്ന വിനയകുമാരൻ നായരുടെ വിശദീകരണം പ്രാധാന്യത്തോടെ നൽകുകയും ചെയ്തു.

സമ്മേളനത്തിനിടെ അവതാരകയുടെ സീറ്റിനടുത്തു വന്നിരിക്കുകയും അപമര്യാദയായി പെരുമാറുകയും അനാവശ്യ കമന്റുകൾ നടത്തുകയും ചെയ്‌തെന്നാണ് പരാതി. ആവർത്തിച്ച് ആവശ്യപ്പെട്ടു മൊബൈൽനമ്പർ കൈക്കലാക്കുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തിൽ സഹികെട്ട വിദ്യാർത്ഥിനി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ പി. പ്രകാശിനോടു പരാതിപ്പെടുകയായിരുന്നു. പ്രകാശ് ഇടപെട്ടു വിനയകുമാരനെ അപ്പോൾ തന്നെ അവിടെനിന്നു പുറത്താക്കി. സമ്മേളനത്തിൽ പ്രദർശനവിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിനയകുമാരൻ അവതാരകയുടെ അടുത്തുപോകേണ്ട കാര്യമില്ലെന്നു പി. പ്രകാശ് ഡി.ജി.പിയെ ധരിപ്പിച്ചു. എന്നാൽ ഇത് തെറ്റാണെന്ന് വരുത്താനുള്ള നീക്കങ്ങൾ പൊലീസിൽ സജീവമാണ്. അതുകൊണ്ടാണ് ഇതുവരേയും പെൺകുട്ടി പരാതി നൽകാത്തത്. പരാതി നൽകില്ലെന്ന് മാദ്ധ്യമങ്ങളിലൂടെ വിനയകുമാരൻ നായർ വിശദീകരിക്കുകയും ചെയ്തു. ആരോപണ വിധേയരായ പൊലീസുകാരെ തുറന്നുകാട്ടി വാർത്ത എഴുതുന്ന മനോരമയും മാതൃഭൂമിയും അടക്കമുള്ള മാദ്ധ്യമങ്ങൾ വിനയകുമാരൻ നായരോട് മൃദുസമീപനമാണ് എടുക്കുന്നത്.

എന്നാൽ മാദ്ധ്യമങ്ങളിൽ വന്ന വിശദീകരണം തന്നെ വിനയകുമാരൻ നായർക്ക് എതിരാകുന്ന അവസ്ഥയാണുള്ളത്. ഞാൻ വർഷങ്ങളായി മാദ്ധ്യമങ്ങളോടു സഹകരിക്കുന്ന ആളാണ്. എന്റെ മകൾക്ക് 22 വയസായി. പരാതി നൽകിയെന്നു മാദ്ധ്യമങ്ങൾ പറയുന്ന ഈ പെൺകുട്ടിയും മറ്റൊരു കുട്ടിയും സമ്മേളനത്തിൽ രണ്ടുദിവസവും എന്നോടൊപ്പം ഉണ്ടായിരുന്നവരാണ്. മകൾക്കു നൽകുന്ന കരുതലാണ് ഈ ദിവസങ്ങളിൽ കുട്ടികൾക്കു നൽകിയത്. ആഹാരം കഴിക്കാനൊക്കെ എന്നോടൊപ്പമാണ് ആ പെൺകുട്ടി വന്നിരുന്നത്. അങ്ങനെയുള്ള കുട്ടി എനിക്കെതിരെ പരാതി പറയുമെന്നു പ്രതീക്ഷിക്കുന്നില്ല. കണ്ടുനിന്നവർക്കു തോന്നിയ വികാരമാകാം ആരോപണരൂപത്തിൽ വന്നതെന്നും ആരോപണ വിധേയൻ തന്നെ പറയുന്നു. സ്വയം ന്യായീകരിക്കാനുള്ള ശ്രമത്തിനിടെ സത്യത്തിന്റെ സൂചനകൾ ഈ വിശദീകരണത്തിൽ ഒളിഞ്ഞു കിടിക്കുന്നുണ്ട്. എന്റെ കയ്യിൽ അവതാരകരായ രണ്ടു പെൺകുട്ടികളുടെയും നമ്പർ ഉണ്ടായിരുന്നു. കാരണം എനിക്കു പ്രോഗ്രാമിന്റെ കാര്യങ്ങൾക്കായി വിളിക്കാൻ നമ്പർ വേണമായിരുന്നു. നമ്പർ ഞാൻ നിർബന്ധപൂർവം വാങ്ങിയെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. പരിപാടി നടക്കുന്നതിനു മുൻപ് അവതാരകയായ പെൺകുട്ടി കരയുന്നതു കണ്ടു. ചോദിച്ചപ്പോൾ അവതരണം തെറ്റിയതുകൊണ്ടു മാഡം വഴക്കുപറഞ്ഞു എന്നാണു പറഞ്ഞതെന്നും വിനയകുമാരൻ നായർ പറയുന്നു.

ഏതു മാഡമാണെന്നു കുട്ടി പറഞ്ഞില്ല. ഞാൻ സമാധാനിപ്പിച്ചു. അതിനുശേഷം, പരിപാടിയുടെ അവസാനം പറയേണ്ട ഭാഗങ്ങൾ എഴുതിത്ത്ത്ത്ത്തരുമോയെന്നു പെൺകുട്ടി ചോദിക്കുകയും ഞാൻ എഴുതിക്കൊടുക്കുകയും ചെയ്തു. ഞാൻ എഴുതിക്കൊടുത്ത ഭാഗമാണ് കുട്ടി സ്റ്റേജിൽ വായിച്ചത്. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞാൻ അവതാരകയായ പെൺകുട്ടിയെ വിളിച്ചിട്ടുണ്ട്. പെൺകുട്ടി എന്നെയും വിളിച്ചിട്ടുണ്ട്. തന്റെ കയ്യിലുണ്ടായിരുന്ന പ്രോഗ്രാം ചാർട്ട് കാണാതായെന്നും ഒരെണ്ണം സംഘടിപ്പിച്ചു തരണമെന്നും പറയാനാണു പെൺകുട്ടി വിളിച്ചത്. ഈ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്ന കൊല്ലം റൂറൽ എസ്‌പി അജിതാ ബീഗം വിശദീകരണം ചോദിച്ചിട്ടില്ല. മറ്റു മേലുദ്യോഗസ്ഥരും വിശദീകരണം ചോദിച്ചിട്ടില്ല. ഒരാളെ നശിപ്പിക്കാൻ ഇതിനപ്പുറം കഴിയില്ല. എന്റെ വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും മുന്നിൽ ഞാൻ അപമാനിതനായി. ഇനി എന്തു വാർത്ത പകരം വന്നിട്ടും കാര്യമില്ല. ആ കുട്ടിയോടു മോശമായി പെരുമാറിയിട്ടില്ല. ആ കുട്ടി എനിക്കെതിരെ പരാതി പറയുമെന്നു വിശ്വസിക്കുന്നുമില്ല വിനയകുമാരൻ നായർ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരുമുന്നണികളിലെ പ്രമുഖരുമായുള്ള അടുപ്പമാണ് ഇയാൾക്ക് ഇതുവരെ സ്ഥാനചലനം ഉണ്ടാകാതിരുന്നതിനു പിന്നിൽ. പൊലിസ് ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് മാത്രമായ വിനയകുമാരൻ നായരെ ഹൈടെക് സെല്ലിൽ നിന്നു മാറ്റാതെ തുടരാൻ അനുവദിക്കുന്നതിൽ ശക്തമായ പ്രതിഷേധം നേരത്തെ തന്നെ പൊലിസ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായിരുന്നു. പൊലിസ് ആസ്ഥാനത്തെ ഒരു സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥയായിരുന്നു വിനയകുമാരൻനായരുടെ ഭാര്യ. ഇപ്പോൾ എസ്എപി ക്യാമ്പിലാണ് ജോലി. അതുകൊണ്ട് തന്നെ സംഭവം ഒതുക്കിത്തീർക്കാനും ചില ഇടപെടലുകൾ അണിയറയിൽ നടക്കുന്നതായും സൂചനയുണ്ട്. ഇരുമുന്നണികളിലെ പ്രമുഖരുമായുള്ള അടുപ്പമാണ് ഇയാൾക്ക് ഇതുവരെ സ്ഥാനചലനം ഉണ്ടാകാതിരുന്നതിനു പിന്നിൽ. പൊലിസ് ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് മാത്രമായ വിനയകുമാരൻ നായരെ ഹൈടെക് സെല്ലിൽ നിന്നു മാറ്റാതെ തുടരാൻ അനുവദിക്കുന്നതിൽ ശക്തമായ പ്രതിഷേധം നേരത്തെ തന്നെ പൊലിസ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായിരുന്നു.

പരിമിതമായ അധികാരങ്ങൾ മാത്രമാണ് ഹൈടക് സെല്ലിനുള്ളത്. ആർക്കെതിരേയും കേസ് എടുക്കാൻ കഴിയില്ല. ഹൈടക് കുറ്റകൃത്യങ്ങൾ തടയുകയായിരുന്നു ലക്ഷ്യം. യുഎന്നിനൊപ്പം പ്രവർത്തിച്ച പരിചയത്തിന്റെ കരുത്തിലാണ് റിസർവ്വ് ക്യാമ്പിലെ ഉദ്യോഗസ്ഥനായ വിനയകുമാരൻ നായർ ഹൈട്ക് സെല്ലിലെത്തിയത്. അതിന് ശേഷം ശക്തനായി മാറി. മൊബൈൽ ഫോൺ വിവരങ്ങളെടുക്കലും ടവർ കണ്ടുപിടിക്കലുമെല്ലാം അനായാസം ചെയ്യാൻ കഴിയുന്ന സെല്ലിന്റെ തലവൻ പല രാഷ്ട്രീയക്കാരുമായി അടുത്ത സൗഹൃദത്തിലായി. ഇതിനിടെ വ്യവസായ പ്രമുഖർ പോലും വിനയകുമാരൻ നായരുടെ അടുപ്പക്കാരായി. റിയൽ എസ്റ്റേറ്റിലെ പ്രമുഖർക്കായി പലരുടേയും ഫോൺ വിവരങ്ങൾ എടുത്തു നൽകി. ആരുടേയും ഫോൺ വിശദാംശങ്ങൾ ശേഖരിക്കാനുള്ള അധികാരം ഹൈടെക് സെല്ലിന്റെ തലവനുണ്ട്. ഇതുപയോഗിച്ചായിരുന്നു നീക്കങ്ങൾ.