- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യയെ ഏറ്റെടുക്കാൻ കാണിച്ച ധൈര്യം ടാറ്റയെ പ്രിയങ്കരമാക്കി; ഓഹരികളിലേക്ക് വൻതോതിൽ നിക്ഷേപകരെ ആകർഷിച്ചത് ആ പോസിറ്റീവ് വാർത്ത; ഒന്നര വർഷം മുൻപ് 99 രൂപയിലേക്ക് താഴ്ന്ന ഓഹരി വില കുതിച്ചു കയറി; കഴിഞ്ഞ ദിവസം എത്തിയത് 530 രൂപയിൽ; ടാറ്റ തെളിക്കുന്ന തേരിലേറി വിപണി സൂചികകൾ കുതിക്കുന്നു
മുംബൈ: ഓഹരി വിപണിക്ക് ഒന്നാകെ ഉണർവ് പകർന്ന് ടാറ്റയുടെ മുന്നേറ്റം. എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള ടാറ്റ കുടുംബത്തിന്റെ ധീരമായ തീരുമാനമാണ് ടാറ്റ ഓഹരികളിലേക്ക് വൻതോതിൽ നിക്ഷേപകരെ ആകർഷിച്ചത്. ആ പോസിറ്റീവ് വാർത്ത നൽകിയ ഊർജ്ജത്തിൽ മുന്നോട്ട് അതിവേഗം കുതിക്കുകയാണ് ടാറ്റ തെളിക്കുന്ന തേരിലേറി വിപണി സൂചികകൾ
ടാറ്റ മോട്ടോഴ്‌സിന്റെ കുതിപ്പ് ഓട്ടോമൊബൈൽ സെക്ടറിനെയാകെ നേട്ടത്തിലെത്തിച്ചു. പുതിയ വൈദ്യുത വാഹന നിർമ്മാണസംരംഭം പ്രഖ്യാപിച്ചതോടെ ഓഹരിവിപണിയിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ് ടാറ്റമോട്ടോഴ്‌സ്. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 15 ശതമാനം നേട്ടമാണ് ടാറ്റ മോട്ടോഴ്‌സ് ഓഹരികളിലുണ്ടായത്.
വ്യാപാരത്തിനിടെ കഴിഞ്ഞ ദിവസം 530 രൂപ വരെ എത്തിയ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയുടെ വില 2020 മാർച്ചിൽ 99 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. 11 വർഷങ്ങൾക്കു ശേഷമാണ് അന്ന് ടാറ്റ മോട്ടോഴ്‌സ് ഓഹരിയുടെ മൂല്യം 100 രൂപയ്ക്കു താഴെ പോകുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള അടച്ചിടലുകളാണ് ടാറ്റയെയും ബാധിച്ചത്. ഡിമാൻഡും ഉൽപാദനവും കുറഞ്ഞതാണു മൂല്യമിടിയാനുണ്ടായ കാരണം.
കമ്പനിക്കു വലിയ സ്വാധീനമുള്ള യുകെ, യൂറോപ്പ്, യുഎസ് വിപണികളെ കോവിഡ് പിടിച്ചുലച്ചതും ഓഹരിയുടെ മൂല്യമിടിച്ചു. 99 രൂപയിൽ നിന്നാണ് ഒന്നര വർഷത്തിനു ശേഷം ഓഹരി 500 രൂപ കടന്നത്. അന്ന് 100 രൂപയ്ക്ക് ഓഹരി വാങ്ങിയ നിക്ഷേപകർക്ക് ഒരു സ്റ്റോക്കിൽ ഒന്നര വർഷംകൊണ്ടുണ്ടായ നേട്ടം 400 രൂപയിലേറെ. അന്ന് ഒരു ലക്ഷം രൂപയ്ക്ക് 1000 ഓഹരികൾ വാങ്ങിയവരുടെ സമ്പത്ത് ഇന്ന് 5 ലക്ഷമായി ഉയർന്നു.
കഴിഞ്ഞ ബുധനാഴ്ചയിലെ വ്യാപാരത്തിനിടെയുള്ള വെറും മൂന്നു മണിക്കൂറുകൊണ്ട് ടാറ്റ ഓഹരികളിൽ എയർ ഇന്ത്യയെ ഏറ്റെടുത്ത തുകയെക്കാൾ വലിയ മൂല്യവർധന ഉണ്ടായി. 18000 കോടി രൂപയ്ക്കാണ് കഴിഞ്ഞ ആഴ്ച ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുത്തത്. ഈ മാസം ഇതുവരെ ടാറ്റ ഓഹരികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടിയിലേറെ ഉയർന്നു.
കഴിഞ്ഞ രണ്ട് ആഴ്ചകളായി മിന്നും പ്രകടനമാണ് ടാറ്റ ഓഹരികളിലുണ്ടാകുന്നത്. കഴിഞ്ഞ ബുധനഴ്ചയിലെ വ്യാപാരത്തിൽ മണിക്കൂറുകൾക്കുള്ളിൽ ടാറ്റ മോട്ടോഴ്‌സിന്റെ മൂല്യത്തിലുണ്ടായ വർധന 19 ശതമാനമാണ്. ടാറ്റ പവറിന് 15 ശതമാനവും ടാറ്റ കെമിക്കലിന്റെ ഓഹരിക്ക് 13 ശതമാനവും നേട്ടമുണ്ടായി.
ടാറ്റ ഇൻവെസ്റ്റ്‌മെന്റ് ഓഹരി 14 ശതമാനം, ടാറ്റ കോഫി 6 ശതമാനം, ടാറ്റ കമ്യൂണിക്കേഷൻസ് 5 ശതമാനം, ടൈറ്റൻ 4 ശതമാനം, ടാറ്റ സ്റ്റീൽ ബിഎസ്എൽ 3 ശതമാനം, ടാറ്റ സ്റ്റീൽ 3 ശതമാനം, നെൽകോ 5 ശതമാനം, ടാറ്റ മെറ്റാലിക് 3 ശതമാനം, ഇന്ത്യൻ ഹോട്ടൽ 5 ശതമാനം, ടിൻപ്ലേറ്റ് 6 ശതമാനം എന്നിങ്ങനെ മണിക്കൂറുകൾക്കൊണ്ട് ഉയർന്നിരുന്നു.
മണിക്കൂറുകൾക്കൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ വൻ വർധനയാണ് ടാറ്റ ഓഹരികൾ നൽകിയത്. വ്യാഴാഴ്ചയിലെ വ്യാപാരത്തിലും ഓഹരികൾ വീണ്ടും റാലി നടത്തിയെങ്കിലും ചെറിയ ലാഭമെടുപ്പു നടന്നു. വ്യാപാരം തുടങ്ങിയപ്പോൾ തന്നെ 530 രൂപ വരെ ഉയർന്ന ടാറ്റ മോട്ടോഴ്‌സിന്റെ മൂല്യം വ്യാപാരത്തിനിടെ 492 വരെ ഇടിഞ്ഞു. ലാഭമെടുപ്പു കൊണ്ടു മാത്രം സംഭവിച്ച ചെറിയ തിരുത്തലുകൾക്കു ശേഷം ഓഹരികൾ വീണ്ടും കുതിപ്പു നടത്തിയേക്കുമെന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്.
ഒക്ടോബർ മാസത്തിൽ ടാറ്റ മോട്ടോഴ്‌സ് ഓഹരിയിലുണ്ടായ വർധന 53 ശതമാനമാണ്. ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ ഈ മാസം ഇതുവരെയുണ്ടായ വർധന 1.25 ലക്ഷം കോടി രൂപ. ഈ നേട്ടത്തിന്റെ പകുതി സംഭാവന ചെയ്ത ഓഹരി ടാറ്റ മോട്ടോഴ്‌സ് ആണ്. ബോംബെ ഓഹരി വിപണി (ബിഎസ്ഇ) സൂചികയായ സെൻസെക്‌സിൽ ഒക്ടോബറിൽ ഉണ്ടായത് 3 ശതമാനം നേട്ടമാണ്.
ഈ മാസം ഇതുവരെ 1971 പോയിന്റ് സെൻസെക്‌സ് ഉയർന്നു. ഇതു പുതിയ റെക്കോർഡ് ആണ്. കഴിഞ്ഞ ബുധനാഴ്ച മാത്രം ബിഎസ്ഇയുടെ വിപണി മൂല്യത്തിൽ 2.5 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതിൽ 62000 കോടി രൂപ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ നിന്നാണ്. വ്യാഴാഴ്ച ടാറ്റ ഓഹരികളിൽ ചെറിയ തോതിലുള്ള ലാഭമെടുപ്പു നടന്നെങ്കിലും മികച്ച ഉയരത്തിൽ തന്നെയാണ് ഓഹരികൾ. ടാറ്റ മോട്ടോഴ്‌സിന്റെ വില 5 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്.
ടാറ്റ ഓഹരികളുടെ ഈ കുതിപ്പ് ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതുകൊണ്ട് മാത്രമല്ല, ടാറ്റയുടെ ഇവെഹിക്കിളിനു ലഭിച്ച വിദേശ നിക്ഷേപത്തിന്റെ കരുത്തുകൊണ്ടു കൂടിയാണ്. ഇക്വിറ്റി നിക്ഷേപകരായ ടിപിജി ക്ലീൻ ക്ലൈമറ്റും അബുദബിയിലെ എഡിക്യുവും ടാറ്റയുടെ ഇലക്ട്രിക് വെഹിക്കിൾ ബിസിനസിലേക്കു കഴിഞ്ഞ ദിവസം നടത്തിയ നിക്ഷേപം 7500 കോടി രൂപയാണ്. ഫോഡിന്റെ ഇന്ത്യയിലെ പ്ലാന്റുകൾ ടാറ്റ ഏറ്റെടുത്തേക്കുമെന്ന വാർത്തകളും ടാറ്റ ആഡംബര വാഹനമായ ജാഗ്വർ ലാൻഡ് റോവറിന്റെ വിൽപന ഉയർന്നതുമെല്ലാം ടാറ്റ ഓഹരികളുടെ കുതിപ്പിന് ഇന്ധനമേകി.
ഓഹരി ഉടമകൾക്ക് ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ സ്വത്ത് നേടിക്കൊടുത്ത കമ്പനി കൂടിയാകുകയാണ് ടാറ്റ ഗ്രൂപ്പ്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കാനുള്ള തീരുമാനം ടാറ്റ പവറിന്റെയും രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർബാറ്ററി നിർമ്മാതാക്കളെന്ന ഖ്യാതി ടാറ്റ കെമിക്കലിന്റെയും ഓഹരികളുടെ ഡിമാൻഡ് ഉയർത്തി. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ടാറ്റ. 70 ശതമാനമാണ് മേഖലയിലെ കമ്പനിയുടെ വിപണി വിഹിതം. ടാറ്റ പവർ ഒരുക്കുന്ന ഇലക്ട്രിക് ചാർജിങ് സംവിധാനം രാജ്യത്തിന്റെ ഇലക്ട്രോണിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുമെന്ന വിശ്വാസവും വിപണിയിലുണ്ട്.
ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹന ബിസിനസിലെ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരികൾ ബുധനാഴ്ച റെക്കോർഡ് ഉയരത്തിലെത്തി, അതേസമയം ഭാരത് ബയോടെക്കിന്റെ കോവിഡ് -19 വാക്‌സിൻ കുട്ടികളിൽ അടിയന്തിര ഉപയോഗവും വിപണിയിൽ ആവേശമുണ്ടാക്കി.
വ്യാപാരം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ടാറ്റ മോട്ടോഴ്‌സ് ഓഹരി വില 15 ശതമാനം ഉയർന്ന് 484 രൂപ ഭേദിച്ചു. നേട്ടം 15 ശതമാനം. ടാറ്റാ മോട്ടോഴ്‌സ് പ്രത്യേക വൈദ്യത വാഹന നിർമ്മാണ സംരംഭം പ്രഖ്യാപിച്ചതാണ് ഓഹരികൾക്ക് അനുകൂലമായത്.7,500 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും പുതിയ സംരംഭത്തിന് ലഭിച്ചിട്ടുണ്ട്.
യുഎസ് കമ്പനിയായ ടിപിജി റൈസ് ക്ലൈമറ്റും, അബുദാബി ആസ്ഥാനമായ എഡിക്യൂവുമാണ് ടാറ്റാ വൈദ്യുത വാഹന സംരംഭത്തിൽ നിക്ഷേപം നടത്തുക. ആകെ 68,000 കോടി രൂപ മൂല്യമുള്ളതായിരിക്കും പുതിയ സംരംഭം. 2025ഓടെ 10 വൈദ്യുത വാഹനങ്ങൾ വിപണിയിലെത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.
പുതിയ കമ്പനിക്ക് സ്വന്തം നിർമ്മാണ ശാലകളുണ്ടായിരിക്കില്ല. പകരം ടാറ്റയുടെ നിലവിലുള്ള ഫാക്ടറികളിലായിരിക്കും ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുക. ഫാക്ടറികളും ബ്രാന്റ് നാമവും ഉപയോഗിക്കുന്നതിന് പുതിയ വൈദ്യുത വാഹന സംരംഭത്തിൽ നിന്നും ടാറ്റ മോട്ടോഴ്‌സ് ഫീസ് ഈടാക്കും.നിലവിൽ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ മുന്നിലാണ് ടാറ്റ മോട്ടോഴ്‌സ്. പ്രത്യേകമായി വൈദ്യുത വാഹന നിർമ്മാണത്തിലേക്ക് കടക്കുന്നതോടെ ഈ നേട്ടം നിലനിർത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ന്യൂസ് ഡെസ്ക്