നെടുമ്പാശേരി: കരുതലോടെ വേണം വിമാനത്താവളങ്ങളിലെ പെരുമാറ്റം. ഇല്ലെങ്കിൽ പണി കിട്ടും. തീവ്രവാദ ആക്രമണ ഭീഷണിയുള്ളതിനാൽ ലോകത്തെ എല്ലാ വിമാനത്താവളങ്ങളും കനത്ത സുരക്ഷയിലാണ്. ആരുടേയും അസഹിഷ്ണുത അംഗീകരിച്ച് റിസ്‌ക് എടുക്കാൻ സുരക്ഷാ ഏജൻസികൾ തയ്യാറല്ല. അതുകൊണ്ട് തന്നെ വാക്കും നോട്ടവുമെല്ലാം കരുതലോടെ വേണം. മാന്യമായി തന്നെ ചോദ്യങ്ങളോട് പ്രതികരിക്കണം. സംശയം തോന്നുന്ന പ്രവർത്തികളിൽ ഏർപ്പെട്ടാൽ പൊലീസ് അറസ്റ്റുമെല്ലാം സ്വാഭാവികം മാത്രമാണ്. ആർക്കും ആരേയും രക്ഷിക്കാൻ കഴിയാത്ത സ്ഥിതി വരും.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ കാട്ടിക്കൂട്ടിയത് അതിരുവിട്ട കാര്യങ്ങളായിരുന്നു. ഇത് മൂലം ഏറെ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായി. യാത്രക്കാരൻ മദ്യലഹരിയിൽ ബോംബു ഭീഷണി മുഴക്കിയതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വലഞ്ഞു. ഇന്നലെ പുലർച്ചെ 4.20ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ ബഹ്‌റൈനിലേക്കു പോകാനെത്തിയ പാലക്കാട് അങ്ങാടിക്കടവ് സ്വദേശി അബ്ദുൾഗഫൂറാണ് പിടിയിലായത്. ദാർഷ്ട്യത്തോടെ നൽകിയ മറുപടിയാണ് ഇതിനെല്ലാം കാരണം. ഒരാളുടെ തെറ്റിൽ പലപ്പോഴും നൂറുകണക്കിന് ആളുകൾക്ക് സമയ നഷ്ടമുണ്ടാകുന്നു.

നെടുമ്പാശ്ശേരിയിലെ പരിശോധനയ്ക്കിടെ ഇയാളുടെ ലഗേജിന് ഭാരക്കൂടുതൽ തോന്നിയതിനെത്തുടർന്ന് എന്താണ് ബാഗിൽ എന്ന് സുരക്ഷാ വിഭാഗം ചോദിച്ചു. വിമാനത്തിൽ അയയ്ക്കാൻ കൊണ്ടുവന്ന ബോംബാണ് എന്നാണ് ഇയാൾ മറുപടി പറഞ്ഞത്. തുടർന്ന് ലഗേജുകളെല്ലാം ബോംബ് സ്‌ക്വാഡിനെക്കൊണ്ടു പരിശോധിച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. നെടുമ്പാശേരി പൊലീസിനു കൈമാറിയ ഇയാൾക്കെതിരെ കേസെടുത്തു. ഇതു മൂലം നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. വിമാനങ്ങളിൽ ഐസിസ് പോലുള്ള ഭീകര സംഘടനകൾ ബോംബ് വയ്ക്കുമെന്ന ഭീഷണിയുള്ളതിനാൽ ആരെന്ത് പറഞ്ഞാലും പരിശോധന കൂടാതെ പോകാൻ വിമാനകമ്പനികൾക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും.

യുകെയിൽ നിന്നും നാട്ടിലേക്ക് അവധിക്ക് പോയ ലെസ്റ്ററിൽ താമസിക്കുന്ന ഒരു മലയാളിയെ കഴിഞ്ഞ ദിവസം ദുബായിൽ വച്ച് അറസ്റ്റ് ചെയ്തയും സമാനമായ സാഹചര്യത്തിൽ ആയിരുന്നു. യുകെയിൽ നിന്നുള്ള കണക്ഷൻ ഫ്‌ളൈറ്റ് വൈകി എത്തിയതിനാൽ ഓടി കിതച്ചെത്തിയ മലയാളിയോട് ഉദ്യോഗസ്ഥർ ഇനി യാത്ര സാധ്യമല്ല എന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇയാൾ രൂക്ഷമായി പ്രതികരിക്കുകയും സംസാരത്തിനിടെ മോശം പദം പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് ആകാശ സുരക്ഷ നിയമം ഉപയോഗിച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എമിറേറ്റ്‌സിൽ ആയിരുന്നു ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അറസ്റ്റ് ചെയ്ത മലയാളിയെ രണ്ട് ദിവസം തടവിൽ പാർപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടാണ് ഇയാളെ വിട്ടയച്ചത്. എന്നാൽ ഇയാളെ വിട്ടയക്കുന്ന കാര്യം അറസ്റ്റിന് ഉത്തരവ് നൽകിയ ഉന്നത ഉദ്യോഗസ്ഥൻ അറിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇയാളുടെ പേര് അലേർട്ട് ലിസ്റ്റിൽ പെടുകയും ഇയാൾ അവധി കഴിഞ്ഞ് മടങ്ങി എത്തിയപ്പോൾ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഏതാണ്ട് ഒരാഴ്ചയോളം മടക്ക യാത്രക്കിടയിൽ ഇയാൾ അകത്തായി എന്നാണ് റിപ്പോർട്ട്. യുകെയിലെ അത്യാവശ്യം സ്വാധീനമുള്ള ഈ മലയാളിയുടെ അനുഭവം എല്ലാവർക്കും പാഠം ആകേണ്ടതാണ്.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരമാധികാരത്തെ ചോദ്യം ചെയ്യാൻ നിൽക്കരുത്. അവർ പറയുന്നത് കേൾക്കുകയും എല്ലാ പരിശോധനകൾക്കും വിധേയനാവുകയും ചെയ്യുക. സുരക്ഷ പ്രത്യേക വിഭാഗത്തിൽ പെടുന്നത് കാരണം മാനുഷികാവകാശം ഉയർത്തി ആരും ഇവിടെ പ്രതികരിക്കരുത്. അങ്ങനെ മനുഷ്യവകാശം ഉയർത്തി പ്രതിഷേധിച്ചാൽ അഴിയെണ്ണുക മാത്രമേ നിവർത്തിയുള്ളൂ.