കാൻബറ: കാൻബറയിൽ വൈദ്യുതി നിരക്ക് കുറയ്ക്കുന്നു. ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറി പ്രൈസ് റെഗുലേറ്ററാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വൈദ്യുതി നിരക്ക് വെട്ടിക്കുറയ്ക്കുന്നത് ഒരു കുടുംബത്തിന് വർഷത്തിൽ ശരാശരി 80 ഡോളറിന്റെ ലാഭമാണ് നേടിക്കൊടുക്കുന്നത്.

2015-16 കാലയളവിൽ വൈദ്യുതി നിരക്ക് ശരാശരി 4.58 ശതമാനം വെട്ടിക്കുറയ്ക്കാനാണ് എസിടി ഇൻഡിപെൻഡന്റ് കോമ്പറ്റീഷൻ ആൻഡ് റെഗുലേറ്ററി കമ്മീഷന്റെ വാർഷിക കണക്കെടുപ്പിൽ തീരുമാനമായത്. അടുത്ത മാസം മുതൽ കുറഞ്ഞ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വരുത്തും. ഗാർഹിക ഉപയോക്താക്കൾക്കുള്ള വൈദ്യുതി നിരക്കിൽ ജൂലൈ ഒന്നു മുതൽ 4.58 ശതമാനം കുറവ് വരുത്താനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

8,000 കിലോ വാട്ട് വൈദ്യുതി പ്രതിവർഷം ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് ആഴ്ചയിൽ 1.53 ഡോളറിന്റെ ലാഭമാണ് ഇതുകൊണ്ടു ലഭിക്കുന്നത്. വർഷത്തിൽ 80 ഡോളറും. നെറ്റ് വർക്ക് ചെലവുകൾ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്കുകൾ വെട്ടിക്കുറയ്ക്കണമെന്ന് ഓസ്‌ട്രേലിയൻ എനർജി റെഗുലേറ്റർ (എഇആർ) ഈ വർഷം ആദ്യം മറ്റു എനർജി കമ്പനികളോട് വ്യക്തമാക്കിയിരുന്നു. വൈദ്യുതി വിതരണ ചെലവുകൾ കുറഞ്ഞ സാഹചര്യത്തിൽ അതിന്റെ ഗുണം ഉപയോക്താക്കൾക്ക് കൂടി ലഭ്യമാക്കാനാണ് എഇആർ കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിലെ വൈദ്യുതി വിതരണക്കാരനായ ActewAGL ആണ് നിലവിൽ ഗാർഹിക വൈദ്യുതി നിരക്കിൽ കുറവു വരുത്തിയിരിക്കുന്നത്. അതേസമയം വൈദ്യുതി നിരക്ക് വെട്ടിച്ചുരുക്കിയത് കമ്പനിയിൽ ഏറെപ്പേർക്ക് തൊഴിൽ നഷ്ടമാകാനും കൂടുതൽ പവർ കട്ടുകൾക്കും ഇടയാക്കുമെന്നാണ് ActewAGL വാദിക്കുന്നത്.