മെൽബൺ: 2018-ഓടെ ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറിയിൽ വാട്ടർ ചാർജിൽ വൻ വർധനയുണ്ടാകുമെന്ന് ഇൻഡിപെൻഡന്റ് കോമ്പറ്റീഷൻ ആൻഡ് റെഗുലേറ്ററി കമ്മീഷൻ
(ICRC) റിപ്പോർട്ട്. വാട്ടർ ചാർജ് സംബന്ധിച്ച് നിലവിലുള്ള കമ്മീഷന്റെ ശുപാർശകൾ പുതിയ കമ്മീഷൻ തള്ളിയതോടെയാണ് മൂന്നു വർഷത്തിനു ശേഷം വാട്ടർ ചാർജിൽ വൻ വർധനയ്ക്ക് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നത്. ഇതുസംബന്ധിച്ച് പ്രസ്താവന കാലാവധി തീരുന്ന ICRC കമ്മീഷൻ അംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.

നിലവിലുള്ള കമ്മീഷൻ അവതരിപ്പിച്ച ശുപാർശകൾ പുതിയ കമ്മീഷൻ അംഗീകരിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തിലായിരുന്നു തങ്ങളെന്ന് സീനിയർ കമ്മീഷണർ മൽക്കം ഗ്രേയും കമ്മീഷണർ മൈക്ക് ബക്ക്‌ലിയും പറയുന്നു. എന്നാൽ നോൺ ഡ്രിങ്കബിൾ വാട്ടർ, കുടിവെള്ളം, ഗ്രീൻഹൗസ് ഗ്യാസ് ഇൻവെന്റി ഇവ സംബന്ധിച്ചുള്ള കമ്മീഷന്റെ ശുപാർശകൾ പുതിയ കമ്മീഷൻ തള്ളിയെന്നും ഇത് ഭാവിയിൽ വാട്ടർ ചാർജ് വർധനയിലേക്ക് നയിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

സ്ഥാനമൊഴിയുന്ന കമ്മീഷൻ സമർപ്പിച്ച ശുപാർശകളിലുള്ള തെറ്റിദ്ധാരണയാണ് ഇത് അംഗീകരിക്കുന്നതിൽ പുതിയ കമ്മീഷനെ പിന്തിരിപ്പിച്ചതെന്നും ഇത് വളരെ നിരാശാജനകമായെന്നും ഗ്രേയും ബക്ക്‌ലിയും വ്യക്തമാക്കുന്നു. നിലവിലുള്ള സംവിധാനത്തെ മാറ്റിമറിക്കാൻ ഒരുങ്ങും മുമ്പ് എസിടി സർക്കാർ ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾക്ക് തയാറാകണമെന്നാണ് ഇവർ പറയുന്നത്.