കണ്ണൂർ: കാവേരി വനിതാ സൊസൈറ്റിയിൽ നിന്നും സി.കെ. ജാനുവിനെ പുറത്താക്കുന്നു. ആദിവാസി വനിതാ ശാക്തീകരണത്തിനും കുട്ടികളുടെ ഉന്നമനത്തിനും രൂപംകൊണ്ട സൊസൈറ്റിയിൽ നിന്ന് ജാനുവിനെ പുറത്താക്കാൻ ഗോത്ര മഹാ സഭ തീരുമാനിച്ചിരിക്കയാണ്.

കാവേരി വനിതാ സൊസൈറ്റി ഉടൻ പുനഃസംഘടിപ്പിച്ച് ജാനുവിനെ മാറ്റി നിർത്താനാണ് അണിയറയിൽ നീക്കം നടക്കുന്നത്. സൊസൈറ്റിയുടെ കേന്ദ്രസംഘം പ്രസിഡണ്ട് കെ.റീനയും സെക്രട്ടറി സി.കെ.ജാനുവുമാണ്. സി.കെ. ജാനു ഗോത്ര മഹാ സഭയോട് ആലോചിക്കാതെ ബിജെപി. നേതൃത്വത്തിലുള്ള എൻ.ഡി.എ യിൽ ചേർന്നതോടെയാണ് ജാനുവിനെ മാറ്റി സൊസൈറ്റിയുടെ പുനഃസംഘടന നടത്താൻ ഗോത്രമഹാ സഭ തീരുമാനമെടുത്തിരിക്കുന്നത്.

അമ്പതോളം ഊരു കൂട്ടങ്ങളിലും കോളനികളിലുമായാണ് കാവേരി വനിതാ സൊസൈറ്റി പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി സ്ത്രീകളുടെ സംരംഭമെന്ന നിലയിൽ കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ കാവേരി ആദിവാസി സ്വയം സഹായ സംഘങ്ങളും വയനാട്ടിലെ ആദിവാസി ഊരുകളിൽ കാവേരി ആദിവാസി പാഠശാലകളും പ്രവർത്തിച്ചു വരുന്നത്.

ആദിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി താത്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സഹായം തേടിയാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. കുട്ടികളുടെ പഠനത്തിന് ഏറെ സഹായകരമായി പ്രവർത്തിക്കുന്ന പാഠശാലകളാണ് ഇതിന്റെ പ്രത്യേകത. സ്‌ക്കൂളിൽ പോകുന്ന കുട്ടികൾക്ക് പാഠഭാഗങ്ങൾ സ്വായത്തമാക്കാൻ സൊസൈറ്റി പ്രത്യേകം ശ്രദ്ധ പുലർത്തിപ്പോന്നു. മുതിർന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കാറുണ്ട്.

സി.കെ.ജാനുവിന്റെ എൻ.ഡി.എ. ബന്ധത്തോടെ ബിജെപി. സംഘപരിവാർ ശക്തികൾക്ക് ആദിവാസി ഊരുകളിൽ കടന്നുകയറാനുള്ള പ്രവർത്തനമാണ് അവർ ആരംഭിച്ചിട്ടുള്ളതെന്നും ഗോത്രമഹാസഭ ആരോപിക്കുന്നു. ഇതിനെതിരെ നിരവധി ഊരുകളിൽ നിന്നും ആദിവാസികൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ബിജെപി.യുടെ വാഗ്ദാനത്തിൽ കുടുങ്ങിയ ജാനുവിനെ ഇനിയും ഗോത്രമഹാ സഭയിൽ നിലനിർത്തരുതെന്ന ആവശ്യവും ശക്തിപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കാവേരി സൊസൈറ്റിൽ നിന്നും അവരെ പുറത്താക്കാൻ ഒരുങ്ങുന്നത്.

ഗോത്രമഹാസഭയിൽ നിന്നും പുറത്താക്കാൻ പ്രാദേശിക തലത്തിൽ നിന്നും ഊരുകൂട്ടങ്ങലിൽ നിന്നും ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കണം. അതിനുള്ള നടപടിക്രമങ്ങലിലേക്ക് ഗോത്രമഹാ സഭ വരും ദിവസങ്ങളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.