അടൂർ: കേരളാ പൊലീസിൽ തീവ്രവാദികളുടെ സ്ലീപ്പൽ സെൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ട് നാളുകളായി. അത് വെറും ഉദ്യോഗസ്ഥ സൃഷ്ടിയെന്ന് പറഞ്ഞ് സർക്കാരും അവഗണിച്ചു. എന്നാൽ, ഇത്തരം സെല്ലുകളുടെ പ്രവർത്തനം സജീവമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് തുടരെ റിപ്പോർട്ട് ചെയ്തിട്ടും ഉന്നതർ കണ്ണടച്ചു. ഇപ്പോഴിതാ സമാന രീതിയിലുള്ള സംഭവം അടൂർ കെഎപി മൂന്നാം ബറ്റാലിയനിൽ നിന്ന് പുറത്തു വരുന്നു. ഗൗരവമായി നടപടിയെടുക്കേണ്ട ഈ സംഭവത്തിലും കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഉദ്യോഗസ്ഥർ.

പൊലീസ് ട്രെയിനികളിൽ നിന്ന് ജീവകാരുണ്യത്തിനെന്ന് പറഞ്ഞ് പരിശീലന ചുമതലയുള്ള ഹവിൽദാർ പണം പിരിച്ചതാണ് സംഭവം. എന്നാൽ, ഇയാൾക്കെതിരായ പരായി നിസാരവൽക്കരിച്ച് ചെറിയ ശിക്ഷാ നടപടികളിൽ ഒതുക്കാനാണ് നീക്കം നടക്കുന്നത്. ഹാദിയ കേസ് കൊടുമ്പിരിക്കൊണ്ട സമയത്ത് കെഎപി മൂന്നാം ബറ്റാലിയനിൽ പച്ചവെളിച്ചം എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിക്കപ്പെട്ടിരുന്നു. ഈ ഗ്രൂപ്പിലൂടെ ഹാദിയ കേസ് നടത്തിപ്പ് ഫണ്ട് പിരിച്ചതിന് നേതൃത്വം നൽകിയ അതേ ഹവിൽദാർ തന്നെയാണ് ഇപ്പോഴത്തെ പിരിവിനും മുന്നിൽ. ഇയാൾക്കെതിരേ അന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് അയച്ചിരുന്നു. അതിന്മേൽ തുടർ നടപടി ഒന്നും ഉണ്ടാകാതെ വന്നതോടെയാണ് ഇയാൾ പിരിവ് പൂർവാധികം ഭംഗിയായി തുടർന്നു വന്നത്.

കുഞ്ഞിന്റെ ചികിൽസയ്ക്ക് എന്ന് പറഞ്ഞ് നാല് പൊലീസ് ട്രെയിനികളിൽ നിന്നും പണം പിരിച്ചുവെന്നും സംഭവം വിവാദമായപ്പോൾ തിരികെ നൽകിയെന്നുമാണ് ആംഡ് പൊലീസ് ഇൻസ്പെക്ടർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. ഫയൽ നടപടിക്കായി ശിപാർശ ചെയ്ത് കമാൻഡന്റിന്റെ മേശപ്പുറത്താണുള്ളത്. കമാൻഡന്റ് കിരണ പരിശീലനത്തിനായി അവധിയിലാണ്. അവർ മടങ്ങി വന്നാലുടൻ നടപടി ഉണ്ടായേക്കും. അതേസമയം, ജീവകാരുണ്യ പ്രവർത്തനത്തിനെന്ന് പറഞ്ഞ് പല ട്രെയിനികളിൽ നിന്നുമായി ആരോപണ വിധേയൻ ഒന്നരലക്ഷത്തോളം രൂപ സമാഹരിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്. ട്രെയിനികളുടെ പരിശീലന ചുമതല ഇയാൾക്കുള്ളതിനാൽ പിരിവ് എളുപ്പമായി.

ഇവരിൽ നിന്ന് എടിഎം കാർഡ് വാങ്ങി പാസ്വേർഡും മനസിലാക്കി ഇയാൾ നേരിട്ട് പണം പിൻവലിച്ചുവെന്നും പറയപ്പെടുന്നുണ്ട്. ഒരാളിൽ നിന്ന് പണം വാങ്ങിയ കാര്യം മറ്റൊരാൾ അറിയരുതെന്നും നിർബന്ധമുണ്ടായിരുന്നു. ട്രെയിനികൾ തമ്മിൽ സംസാരിക്കുന്നതിനിടെയാണ് തങ്ങളിൽ ഓരോരുത്തരിൽ നിന്നും ഹവിൽദാർ പണം പിരിച്ചിട്ടുണ്ടെന്ന വിവരം പരസ്പരം അറിയുന്നത്. ഈ വിവരം ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലുമെത്തിയപ്പോഴാണ് അന്വേഷണം ഉണ്ടായത്. ഇയാളെ രക്ഷപ്പെടുത്തുന്ന വിധത്തിലുള്ള അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത് എന്നാണ് ആരോപണം. ജീവകാരുണ്യ പ്രവർത്തനത്തിന് എന്ന പേരിൽ ഇയാൾ പിരിച്ചെടുത്ത പണം എവിടേക്കാണ് പോയത് എന്ന് സംബന്ധിച്ചും അന്വേഷണം നടന്നിട്ടില്ല. ചെറിയ ശിക്ഷയിൽ ഒതുക്കി ഹവിൽദാറെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരക്കാർക്കെതിരേ സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കുന്നതാണ് ഈ പ്രവണത വർധിക്കാൻ കാരണമായിരിക്കുന്നത്. സ്ലീപ്പർ സെല്ലുകളിൽ പ്രവർത്തിക്കുന്നവരെ ഉന്നത ഉദ്യോഗസ്ഥർ ഭയപ്പെടുന്നുവെന്നതും വസ്തുതയാണ്. ഇവർക്കെതിരേ റിപ്പോർട്ട് എഴുതുകയോ നടപടിയെടുക്കുകയോ ചെയ്താൽ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുമെന്നത് തന്നെയാണ് കാരണം.

(ഈ വാർത്തയിലെ കുറ്റാരോപിതന്റെ പേര് വെളിപ്പെടുത്താത്തത് അയാൾക്കെതിരേ നടപടി വരാത്തതു കൊണ്ട് മാത്രമാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാർത്ത തയാറാക്കിയിരിക്കുന്നത്. ഇയാൾക്കെതിരേ നടപടി ഉണ്ടായാലുടൻ പേര് സഹിതമുള്ള വാർത്ത പ്രസിദ്ധീകരിക്കുന്നതാണ്.)