തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ ഷൊർണൂർ എം എൽ എ. പി കെ ശശിക്കെതിരെ സി പി എം നടപടി ഉറപ്പായി. ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയാണ് ശശിക്കെതിരെ എന്ത് നടപടിയാണ് വേണ്ടതെന്ന് തീരുമാനിക്കുക.ഡി വൈ എഫ് ഐ പാലക്കാട് ജില്ലാക്കമ്മറ്റിയിലെ വനിതാ അംഗം നൽകിയ പരാതിയിലാണ് ശശിക്കെതിരെ സി പി എം അന്വേഷണം നടത്തിയത്. പാർട്ടി സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി കെ ശ്രീമതിയും എ കെ ബാലനുമാണ് പരാതി അന്വേഷിച്ചത്.

പരാതിക്കാരിയിൽനിന്നും ശശിയിൽനിന്നും രണ്ടു തവണ വീതം അന്വേഷണക്കമ്മീഷൻ മൊഴിയെടുത്തിരുന്നു. പരാതിയിൽ പ്രതിപാദിച്ചിരുന്ന വ്യക്തികളിൽനിന്നും മൊഴിയെടുത്തു. ഇവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വെള്ളിയാഴ്ച നടക്കുന്ന സി പി എമ്മിന്റെ സെക്രട്ടേറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചർച്ചയ്ക്ക് വെക്കും. പാർട്ടി ഏര്യ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പെൺകുട്ടി പരാതി നൽകിയെങ്കിലും ആരും ഇടപെട്ടിരുന്നില്ല.ഇതിന് പിന്നാലെ യുവതിയെ പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഉന്നത പദവിയും ഒരു കോടി രൂപയും വാഗ്ദാനം ചെയ്തതായും പിന്നീട് ആരോപണം ഉയർന്നിരുന്നു.

ഈ യോഗത്തിലായിരിക്കും ശശിക്കെതിരെ എന്തു നടപടി വേണമെന്ന കാര്യത്തിൽ ഔപചാരികമായി തീരുമാനമെടുക്കുക. എന്നാൽ നടപടി സ്വീകരിക്കാൻ സെക്രട്ടേറിയേറ്റിന് അധികാരമില്ലാത്തതിനാലാണ് ശനിയാഴ്ച നടക്കുന്ന സംസ്ഥാന കമ്മിറ്റിക്ക് അന്തിമ തീരുമാനം വിട്ടത്. ലൈംഗിക പീഡന പരാതി ആയതിനാലും പരാതിയിൽ യുവതി ഉറച്ചു നിൽക്കുന്നതു കൊണ്ടും ശശിക്കെതിരെ നടപടി ഉറപ്പാണെന്നാണ് സൂചന. തന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ആസൂത്രിത നീക്കമാണ് പരാതിയെന്നാണ് ശശിയുടെ വാദം. ഇതേക്കുറിച്ചും പാർട്ടി അന്വേഷണക്കമ്മീഷൻ അന്വേഷണം നടത്തിയിട്ടുണ്ട്. ശശിക്കെതിരായ പരാതി പ്രചരിപ്പിച്ചുവെന്ന ആരോപണത്തിൽ മറ്റു ചിലർക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്

ഒറ്റപ്പാലത്തെ പാർട്ടി ഓഫീസിൽ വെച്ച് ശശി നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഫോണിൽ ഉൾപ്പടെ വിളിച്ച് അശ്ലീലം പറയുന്നതും എംഎൽഎയുടെ പതിവായിരുന്നു. ഇത് ചൂണ്ടിക്കാട്ടി പിബി അംഹൃഗവും വനിത നേതാവുമായ വൃന്ദ കാരാട്ടിന് പരാചി നൽകിയിട്ടും ഫലമുണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഡിവൈഎഫ്‌ഐ നേതാവ് പരാതി നൽകിയത്. ഇത് പ്രതിപക്ഷം ഏറ്റെടുക്കകയും മാധ്യമങ്ങളിൽ നിറയുകയും ചെയ്തതോടെ എംഎൽഎ കുടുങ്ങുകയും ചെയ്തു. പരാതി പൊലീസിന് കൈമാറി ശശിക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത് വലിയ രീതിയിലുള്ള വിമർശനം ഏറ്റ് വാങ്ങിയിരുന്നു.

പി കെ ശശി എംഎൽഎയ്ക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ സിപിഎം നിശ്ചയിച്ച അന്വേഷണ കമ്മീഷൻ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ പറയുന്ന സിപിഎം ഡിവൈഎഫ്ഐ നേതാക്കളിൽ നിന്നാണ് തെളിവെടുത്തത്.പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഒരു നഗരസഭാ കൗൺസിലർ, ഡിവൈഎഫ്ഐ നേതാവ്, പാർട്ടി പ്രാദേശിക നേതാക്കൾ, തദ്ദേശ സ്ഥാപന പ്രതിനിധി എന്നിവരാണ് മൊഴി നൽകാനെത്തിയത്. ഇതിൽ ശശിക്ക് അനുകൂലമായി മൊഴി നൽകിയവർ ഗൂഢാലോചനയാണെന്ന വാദമാണ് ഉന്നയിച്ചത്. ഇതും അന്വേഷിക്കുമെനനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.ഇതിനിടെ യുവതിയെ സ്വാധീനിച്ച് മൊഴി മയപ്പെടുത്താനാവശ്യപ്പെട്ട് ഉന്നത നേതാവ് എത്തിയതായും റിപ്പോർട്ട് വന്നു. എന്നാൽ യുവതി മൊഴിയിൽ ഉറച്ചു നിൽക്കുമെന്ന് അറിയിക്കുകയായിരുന്നു .