ലഖ്‌നൗ: ഡ്യൂട്ടിക്കിടെ തന്നോട് തട്ടിക്കേറിയ ബിജെപി പ്രവർത്തകരെ വെല്ലുവിളിച്ച ഉത്തർപ്രദേശിലെ വനിതാ പൊലീസ് ഓഫീസർ ശ്രേഷ്ഠ ഠാക്കൂറിനെ സ്ഥലംമാറ്റി. ഏതാനും ഡെപ്യൂട്ടി സൂപ്രണ്ടുമാരോടൊപ്പം ഭറെയ്ച്ചിലേക്കാണ് ശ്രേഷ്ഠയെ സ്ഥലംമാറ്റിയിരിക്കുന്നത്.

ശ്രേഷ്ഠ ബിജെപിക്കാരെ നേരിടുന്ന വീഡിയോ നേരത്തേ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 11 ബിജെപി എംഎൽഎമാരും എംപിമാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടിരുന്നു. ഇതിനുശേഷമാണ് പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത്.
പാർട്ടി പ്രവർത്തകരുടെ മാനം കാക്കുന്ന നടപടിയാണ് ശ്രേഷ്ഠയുടെ സ്ഥലംമാറ്റമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് മുകേഷ് ഭരദ്വാജ് പ്രതികരിച്ചതായും റിപ്പോർട്ട് ഉണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജില്ല തല നേതാവയ പ്രമോദ് ലോദിയെ വാഹനത്തിന്റെ മതിയായ രേഖകൾ കൈവശം ഇല്ലാത്തിന്റെ പേരിൽ ബുലാന്ദ്ഷഹറിൽ പൊലീസ് പിടികൂടി 200 രൂപ ഫൈൻ ചാർജ് ചെയ്തത്. എന്നാൽ ഫൈൻ അടയ്ക്കാൻ കൂട്ടാക്കാതെ പൊലീസുകാരോട് അപമര്യാദയായി പെരുമാറി പ്രമോദിനെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പ്രമോദിനെ ജില്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നു. ഈ സമയം കോടതി പരിസരത്ത് തടിച്ചുകൂടിയ ബിജെപി പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി സ്ഥലത്ത് സംഘർഷസാധ്യത ഉണ്ടാക്കി. പ്രമോദിനെ കോടതിയിൽ ഹാജരാക്കുന്നത് തടയാനും പാർട്ടിക്കാർ നോക്കി.

ഈ സമയത്താണ് ശ്രേഷ്ഠ ബിജെപിക്കാർക്കിടയിലേക്ക് ചെന്നത്. തന്നോട് ആക്രോശമുയർത്തിയവരോട് ശ്രേഷ്ഠ ഒരേ കാര്യമേ പറഞ്ഞള്ളൂ; വാഹനങ്ങൾ പരിശോധിക്കാൻ പൊലീസിന് അവകാശമില്ലെന്ന് മുഖ്യമന്ത്രിയുടെ ഒരു കൈയിൽ നിന്നും ഒരു ഉത്തരവ് എഴുതി വാങ്ങിക്കൊണ്ടുവാ, അങ്ങനെയാണെങ്കിൽ ഞങ്ങൾ ഈ ജോലി ചെയ്യാതിരിക്കാം.

ഇതോടെ ബിജെപി പ്രവർത്തകർ മറ്റൊരാരോപണം ഉയർത്തി. രണ്ടായിരം രൂപ കൈക്കൂലി ചോദിച്ചതു നൽകാത്തതിനെ തുടർന്നാണ് പ്രമോദിനെ അറസ്റ്റ് ചെയ്തതെന്ന്. അതിനുള്ള ശ്രേഷ്ഠയുടെ മറുപടി ഇതായിരുന്നു; ഞങ്ങൾ ഞങ്ങളുടെ കുടുംബത്തെയും വീട്ട് രാത്രിയിൽ വന്നു തമാശ കാണിക്കുകയല്ല, ഡ്യൂട്ടി ചെയ്യുകയാണ്. ഇനിയും ഇവിടെ കൂടി നിന്നു ബഹളം വച്ചാൽ ക്രമസമാധാന ലംഘനത്തിന് എല്ലാവർക്കുമെതിരെ കേസ് ചാർജ് ചെയ്യും. നിങ്ങൾ നിങ്ങളുടെ പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുകയാണ്. ജനങ്ങൾ നിങ്ങളെ ബിജെപി ഗൂണ്ടകൾ എന്നു വിളിക്കും'. ശ്രേഷ്ഠ ശക്തമായി പ്രതികരിച്ചതോടെ ബിജെപിക്കാർ അങ്കലാപ്പിലാവുകയായിരുന്നു.