കൊച്ചി: രക്താർബുദത്തെത്തുടർന്ന് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ അബി(52)യുടെ സംസ്‌ക്കാരം ഇന്ന് രാത്രി ഏഴരയോടെ മുവാറ്റുപുഴ സെൻട്രൽ ജുമാമസ്ജിതിൽ നടക്കും. ചെന്നൈയിൽ നിന്ന വിമാനമാർഗ്ഗം നെടുമ്പാശ്ശേരിയിലേക്ക് തിരിക്കുന്ന മകൻ ഷൈൻ നിഗം അഞ്ച് മണിക്കുള്ളിൽ എളമക്കരയിലെ വീട്ടിലെത്തും. മകനെത്തിയാൽ ഉടൻ മൃതദേഹം മൂവാറ്റുപുഴയിലേക്ക് കൊണ്ടുപോകുമെന്ന് അബിയുടെ സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. മൂവാറ്റുപഴയിൽ അൽപനേരം പൊതുദർശനത്തിന് വെയ്ക്കും.

കഴിഞ്ഞ രണ്ട് വർഷത്തോളമായി അബിയെ അലട്ടുന്നുണ്ടായിരുന്നു. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കുറയുന്നതായിരുന്നു രോഗം. ഈ രോഗം അലട്ടി തുടങ്ങിയതോടെ ആരോഗ്യനിലയും ക്ഷയിച്ചിരുന്നു. ഇടയ്ക്കിടെ രക്തത്തിലെ പ്ലേറ്റലറ്റ് കുറയുന്നതും വേദനയും അലട്ടിരുന്നു. ഇതോടെ അമൃത മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു അബി. എന്നാൽ, ഇന്ന് രാവിലെ വരെ അസുഖത്തിന്റെ പ്രശ്‌നങ്ങളൊന്നും മൂർച്ഛിച്ചിരുന്നില്ലെന്ന് ഉറ്റു സുഹൃത്തായ സുമേഷ് തമ്പി മറുനാടനോട് പറഞ്ഞു.

രാവിലെ വയ്യായ്മ തോന്നിയതോടെ കൊച്ചി എളമക്കരയിലെ വീട്ടിൽ നിന്നാണ് അമൃത മെഡിക്കൽ കോളേജിലേക്ക് അദ്ദേഹത്തെ കൊണ്ടു പോയത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. രാവിലെ മുതൽ അബിക്ക് നല്ല തലകറക്കവും, ഛർദ്ദിയും ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് വീണ്ടും ശർദ്ദിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ബോധവും പോയി. ബോധം മറഞ്ഞ ഉടനെ മിനുട്ടുകൾക്കുള്ളിൽ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് സുമേഷ് തമ്പി പറഞ്ഞു.

10.15 ഓടെയാണ് അമൃതയിൽ നിന്ന് മരണം സ്ഥിരീകരിക്കുന്നത്. മോർച്ചറിയിലെ പ്രത്യേക മുറിയിൽ നിന്ന് എളമക്കര എസ്.ഐ പ്രജീഷിന്റെ നേതൃത്വത്തിൽ ബോഡി ഇൻക്വസ്റ്റ് നടത്തി. തുടർന്ന് രണ്ട് മണിയോടെയാണ് എളമക്കര-ടാഗോർ ലൈനിലുള്ള വീട്ടിലേക്ക് കൊണ്ടുപോയത്. പ്രിയപ്പെട്ട താരത്തിന്റെ മരണവാർത്തയറിഞ്ഞ് സിനിമാ ലോകത്തെ നിരവധി പേർ അമൃത ആശുപത്രിയിലേക്ക് എത്തിയിരുന്നു.

അമ്മ പ്രസിഡന്റ് ഇന്നസെന്റ്, കലഭാവൻ കെഎസ് പ്രസാദ്, രജ്ഞിനി ജോസ്, തുടങ്ങി ഒട്ടേറെ പേർ ആശുപത്രിയിൽ എത്തിയിരുന്നു. വീട്ടിലേക്ക് മിമിക്രി മേഖലയിലെ സുഹൃത്തുക്കളും, ബന്ധുക്കളും ആരാധകരും, സിനിമ പ്രവർത്തകരുമടക്കം നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.