ചെന്നൈ: പത്മരാജൻ ചിത്രമായ തൂവാനത്തുമ്പികളിലെ ബസ് മുതലാളിയെ അവതരിപ്പിച്ചു ശ്രദ്ധേയനായ നടൻ അലക്‌സ് മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 60 ഓളം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. എങ്കിലും തൂവനത്തുമ്പികൾ എന്ന ചിത്രത്തിലെ ബസ് മുതലാളിയുടെ വേഷമാണ് മലയാളികൾ ഏറ്റവും അധികം ഓർക്കുന്നത്.

മോഹൻലാൽ അവതരിപ്പിച്ച ജയകൃഷ്ണന്റെ കൂട്ടുകാരനായ ബാബു എന്ന ബസ് മുതലാളിയായാണ് അലക്‌സ് അഭിനയിച്ചത്. കറങ്ങുന്ന ഫാനിൽ മദ്യക്കുപ്പി എറിഞ്ഞു തകർക്കുന്ന ബാബുവിന്റെ മുഖം ചിത്രം കണ്ടവരാരും മറക്കില്ല. തമ്പി കണ്ണന്താനം-മോഹൻലാൽ ടീമിന്റെ രാജാവിന്റെ മകനിലെ സുനിൽ എന്ന റോളും ശ്രദ്ധിക്കപ്പെട്ടു. ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം,ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ എകദേശം 220ൽപ്പരം ഡോക്കുമെന്റേഷനുകൾ അലക്‌സിന്റേതായി പുറത്തിറങ്ങിട്ടുണ്ട്.

ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം ചെന്നൈയിൽ സ്ഥിര താമസമാക്കിയ അലക്‌സ് കോട്ടയം സ്വദേശിയാണ്. വേദിക് ഇന്ത്യ സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏൻഷ്യന്റ് ഇന്റർഗ്രേറ്റീവ് തെറാപ്പീസ് എന്നീ സംഘടനകളുടെ സ്ഥാപകനാണ്. നാഷണൽ ഫിലിം അവാർഡ് ജൂറിയായും സേവമനുഷ്ഠിച്ചിട്ടുണ്ട്.