നെടുങ്കണ്ടം: സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് വേഷത്തിന് ഇടവേള നൽകിയാണ് അനൂപ് കഞ്ചാവുമായി ഇറങ്ങിയത്. സിനിമാക്കാരനെന്ന ഇമേജിൽ മയക്കുമരുന്ന് കടത്ത് പൊടിപൊടിക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് ഒന്നേകാൽ കിലോ കഞ്ചാവുമായി കേരളാ തമിഴ്‌നാട് അതിർഥിയിൽനിന്നും അനൂപ് പിടിയിലായത്. ഇതോടെ അഴിഞ്ഞ് വീണത് സിനിമാക്കാരന്റെ മുഖംമൂടിയാണ്. എറണാകുളം അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് ഭാഗത്ത് പാലക്കാപറമ്പിൽ അനൂപ് (26) പൊലീസ് പിടിയിലായത്. നെടുങ്കണ്ടം സിഐ റെജി എം കുന്നിപറമ്പിലിന്റെ നേതൃത്വത്തിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് അനൂപ് കുടുങ്ങിയത്.

വേട്ട, കലി തുടങ്ങിയ ചിത്രങ്ങളിൽ ഇയാൾ ജൂനിയറാർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇതിന് പുറമേ എഷ്യാനെറ്റിലെ ഒരു സീരിയലിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്. കടുത്ത സിനിമാ ആരാധകനായ അനൂപ് വളരെ നാളുകളായി അഭിനയ മോഹമുള്ളയാളാണ്. കമ്പത്ത് നിന്നെത്തിയ ബസ് പരിശോധിക്കുന്നതിടയിൽ ബാഗുമായി ഇറങ്ങി ഓടിയ അനൂപിനെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. നെടുങ്കണ്ടം സിഐ റെജി. എം. കുന്നിപ്പറമ്പിൽ, കമ്പംമെട്ട് എസ്.ഐ ജിനീഷ്, അഡീഷണൽ എസ്.ഐ. കെ.എ. റഹിം, സി.പി.ഒമാരായ കെ.എസ്. ജെയിംസ് സുനിൽ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പരിശോധന തുടങ്ങിയതും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

തുടർന്നാണ് ഇയാളുടെ ബാഗിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് ലഭിച്ചത്. ഇതിനു മുൻപം രണ്ട് തവണ കമ്പത്ത് നിന്നും കഞ്ചാവ് കടത്തിയതായി ഇയാൾ സമ്മതിക്കുകയായിരുന്നു. കമ്പത്ത് നിന്നും കൊണ്ടുവരുന്ന കഞ്ചാവ് അങ്കമാലിയിലെത്തിച്ച ശേഷം എറണാകുളം ആലുവ ഭാഗത്ത് ചെറുകിട വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. സ്ഥിരമായി ഇപ്പോൾ ഇത്തരത്തിൽ ഇയാൾ കഞ്ചാവ് വിൽപ്പന നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. അതിവേഗം സമ്പന്നനായി മാറുകയായിരുന്നു ലക്ഷ്യം. അതിന് ശേഷം സിനിമ നിർമ്മിക്കുക. അതിൽ നായകനാവുക. ഇതൊക്കെയായിരുന്നു അനൂപിന്റെ മനസ്സിലെ ആഗ്രഹം.

നാലായിരം മുതൽ അയ്യായിരം രൂപയ്ക്ക് വരെ കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങിയ ശേഷം ഇത് കേരളത്തിൽ കൊണ്ട് വന്ന് വിൽപ്പന നടത്തുന്നത് ഇരുപതിനായിരം മുതൽ ഇരുപത്തിയയ്യായിരം രൂപയ്ക്ക് വരെയാണ്. വലിയ തോതിൽ ലഭിക്കുന്ന സാമ്പത്തിക ലാഭമാണ് ഇതിന്റെ പ്രത്യഘാതങ്ങളെകുറിച്ച് ചിന്തിക്കാതെ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നതിന് യുവാക്കൾക്ക് പ്രേരണയാകുന്നത്. ഇത്തരം വസ്തുക്കൾ വിൽപ്പന നടത്താറുണ്ടെങ്കിലും ഇയാൾ ഇത് ഉപയോഗിക്കാറില്ലെന്നാണ് പൊലീസ് ഭാഷ്യം. കടുത്ത സിനിമാ മോഹമുള്ള അനൂപിന് മറ്റ് ജോലികളൊന്നുമില്ല.

ഇയാളെ കഴിഞ്ഞ ദിവസം റിമാന്റ് ച്യെയുകയും പിന്നീട് ദേവികുളം സബ് ജയിലിലേക്ക്
മാറ്റുകയുമായിരുന്നു. കമ്പത്ത് നിന്നുമാണ് കഞ്ചാവ് വാങ്ങിയതെങ്കിലും അനൂപിന് ഇത് നൽകിയവരെക്കുറിച്ചും അറിയില്ലെന്നും പൊലീസ് പറയുന്നു. കമ്പം ബസ്റ്റാന്റിൽ നിന്നുമാണ് അനൂപ് കഞ്ചാവ് വാങ്ങിയത്. പ്രത്യേക രീതിയിലാണ് കമ്പത്ത് കഞ്ചാവ് വ്യാപാരം നടക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. കമ്പം ബസ്സ്റ്റന്റിലോ പരിസരത്തോ വെറുതെ ചെന്നു നിന്നാൽ തന്നെ കഞ്ചാവ് ലഭിക്കും എന്നാൽ ഇത് കൈമാറുന്നവരെ കുറിച്ച് വാങ്ങുന്നവർക്ക് പോലും യാതൊരു വിവരവും ഉണ്ടാകാറില്ല.

കച്ചവടം ഉറപ്പിച്ച് കാശ് കൈമാറിക്കഴിഞ്ഞാൽ എവിടെയാണ് സാധനം സൂക്ഷിച്ചിട്ടുല്ലതെന്നും അവിടെ ചെന്നു കൈപറ്റാനുമായിരിക്കും നിർദ്ദേശം. അതുമാത്രമല്ല ആദ്യം നമ്മളെ സമീപിക്കുന്നവർക്ക് പോലും എവിടെനിന്നു ആര് കൊണ്ട് വരുന്നു എന്നതിന്റെ വിവരങ്ങൾ അറിയണമെന്നില്ല. വലിയ ഒരു ചങ്ങലയാണ് ഇത്തരക്കാരെങ്കിലും ഇതിലെ കണ്ണികൾക്ക് പോലും പരസ്പരം വിവരങ്ങളറിയില്ലെന്നതാണ് ഇവരെ പിടികൂടുന്നതിനുള്ള ബുദ്ധിമുട്ടെന്നും നെടുങ്കണ്ടം സിഐ റെജി കുന്നിപറമ്പിൽ മറുനാടനോട് പറഞ്ഞു.