ബിബിൻ ജോർജിന് പ്രേമം മുഴുവനും സിനിമയോടാണ്. സിനിമാ സ്വപ്നങ്ങളുമായി നടന്നിരുന്ന സ്‌കൂൾ കാലത്ത് അപ്പുറത്തെ വീട്ടിൽ വരുന്ന പത്രത്തിലെ സിനിമയുടെ പോസ്റ്ററുകൾ മുറിച്ചെടുക്കും. എന്നിട്ട് വീടിന് മുമ്പിലുള്ള പുളിമരത്തിൽ ഇന്നത്തെ സിനിമ എന്ന ബോർഡ് ഉണ്ടാക്കി ഒട്ടിച്ചുവയ്ക്കും. അത്ര്ക്കും യമണ്ടൻ പ്രേമമായിരുന്നു ബിബിൻ ജോർജിന് സിനിമയോട്. അഭിനയത്തോടായിരുന്നു ബിബിന് അന്നുമുതലേ അഭിനിവേശം. എന്നാൽ എഴുത്ത് ഒരു സിദ്ധിയാണെന്നും ഈ കഴിവ് എല്ലാവർക്കും കിട്ടാത്ത ഒരു ഭാഗ്യമാണെന്നും അതിനാൽ എഴുത്ത് നിലനിർത്തുമെന്നും ബിബിൻ പറയുന്നു. വർഷങ്ങളോളം സ്‌കിറ്റുകൾ എഴുതി തിരക്കഥാ പരിശീലനത്തിൽ കരുത്തുനേടി പിന്നീട് ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണനുമായി ചേർന്ന് എഴുതിയ അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്‌റോഷൻ എന്നീ സിനിമകൾ സൂപ്പർഹിറ്റുകളായി. കട്ടപ്പനയിലെ ഋതിക്‌റോഷനിലൂടെ വിഷ്ണു നായകനായെങ്കിൽ 'ഒരു പഴയബോംബ് കഥ'യിലൂടെ ബിബിൻ ജോർജും നായകനായിരിക്കുകയാണ്. ഇപ്പോൾ ഇവർ ഒരുമിച്ച് എഴുതിയ മൂന്നാമത്തെ തിരക്കഥ 'ഒരു യമണ്ടൻ പ്രേമകഥയിൽ' ദുൽഖർ സൽമാനാണ് നായകൻ. സിനിമാസ്വപ്നങ്ങൾ നിറച്ച് ജീവിതം ഒരു യമണ്ടൻ പ്രേമകഥ ആക്കിയ ബിബിൻ ജോർജ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

സിനിമ സ്വപ്നം കണ്ടുനടന്ന കാലത്തെക്കുറിച്ച് പറയാമോ ?
കലാകാരന്മാരുടെ നാടാണ് ഞങ്ങളുടേത്. കാക്കനാട് നിലംപതിഞ്ഞിമുകളിന് പരിസരത്താണ് വീട്. അപ്പച്ചന് കൽപ്പണിയായിരുന്നു. അമ്മ, രണ്ടുചേച്ചിമാർ ഇങ്ങനെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. എന്റെ നാട്ടുകാർ മതേതരത്വം കാത്തുസൂക്ഷിച്ചിരുന്നു. മതം പ്രശ്‌നമല്ലായിരുന്നു. ഉത്സവത്തിന് അമ്പലത്തിൽ പോയിതുള്ളും. നബിദിനത്തിന് കൊടിപിടിച്ച് ആഘോഷിക്കും. ക്രിസ്മസിന് കരോൾ നടത്തും. അവിടെ എല്ലാവർക്കും ഭയങ്കര ഹ്യൂമർ സെൻസ് ആണ്. അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും. കളിയാക്കുന്നതിന്റെ ലക്ഷ്യം ചിരിയാണ്. എല്ലാവരും അത് പോസിറ്റീവായാണ് എടുക്കാറുള്ളത്. അത് എനിക്ക് കുറേ ഗുണംചെയ്തിട്ടുണ്ട്. അഭിനയിക്കാനായിരുന്നു കൂടുതൽ ആഗ്രഹം. എന്നെങ്കിലും ഒരിക്കൽ നായകനാകണമെന്ന് മോഹിച്ചു. പക്ഷേ അതൊന്നും പുറത്തുപറഞ്ഞില്ല. മറ്റുള്ളവർ കളിയാക്കുമെന്ന് വിചാരിച്ചാണ് പുറത്തുപറയാതിരുന്നത്. അങ്ങനെ ആ സ്വപ്നം ഞാൻ ഒളിപ്പിച്ചുവച്ചു. ആ സ്വപ്നം ദൈവം ബോംബ് കഥയിലൂടെ സാധിച്ചുതന്നു.

സിനിമയിൽ ബിബിൻ അവസരം ചോദിച്ച് ചെന്നതാണോ?
ആദ്യമൊക്കെ മടിയായിരുന്നു അവസരം ചോദിച്ച് ചെല്ലാൻ, അതുകൊണ്ട് പതുക്കെ എഴുതിത്ത്തുടങ്ങി. ആദ്യം കോമഡി സ്‌കിറ്റുകൾ എഴുതി. സിനിമയുടെ തിരക്കഥ എഴുതാനുള്ള വല്ല്യശേഷി ഉണ്ടായിട്ടല്ല. എന്നെയും വിഷ്ണുവിനെയും റിതിനെയും വച്ച് സിനിമ ചെയ്യാൻ ബി.എസ്. നൗഫലിനു( യമണ്ടൻ പ്രേമകഥയുടെ ഡയറക്ടർ) വേണ്ടി എഴുതിയതാണ് അമർ അക്‌ബർ അന്തോണി. എന്നാൽ അത് നടന്നില്ല. ആ തിരക്കഥ നദീർഷായുടെ കൈയിലെത്തി സൂപ്പർഹിറ്റ് സിനിമയായി. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഹിറ്റായിരുന്നു അമർ അക്‌ബർ അന്തോണി. ചിത്രം അമ്പതുകോടി ക്ലബിലെത്തി. ഞാനും വിഷ്ണുവും ഇതിൽ ചെറിയറോളുകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് ഞാൻ അഭിനയിക്കാനുള്ള ആഗ്രഹംവിട്ടു.

എഴുത്തുകാരൻ എന്ന നിലയ്ക്ക് എനിക്ക് കൂടുതൽ ചുമതല കിട്ടി. പിന്നീട് ഞാൻ എഴുത്തിൽ ശ്രദ്ധിച്ചു. ആഴത്തിലും ആലങ്കാരികമായും എഴുതാനുള്ള ശ്രമത്തിലായി. വിഷ്ണുവിനെ അഭിനയിപ്പിക്കാനുള്ള ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. വിഷ്ണു ഫുൾടൈം ആക്ട്റ്റിംഗിൽതന്നെ ആയിരുന്നു. അവന്റെ ലക്ഷ്യം സിനിമയിൽ അഭിനയിക്കണമെന്ന് തന്നെ ആയിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷൻ അവനുവേണ്ടി എഴുതിയതാണ്. ആദ്യം മറ്റൊരു നടനെ സമീപിച്ചെങ്കിലും പിന്നീട് അത് വിഷ്ണുവിലേക്കുതന്നെ വന്നു. അപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. അവനാണ് നടൻ എന്ന അറിഞ്ഞപ്പോൾ ഞാനാണ് ഏറ്റവും സന്തോഷിച്ചത്.

ഒരു സ്വപ്നമാണല്ലോ അഭിനയം. ബോംബ് കഥയിലെ നായകനായത് എങ്ങനെ?
ഒരുപഴയ ബോംബുകഥ 75 ദിവസം പിന്നിട്ടിരിക്കുകയാണ്. ഒരു പഴയ ബോംബ് കഥയുടെ തിരക്കഥ ബിഞ്ചുജോസഫ്, സുനിൽകർമ എന്നിവരുടേതാണ്. ആദ്യം നിർമ്മാതാക്കൾ കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നു. ആൽവിൻ ആന്റണി, ഡോ. സക്കറിയതോമസ്, ജിജോകാവനാൽ , ശ്രീജിത്ത് രാമചന്ദ്രൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. ഇവർ എന്നോട് കഥ കേൾക്കാൻ പറഞ്ഞു. ആദ്യം ബിഞ്ചുജോസഫും സുനിൽകർമയും കഥപറഞ്ഞിട്ട് എനിക്ക് ഇഷ്ടായില്ല. എന്റെ മനസിൽ കേറില്ല എന്നുപറയുന്നതായിരിക്കും ശരി. തലയിൽ ദുൽഖറിന്റെ സിനിമയുടെ തിരക്കഥ ആയിരുന്നു. ഒരു യമണ്ടൻ പ്രേമകഥ യുടെ ചിന്തയിലായിരുന്നു. പിന്നെ എന്റെ സുഹൃത്ത് സലീഷ് വിളിച്ചുപറഞ്ഞു. ടാ അത് നല്ല കഥയാണ് നീ എന്തുപണിയാണ് കാണിച്ചത് എന്ന്. അങ്ങനെ ഞാൻ അവരെ വീണ്ടും വിളിച്ചു. കഥ കേട്ടു. ഷാഫിസാറിനോട് പറയുന്നു. അങ്ങനെയാണ് ഒരുപഴയ ബോംബുകഥയിലെ നായകനായത്. ഒരുപഴയ ബോംബുകഥയിൽ വിഷ്ണുവും അഭിനയിച്ചിട്ടുണ്ട്.

ഇരുവരും ഒരു യമണ്ടൻ പ്രേമകഥ എഴുതാനുള്ള സമയം കണ്ടെത്തിയത്?
അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്‌റോഷൻ എന്നിവയക്കുശേഷം ഞാനും വിഷ്ണുവും എഴുതിയ തിരക്കഥയാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രീകരണം നടക്കുന്നു. വിഷ്ണുവിന് ഒരു ഷൂട്ടിനിടയിൽ പരുക്കുപറ്റിയിരിക്കുന്ന സമയത്ത് ഞങ്ങൾ ഒരു കഥ എഴുതാൻ തീരുമാനിച്ചു. ആദ്യം ഒരു കഥ ഉണ്ടാക്കുന്നു. നിർമ്മാതാവ് ആന്റോ ജോസഫ് ഞങ്ങളെ സമീപിക്കുന്നു. തീരുമാനിച്ച കഥ ഇഷ്ടമാകുന്നു. ഫുൾസീൻ ഓർഡറോടെയാണ് കഥ പറയാൻ പോയത്. കഥ പറയാൻ പോകുന്ന സമയത്ത് ഇന്ത്യയിലെതന്നെ നമ്പർവൺ സംവിധായകരാണ് ദുൽഖറെ സമീപിക്കാൻ വന്നത്. അത്രയ്ക്കും തിരക്കുള്ള നടനായി ദുൽഖർ വളർന്നു. തിരക്കഥ വായിച്ച് ദുൽഖർ കുറച്ച് നിർദ്ദേശങ്ങൾ നൽകി. ഞങ്ങൾ അത് പോസിറ്റീവ് ആയി എടുത്തു. തിരക്കഥ വീണ്ടും ചെറിയ തിരുത്തലുകൾ നടത്തി. അങ്ങനെയാണ് ഒരു യമണ്ടൻ പ്രേമകഥ ഉണ്ടാകുന്നത്. നർമം മാത്രമല്ല ഇതിൽ നല്ലൊരു കഥയും പറയുന്നുണ്ട്.

എഴുത്താണോ സംവിധാനമാണോ അഭിനയമാണോ കൂടുതൽ ഇഷ്ടം?
എഴുത്ത് തുടരും. അഭിനയിക്കാനാണ് കൂടുതൽ ആഗ്രഹം. എന്നാൽ ഒത്തിണങ്ങിയ കഥ കിട്ടിയാൽ സംവിധാനം ചെയ്യും. സംവിധാനം എഴുത്തുപോലെയോ അഭിനയം പോലെയോ അല്ല. അത് വലിയ ഉത്തരവാദിത്വമുള്ള ജോലിയാണ്. സിദ്ദിഖ്-ലാൽമാരുടെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അത്തരം സിനിമകൾ എനിക്ക് പ്രചോദനമായിരുന്നു. റാംജിറാവു സ്പീക്കിങ്, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി എന്നീ സിനിമകൾ എത്രവട്ടം കണ്ടിരിക്കുന്നു. ഞാൻ എഴുതുന്ന അല്ലെങ്കിൽ ഞാൻ ഭാഗമാകുന്ന സിനിമകൾ എല്ലാവരും കാണാനാണ് എന്റെ ആഗ്രഹം. സംവിധാനമായാലും തിരക്കഥയായാലും നർമത്തിനായിരിക്കും പ്രാധാന്യം. അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഋതിക്‌റോഷൻ, ഒരു യമണ്ടൻ പ്രേമകഥ, ഞങ്ങളുടെ ഈ മൂന്നുതിരക്കഥകളിലും നർമമുണ്ട്. ചിരിക്കാനുണ്ട്. പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതാണ് ഞങ്ങളുടെ സിനിമകൾ. ആരാണ് ചിരിക്കാൻ ആഗ്രഹിക്കാത്തത് ?