- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂരിഭാഗം ചോദ്യങ്ങൾക്കും ഉത്തരമില്ല; അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറി ദിലീപ്; ഉദ്യോഗസ്ഥരോടുള്ള പ്രതികരണം പൊട്ടിക്കരച്ചിലിലൊതുക്കി നടൻ; നടിയെ അക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത് ആലുവയിൽ തുടരുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ ചോദ്യം ചെയ്യൽ ആലുവ പൊലീസ് ക്ലബ്ബിൽ പുരോഗമിക്കുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ പതറി പ്രതി ദിലീപ്. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.ഫോണിലെ ഫോറെൻസിക് ഫലങ്ങളിലെ വിവരങ്ങൾ സംബന്ധിച്ച ദിലീപിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാണ് നീക്കം.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉൾപ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. അതേസമയം, ദിലീപിന്റെ ഫോണിലെ ഫൊറെൻസിക് പരിശോധനയിൽ നിന്നും നിർണായകമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭ്യമായിരിക്കുന്നത്. പകർപ്പെടുക്കാൻ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളും ദിലീപിന്റെ കൈയിലുണ്ടായിരുന്നെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകൾ കേസിൽ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറൻസിക് വിദഗ്ദ്ധർ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകൾ ലഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. ദിലീപിന്റെ ഫോണിൽ നിന്നും മാറ്റപ്പെട്ട കോടതി രേഖകൾ ഫോറൻസിക് സംഘം വീണ്ടെടുത്തു.കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയിൽ നിന്നും രഹസ്യ രേഖകൾ എത്തിയെന്ന വിവരം പൊലീസ് തന്നെ സ്ഥിരീകരിച്ചത് വൻ വഴിത്തിരിവുകൾക്ക് ഇടയാക്കുമെന്നും സൂചനയുണ്ട്.
ജഡ്ജിയോ സ്റ്റാഫോ ആയിരിക്കില്ലേ രേഖകൾ അയച്ചതെന്ന പൊലീസിന്റെ ചോദ്യത്തിന് സ്വാഭാവികമെന്ന മറുപടിയാണ് സായ് ശങ്കർ നൽകിയത്.അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് കൃത്യം നിർവഹിച്ചതെന്നും സായ് ശങ്കർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.ഇതിന് പിന്നാലെ രേഖകൾ വീണ്ടെടുക്കാൻ സായ്യുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐമാക് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.ദിലീപിന്റെ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കർ തന്നെയാണെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
2022 ജനുവരി 29 മുതൽ 31 വരെയുള്ള തീയതികളിൽ കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ താമസിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ രാവിലെ 11.30 ഓടെയാണ് തുടങ്ങിയത്.നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.
കേസിൽ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാൽ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നടപടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയോ, മുഖ്യപ്രതിയുമായുള്ള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവയെല്ലാമാണ് ദിലീപിൽ നിന്ന് ചോദിച്ചറിയുക.
മറുനാടന് മലയാളി ബ്യൂറോ