പൂണെ: ബോളിവുഡ് നടനും സംവിധായകനുമായ ദേവൻ വർമ്മ (77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വസതിയിൽ വച്ചായിരുന്നു അന്ത്യം. പുലർച്ചെ രണ്ടിന് പൂനയിലെ വസതിയിൽ വച്ച് അന്ത്യം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1957 ൽ പൊളിറ്റിക്‌സിലും സോഷ്യോളജിയിലും ബിരുദം നേടിയ ശേഷമാണ് വർമ്മ സിനിമയിൽ എത്തുന്നത്. തുടക്കത്തിൽ തന്റെ നാടകീയ അഭിനയ ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച അദ്ദേഹം പിന്നീട് ഹാസ്യ റോളുകൾ കൈകാര്യം ചെയ്യുന്നതിലും വിജയിച്ചു.

വർമ്മ അഭിനയിച്ച നാടകം കാണാനിടയായ പ്രശസ്ത നിർമ്മാതാവ് ബി.ആർ ചോപ്രയാണ് 1961 ൽ 'ധർമ്മപുത്ര' എന്ന ചിത്രത്തിൽ വേഷം നൽകിക്കൊണ്ട് വർമ്മയെ സിനിമയിലെത്തിക്കുന്നത്. 1963 ൽ പുറത്തിറങ്ങിയ 'ഗുംര' എന്ന ചിത്രത്തിലൂടെ ഹാസ്യ റോളുകളിലേക്ക് ചുവടുവച്ചു. എന്നാൽ ഹാസ്യകഥാപാത്രങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴും നിരവധി ക്യാരക്ടർ റോളുകൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഗോൽമാൽ, കാമോഷി, ആംഗൂർ, ചോരി മേരാ കാം, അന്ദാസ് അപ്ന അപ്ന, ബെമിസൽ, ദിൽ തോ പാഗൽ ഹെ, ഖോറാ കാഗസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ. 2003 ൽ പുറത്തിറങ്ങിയ 'കൽക്കട്ട മെയിൽ' ലാണ് ഒടുവിൽ അഭിനയിച്ചത്. പ്രമുഖ നടൻ അശോക് കുമാറിന്റെ മകൾ രൂപ ഗാംഗുലിയാണ് ഭാര്യ. യാർവാടയിലെ ശ്മശാനത്തിൽ നടന്ന സംസ്‌കാര ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.