കൊച്ചി: മലയാള സിനിമയിലെ പുതുതലമറയ്ക്ക് പ്രതാപ് പോത്തൻ എന്ന പേരിനോടുള്ള പ്രിയം ന്യൂജൻ ചിത്രങ്ങളിൽ അഭിനയിച്ച താരമായിട്ടാണ്. പുതുതലമുറ നായകന്മാർക്കൊപ്പം ശ്രദ്ധേയ വേഷങ്ങളിൽ എത്തി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം മലയാളത്തിലെ ശ്രദ്ധേയ സിനിമകളുടെ സംവിധായകന് കൂടിയാണ്. തെന്നിന്ത്യൻ അഭിനയ പ്രതിഭാസമായ ശിവാജി ഗണേശവനെയും മോഹൻ ലാലിനെയും സ്‌ക്രീനിൽ ഒരുമിപ്പിച്ച സംവിധായകനാണ് പ്രതാപ് പോത്തൻ. 1997ൽ ഇരുവരെയും ഒരുമിപ്പിച്ച യാത്രാമൊഴി എന്ന സിനിമയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം എടുത്തണിയാൻ ഒരുങ്ങുകയാണ് പ്രതാപ് പോത്തൻ. മലയാളത്തിലെ ശ്രദ്ധേയ സിനിമകളിൽ ഒന്നായിരുന്നു യാത്രാമൊഴി. ഇങ്ങനെ ശ്രദ്ധ നേടിയ സിനിമയ്ക്ക് ശേഷം വീണ്ടും സംവിധായകനാകുമ്പോൾ വ്യത്യസ്തത വേണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ മലയാളത്തിലെ ഒരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. പുതിയ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾ അദ്ദേഹം മറുനാടൻ മലയാളിയോട് പങ്കുവച്ചു.

തന്റെ പുതിയ ചിത്രം മലയാളികൾക്ക് ഒരു പുതിയ അനുഭവമാകുമെന്നാണ് പ്രതാപ് പോത്തൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ താൻ ഉറപ്പു നൽകുന്നതായും അദ്ദേഹം പറഞ്ഞു. താൻ ഒരുക്കുന്നത് ഒരു പ്രണയചിത്രമാണ്. മണിരത്‌നം സിനിമകളിലേത് പോലെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാ പ്രണയ സമവാക്യമാവില്ല ഈ ചിത്രത്തിൽ. അതേസമയം തന്റെ സിനിമ ലവ് അറ്റ് ലാസ്റ്റ് സൈറ്റ് ആവുമെന്നാണ് പ്രതാപ് പോത്തന്റെ വാദം. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും. ദുൽഖർ സൽമാനാണ് സിനിമയിലെ നായകൻ. നായിക ആരാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വർക്കലയിൽ ആയിരിക്കുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങുക.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രശസ്ത യുവ സംവിധായികയായ അഞ്ജലി മേനോനാണ്. ഉസ്താദ് ഹോട്ടലിനു ശേഷം അഞ്ജലി തിരക്കഥയിൽ മാത്രം ഊന്നി നിൽക്കുന്ന ഈ പ്രതാപ് പോത്തൻ സിനിമക്ക് ഇതു വരെ പേരിട്ടിട്ടില്ല. മുൻപ് 1991 ചൈതന്യ എന്നാ നാഗാർജുന നായകനായ തെലുങ്ക് ചിത്രത്തിലൂടെ പ്രതാപ് പോത്തൻ തന്നെ ഇന്ത്യൻ സിനിമക്ക് പരിചയപെടുത്തിയ ലോകപ്രശസ്തനായ ക്യാമറ മാൻ രാജീവ് മേനോൻ ആണ് സിനിമയിൽ ക്യാമറ വിഭാഗം കൈകാര്യം ചെയുന്നത്. ഇന്ത്യയിലെ ആദ്യ തീഡി ദൃശ്യ വിസ്മയം ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ സോവിധാനം ചെയ്ത ജിജോ പുന്നുസ് ആയിരിക്കും സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ എന്നും പ്രതാപ് പോത്തൻ വ്യക്തമാക്കി. തന്നെക്കാൾ പരിചയസമ്പത്തും കഴിവും സിനിമയിൽ പ്രതിഫലിപ്പിച്ച ജിജോ ഈ സിനിമയിൽ എത്തുന്നത് തന്നോടുള്ള സ്‌നേഹം കൊണ്ടും തന്റെ നിർബന്ധം കൊണ്ടാണെന്നും പ്രതാപ് പോക്കൻ പറയുന്നു.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ബംഗ്ലൂർ ഡേയ്‌സിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് അഞ്ജലിയുമായി താൻ സൗഹൃദം സ്ഥാപിച്ചതെന്ന് പ്രതാപ് പോത്തൻ പറയുന്നു. തുടർന്ന് ഒരു സിനിമക്കു വേണ്ടി മനസ്സിൽ സൂക്ഷിച്ച ഒരു കഥ അഞ്ജലി മേനോന് അയച്ചു കൊടുക്കുകയായിരുന്നു. തുടർന്ന് അഞ്ജലി മേനോൻ വേറൊരു കഥ പറഞ്ഞു, ആ കഥ എനിക്കും ഇഷ്ടമായി. അവസാന ചർച്ചകൾകൊടുവിൽ അഞ്ജലി പറഞ്ഞ കഥയിൽ സിനിമയെടുക്കാൻ തീരുമാനിക്കുക ആയിരുന്നു.- പ്രതാപ് പോത്തൻ പറഞ്ഞു.

തന്റെ ജ്യേഷ്ടൻ ഹരി പോത്തന്റെ സ്ഥാപനമായ സുപ്രിയ ഫിലിംസിന്റെ ബാനറിലായിരിക്കും പുതിയ ചിത്രത്തിന്റെ നിർമ്മാണം. ഒപ്പം രജപുത്രയുടെ സഹകരണവും നിർമ്മാണത്തിൽ ഉണ്ടാകും. ജ്യേഷ്ടൻ ഹരി പോത്തൻ അന്തരിച്ചു 20 വർഷം പൂർത്തിയാകുന്ന വർഷം ആയതുകൊണ്ട് അദേഹത്തിന്റെ ഒരു ഓർമ്മയും ഈ ചിത്രത്തിന് ഉണ്ടാകുമെന്നും പ്രതാപ് പോക്കൻ പറയുന്നു. 1968ൽ അശ്വമേധമെന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ നിർമ്മാണ പ്രവർത്തനം തുടങ്ങിയ ഹരി പോത്തന്റെ സുപ്രിയ ഫിലിംസ് മലയത്തിലെ ആദ്യ കളർ ചിത്രം നദിയും രാമു കാര്യാട്ടിന്റെ ചെമ്മീൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. സുപ്രിയയുടെ ബാനറിൽ നിർമ്മിക്കുന്ന 45 മത്തെ ചിത്രമാണ് പ്രതാപ് പോത്തന്റെ പുതിയ ദുൽഖർ സൽമാൻ ചിത്രം.

താൻ സിനിമയിൽ എത്തിയത് വളരെ ആകസ്മികയമായാണ്. സിനിമയിൽ എത്തിയ ശേഷം എല്ലാം സിനിമയായി മാറി. തന്നോടൊപ്പം സിനിമയിൽ പണ്ട് മുതലേ ഒപ്പമുള്ളവരും അതുപോലെ ഇപ്പോഴും തന്നെ സ്‌നേഹിക്കുന്നവരും എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് എന്നാണ് അടുത്ത സിനിമയെന്നത്. സിനിമകൾ എപ്പോഴും ചെയ്യാൻ എല്ലാ അവസരങ്ങളുമുള്ള ആളായിട്ടും താൻ അതിനു വേണ്ടി തിടുക്കം കാണിക്കാത്തത് ഓടി നടന്നു പടം ചെയ്യാൻ തനിക്കാവില്ല എന്നതു കൊണ്ടാണ്. ഇതുവരെയുള്ള അഭിനയ ജീവിതത്തിലും അത് ശ്രദ്ധിക്കുന്ന ആളാണ് താനെന്നും പ്രതാപ് പോത്തൻ വ്യക്തമാക്കുന്നു.

മലയാള സിനിമയിൽ ഒരു പുതുമ കൊണ്ടുവരാനുള്ള ആഗ്രഹവും ശ്രമവുവും തന്റെ പുതിയി സിനിമയിൽ കാണാമെന്നാണ് പ്രതാപ് പോത്തന് പ്രേക്ഷകരോട് പറയാനുള്ള ഉറപ്പ്. പുതിയ ചിത്രത്തെ കുറിച്ച് വലിയ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ഊട്ടിയിലെ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് മുടിനീട്ടി വളർത്തി സ്‌റ്റൈലിൽ നടന ഇളയ പോത്തനെ തകര യായി വന്നു നടനാക്കിയതും പിന്നീട് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംവിധായകനാക്കിയതും ഭരതൻ എന്ന സംവിധായകനാണ്. തന്റെ എല്ലാ ചിത്രങ്ങളുടെയും സമർപ്പണം ഭരതനാണെന്നും പ്രതാപ് പോത്തൻ വ്യക്തമാക്കുന്നു.

1985ൽ തമിഴിൽ പുറത്തിറങ്ങിയ മിണ്ടും ഒരു കാതൽ കഥൈ എന്നാ ചിത്രമാണ് പ്രതാപ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നിട് 1987ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഋതുഭേദമെന്ന രണ്ടാം ചിത്രം ഒരുക്കി മലയാളത്തിൽ സംവിധാന സാന്നിധ്യം അറിയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് അന്ന് നടൻ തിലകന് ദേശിയ അവാർഡു ലഭിച്ചിരുന്നു. പിന്നീട് വന്ന കമൽഹാസൻ അഭിനയിച്ച മലയാള ചിത്രം ഡെയ്‌സി മലയാളത്തിലെ ആദ്യ ക്യാമ്പസ് ഹിറ്റ് ചിത്രമായിരുന്നു. ഡെയ്‌സിയിലെ പാട്ടുകൾ പാടി നടക്കാത്ത മലയാളികൾ ഇല്ല. പാട്ടിന് പ്രാധാന്യം നൽകുന്ന ഭാരതന്റെ ശിഷ്യനായ പ്രതാപ് പോത്തൻ പുതിയ ചിതത്തിലെ പാടിനെ കുറിച്ചും മറുനാടൻ മലയാളിയുടെ ചോദ്യത്തിനു ഉത്തരം ഇങ്ങനെയായിരുന്നു.

തന്റെ പുതിയ സിനിമയിലെ ഗാനങ്ങളും മലയാളികൾക്ക് ഒരു ഹരമാകും എന്നതിൽ എനിക്ക് സംശയമില്ല. സംഗീത സംവിധായകൻ ആരാണെന്നു ഇപ്പോൾ പറയുന്നില്ല അത് എന്നെ സ്‌നേഹിക്കുന്ന, ഇന്ത്യൻ സംഗീതത്തെ സ്‌നേഹിക്കുന്ന മലയാളികൾക്ക്, മറുനാടൻ മലയാളി വായിക്കുനവർക്ക് ഞാൻ നൽകുന്ന ഒരു ചെറിയ സസ്‌പെൻസ് ആണ്. അത് പൊളിക്കാൻ സമയമായില്ല- പ്രതാപ് പോത്തൻ വ്യക്തമാക്കി. ഇന്ത്യൻ സംഗീത രംഗത്ത് അറിയപ്പെടുന്ന ശ്രദ്ധേയ വ്യക്തിത്വമായിരിക്കും എന്നാണ് പ്രതാപ് പോത്തൻ വ്യക്തമാക്കുന്നത്. ഋതുഭേതവും, ഡെയ്‌സിക്കും ഒരു യാത്രാമൊഴിക്കും ശേഷം പ്രതാപ് പോത്തൻ ഒരുക്കുന്ന സിനിമയെ ആകാംക്ഷയോടെയാണ് മലയാള സിനിമാ ലോകവും കാത്തിരിക്കുന്നത്.