കൊല്ലം: നാടകരംഗം മലയാള സിനിമയ്ക്ക് എക്കാലവും മികച്ച പ്രതിഭകളെയാണ് സമ്മാനിച്ചിട്ടുള്ളത്. എൻ എൻ പിള്ളയും തിലകനുമൊക്കെ നാടക രംഗത്തെ കുലപതികളായി നിന്ന വെള്ളിത്തിരയിൽ പ്രതിഭ തെളിയിച്ച വ്യക്തിത്വങ്ങളാണ്. മൺമറഞ്ഞ ഇവരുടെ കൂട്ടത്തിലേക്ക് കൊല്ലം ജി കെ പിള്ള(84) വിടവാങ്ങുമ്പോൾ മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം കൂടിയാണ് ഉണ്ടാകുന്നത്. പ്രമുഖ നാടക സിനിമ സീരിയൽ നടൻ ചവറ പന്മന നികുഞ്ജത്തിൽ ജി.കെ.പിള്ളയുടെ മരണം ഇന്നലെ രാത്രി കുടുംബവീട്ടിൽ വച്ചായിരുന്നു.

പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ പ്രമുഖ നാടകസമിതിക്കാർക്ക് ഒഴിവാക്കാൻ പറ്റാത്ത പേരായിരുന്നു ജി.കെ.പിള്ള എന്നത്. കെ.എസ്.ആർ.ടി.സി.യിൽ ചെക്കിങ് ഇൻസ്‌പെക്ടറായിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തനടക്കം ഒട്ടേറെ ചലച്ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

നിലവിളക്ക് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ജി.കെ.പിള്ളയുടെ കാഴ്ച നഷ്ടമായി. നിരവധി ചികിത്സകൾ നടത്തിയെങ്കിലും പിന്നീടൊരിക്കലും അരങ്ങത്തേക്കുവരാൻ കഴിഞ്ഞില്ല. 1950ൽ സ്‌കൂൾ നാടകത്തിൽ സിപിഐ(എം) നേതാവും മുൻ മേയറുമായ എൻ. പത്മലോചനനൊപ്പം അഭിനയിച്ചുകൊണ്ടാണു പിള്ള വേദിയിലേക്കെത്തിയത്.

നർമം കൊണ്ടു പ്രേക്ഷകരെ ഇളക്കിമറിച്ചുള്ള പിള്ളയുടെ അഭിനയത്തികവിൽ സന്തുഷ്ടനായ പ്രഥമാദ്ധ്യാപകൻ ചാക്കോ രണ്ട് ഇംഗ്ലിഷ് പുസ്തകങ്ങൾ സമ്മാനിച്ചു. അപ്പോൾ പിള്ള ഉറപ്പിച്ചതാണു തന്റെ ജീവിതം വേദിയിൽതന്നെ. 1962ൽ കൊല്ലം യൂണിവേഴ്‌സൽ തിയറ്റേഴ്‌സിന്റെ നാടമായ ദാഹജലത്തിലൂടെ സജീവമായി. കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ലഭിച്ചതിനാൽ അഭിനയം കൊല്ലത്തെ വിവിധ തിയറ്ററുകളിലായിരുന്നു. പ്രശസ്ത സംവിധായകൻ ശശികുമാറാണു സിനിമയിലേക്കു ക്ഷണിച്ചത്. ആദ്യം അഭിനയിച്ചത് എ.എൻ. തമ്പി സംവിധാനം ചെയ്ത മാസപ്പടി മാതുപിള്ളയിൽ.

മുച്ചീട്ടുകളിക്കാരന്റെ മകൾ, പുഷ്പശരം, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മലയാളത്തിലെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ഭവാനിയമ്മ. കൊല്ലം അമ്മച്ചിവീട് രാധാഭവനത്തിൽ കെ പി ഗോപാലപിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനായി 1934 ഓഗസ്റ്റ് 29നായിരുന്നു ജനനം. കൊല്ലം ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ 1950ൽ അരിവാൾ എന്ന ഏകാംഗ നാടകത്തിൽ അഭിനയിച്ചായിരുന്നു കലാരംഗത്തേക്കുള്ള അരങ്ങേറ്റം.

ജയന്റെയും മോഹൻലാലിന്റെയും ഹിറ്റ് ചിത്‌റങ്ങളടക്കം എഴുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. നിരവധി സീരിയലുകളിലും അഭിനയിച്ചു. ഭാര്യ: മാധവിക്കുട്ടിയമ്മ. മക്കൾ: ജയശ്രീ, ഉഷ, വിജയശ്രീ, ബിന്ദുശ്രീ. മരുമക്കൾ: ബാലചന്ദ്രബാബു, രാധാകൃഷ്ണൻ, വിജയൻ, ജയപ്രപകാശ്. ശവസംസ്‌കാരം ഞായറാഴ്ച രാത്രി 7.30ന് മുളങ്കാടകം ശ്മശാനത്തിൽ നടക്കും.