തിരുവനന്തപുരം: എൽഡിഎഫിന് തുടർഭരണം കിട്ടിയതിന്റെ വിജയദിനാഘോഷത്തിനിടെ എകെജിസെന്ററിൽ നടത്തിയ കരിമരുന്ന് പ്രയോഗത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഇന്നലെ രാത്രി ഏഴ് മണിക്ക് എല്ലാ വീടുകളിലും ദീപശിഖ കൊളുത്തി വിജയദിവസം ആഘോഷിക്കാൻ എൽഡിഎഫ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിൽ കരിമരുന്ന് പ്രയോഗം നടത്തിയത്.

38460 രോഗികൾ പുതിയതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച തനിക്കില്ലെന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.

അതെസമയം പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനും, പിപിഇ കിറ്റ് അണിഞ്ഞ് ആബുലൻസിന്റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് ഡിവൈഎഫ്‌ഐ സഖാക്കളുടെ കമ്മ്യൂണിസം മനസിലാക്കാനും തനിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. സിപിഎം അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള പേരടി തന്റെ രാഷ്ട്രീയനിലപാടുകൾ മുമ്പും ഫേസ്‌ബുക്കിൽ തുറന്നെഴുതിയിട്ടുണ്ട്.

 

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു...PPE കിറ്റ് അണിഞ്ഞ് ആബുലൻസിന്റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് DYFI സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാൻ പറ്റുന്നുണ്ട്.... 38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല... ഒരുപാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിന്റെ കുഴപ്പമാണ്... ക്ഷമിക്കുക.