- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു; ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും; മരണം വരെ അതിൽ മാറ്റമില്ല'; വ്യാജ പ്രചരണത്തിന് മറുപടിയുമായി ഇന്നസെന്റ്
തൃശൂർ: രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരിച്ച് നടനും മുൻ ചാലക്കുടി എംപിയുമായ ഇന്നസെന്റ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇന്നസെന്റ് വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചത്. തനിക്ക് പറയാനുള്ളത് താൻ പറഞ്ഞോളാമെന്നും അതിന്റെ ഉത്തരവാദിത്തം വേറെയാരും ഏറ്റെടുക്കേണ്ടെന്നും ഇന്നസെന്റ് പോസ്റ്റിൽ വ്യക്തമാക്കി.
ഇടതുപക്ഷക്കാരനായത് വലിയ തെറ്റാണെന്നും അതിൽ നൂറുവട്ടം പശ്ചാത്തപിക്കുന്നുവെന്നും ഇന്നസെന്റ് പറഞ്ഞതായുള്ള സോഷ്യൽമീഡിയ പ്രചരണത്തിലാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് വളർന്നതും ജീവിച്ചതുമെന്നും മരണം വരെ അതിൽ മാറ്റമുണ്ടാകില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്നസെന്റ് രംഗത്തെത്തിയത്.
ഇന്നസെന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ...
എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു.
ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും.
മരണം വരെ അതിൽ മാറ്റമില്ല.
എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം.
മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല.
എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.
ഇന്നസെന്റിന്റെ പേരിൽ പ്രചരിച്ച പോസ്റ്റർ ഇങ്ങനെ...
'സിനിമയിൽനിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി അതെന്റെ വലിയ തെറ്റ് ഇന്ന് ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു' ഇന്നസെന്റിന്റെ ഫോട്ടോ ഉൾപ്പടെയുള്ള പോസ്റ്ററിലെ വരികളാണിത്. കൂടാതെ, 'കമ്മ്യൂണിസം യഥാർഥത്തിൽ ജനസേവനത്തിന്റെ ഏഴയലത്ത് പോലും പ്രവർത്തിക്കുന്നില്ല. ഇവിടെ നേതാക്കൾ ഉല്ലസിക്കുന്നു. അണികൾ ത്യാഗങ്ങൾ സഹിച്ച് ആർപ്പുവിളിക്കുന്നു. പൊതുജനം നിസഹായരായി നോക്കി നിൽക്കുന്നു'- എന്നും ഇന്നസെന്റ് പറഞ്ഞതായി പ്രചരണമുണ്ടായിരുന്നു.
ഏതായാലും ഇക്കാര്യത്തിൽ സോഷ്യൽ മീഡിയ പ്രചരണം വ്യാപകമായതോടെയാണ് ഇന്നസെന്റ് ഫേസ്‌ബുക്കിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഏതായാലും ഇന്നസെന്റിന്റെ പ്രതികരണം ഫേസ്‌ബുക്കിൽ വൈറലായി കഴിഞ്ഞു. ഇതിനോടകം നൂറു കണക്കിന് ആളുകൾ ഈ പോസ്റ്റിൽ ലൈക് ചെയ്യുകയും കമന്റിടുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.