- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പന്ന കുടുംബത്തിൽ നിന്ന് എന്നോടൊപ്പം വന്നു; മിക്ക ജോലികളും തന്നെയാണ് ചെയ്തിരുന്നത്; അവൾ പരാതികളൊന്നും പറഞ്ഞിട്ടില്ല; വീട്ടിലെ അച്യുതണ്ടായി; രമയെ കുറിച്ച് പറയാൻ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല; അന്ന് ജഗദീഷ് പറഞ്ഞത്
തിരുവനന്തപുരം: നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചത് വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവിയായിരുന്നു രമ. അറുപത്തിയൊന്നാം വയസിലാണ് മരണം സംഭവിച്ചിരിക്കുന്നത്. ജഗദീഷിന്റെ സിനിമാ ജീവിതം ആരാധകർക്ക് ഏറെ പരിചിതമായിരുന്നെങ്കിലും ഭാര്യ രമയെ പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഒന്നും പലപ്പോഴും കാണാറില്ലായിരുന്നു. അതിന്റെ കാരണം പലപ്പോഴും അഭിമുഖങ്ങളിലും മറ്റും ജഗദീഷ് പറഞ്ഞിട്ടുണ്ട്.
തന്റെ ജീവിതത്തിൽ ഭാര്യ രമ വഹിക്കുന്ന പങ്കിനെ കുറിച്ച് മുമ്പ് വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ജഗദീഷ് തുറന്ന് പറഞ്ഞിരുന്നു. സമ്പന്നമായ കുടുംബത്തിൽ നിന്നും തന്നോടൊപ്പം ജീവിക്കാൻ എത്തിയപ്പോഴും പരാതികൾ പറയാതെ എല്ലാത്തിനോടും പൊരുത്തപ്പെടാനാണ് രമ ശ്രമിച്ചിരുന്നത് എന്നാണ് അന്ന് അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞത്.
ആദ്യമായി സ്വപ്നഭവനം പണിതപ്പോൾ നടന്ന രസകരമായ സംഭവങ്ങളും ഓർമകളും പങ്കുവെച്ചുകൊണ്ടായിരുന്നു അന്ന് ജഗദീഷ് വനിതയ്ക്ക് അഭിമുഖം നൽകിയത്. 'വിവാഹത്തിന് മുമ്പ് തന്നെ കോളജ് അദ്ധ്യാപകനായി ജോലി കിട്ടിയിരുന്നു. മൂത്ത ചേട്ടന്മാരെല്ലാം വിവാഹം കഴിക്കുന്നത് അനുസരിച്ച് പുതിയ വീടുകൾ വെച്ച് അവിടേക്ക് താമസം മാറി. രമയെ ഞാൻ വിവാഹം കഴിച്ചുകൊണ്ട് വന്നത് അച്ഛനും ഞാനും ചേർന്ന് പണം മുടക്കി നിർമ്മിച്ച കൊച്ചുവീട്ടിലേക്കാണ്.
രമ വളരെപ്പെട്ടന്ന് തന്നെ ആ വീടിനോട് ഇണങ്ങി ചേർന്നു. ഞങ്ങളുടേതിനേക്കാൾ വളരെ അധികം സൗകര്യമുള്ള വീടായിരുന്നു രമയുടേത്. അവിടെ നിന്ന് ഈ കുറവുകളിലേക്ക് വന്നിട്ടും അവൾ പരാതികളൊന്നും പറഞ്ഞിട്ടില്ല. സിനിമയിൽ തിരക്കായി തുടങ്ങിയ ശേഷമാണ് ഞാനും രമയും കൂടി ഞങ്ങൾക്കായി ഒരു വീട് വെക്കാൻ തീരുമാനിച്ചത്. രമയാണ് എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ നോക്കിയത്.'
'ഉള്ള പണം വെച്ച് ഭംഗിയായി അധികം ആഡംബരമില്ലാതെ ഒരു കൊച്ച് വീടുവെക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മിക്ക സിനിമാക്കാരെയും പോലെ വീട്ടിലെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാൻ എനിക്ക് പറ്റിയിട്ടില്ല. പക്ഷെ രമ അക്കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല. മിക്ക ജോലികളും പുള്ളിക്കാരി തന്നെയാണ് ചെയ്തിരുന്നത്. ഡ്രൈവറിനേയും കുക്കിനേയും തോട്ടക്കാരനേയും പോലും അടുത്ത കാലത്ത് ജോലിക്ക് വെച്ചത്.
ഇങ്ങനെ എല്ലാ വീട്ടിലും അച്യുതണ്ടായി പ്രവർത്തിക്കുന്ന സ്ത്രീകളുണ്ട്. പല ഭർത്താക്കന്മാരും ഭാര്യമാരുടെ വില മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവരെ മനസിലാക്കി ഭർത്താക്കന്മാർ പെരുമാറിയാൽ വീട് സ്വർഗമാകും. ഭാര്യ ഡോക്ടർ ആയതുകൊണ്ട് അതെ പ്രഫഷൻ തന്നെ രണ്ട് പെൺ മക്കളും തെരഞ്ഞെടുത്തു. എന്റെ പെൺമക്കൾ രണ്ടുപേരും അവരുടെ അമ്മയുടെ പ്രഫഷൻ തെരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനമേയുള്ളൂ' ജഗദീഷ് പറഞ്ഞു.
മഴവിൽ മനോരമയിലെ ഒരു പരിപാടിയിൽ ജഗദീഷ് പറഞ്ഞത് ഇങ്ങനെ; 'എനിക്ക് ചാനലുകളിൽ പ്രത്യക്ഷപ്പെടാൻ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കിൽ സിനിമാ പ്രസിദ്ധീകരണങ്ങളിൽ എന്റെ ഫോട്ടോ അച്ചടിച്ചു വരുന്നതിൽ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം അതിലൊന്നും താത്പര്യമില്ലാത്തയാളാണ് രമ. മാഗസിനുകൾ അഭിമുഖത്തിന് വരുമ്പോൾ ഫോട്ടോ എടുക്കാൻ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാർ ചാനലുകളിലൊക്കെ വരാറുണ്ട്.
എന്തുകൊണ്ടാണ് ജഗദീഷിന്റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരൻ സക്കറിയ ഒരിക്കൽ ചോദിച്ചു. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങൾക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച് പറയാൻ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല. അത്രത്തോളം പറയാനുണ്ട്. ഒരുകാര്യം മാത്രം പറഞ്ഞുനിർത്താം. എന്റെ രണ്ടു പെൺമക്കളും ഡോക്ടർമാരായി തീർന്നിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്'.
കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറൻസിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ നിർണായകമായിരുന്നു. അസുഖത്തെ തുടർന്ന് രമ ഏറെ നാളുകളായി കിടപ്പിലായിരുന്നു. മറ്റ് നടന്മാരുടെ ഭാര്യമാരെപ്പോലെ എപ്പോഴും പൊതുവേദികളിൽ ജഗദീഷിനൊപ്പം രമ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. രമയ്ക്ക് മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനായിരുന്നു എന്നും താൽപര്യം.
സ്ഥലത്തെ പ്രധാന പയ്യൻസ്, ഭാര്യ, സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250ഓളം സിനിമകളിൽ ജഗദീഷ് അഭിനയിച്ചിട്ടുണ്ട്. 2016ൽ പത്തനാപുരം മണ്ഡലത്തിൽനിന്നും സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ വിജയിച്ചില്ല. 1984ൽ നവോദയയുടെ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. പ്രധാനമായും ഹാസ്യ പ്രധാനമായ വേഷങ്ങളാണ് ജഗദീഷ് ചെയ്തത്. ഏഷ്യാനെറ്റിൽ ഹാസ്യ താരങ്ങൾക്കായി നടത്തിയ മിന്നും താരം എന്ന പരിപാടിയുടെ അവതാരകനും ആയിരുന്നു. ഇൻ ഹരിഹ നഗർ എന്ന ചിത്രത്തിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രം ജഗദീഷിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.
ന്യൂസ് ഡെസ്ക്