തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ബിജെപിയുടെ രഹസ്യ പിന്തുണയുണ്ടെന്ന് നടൻ ജ​ഗദീഷ്. ഇടതുപക്ഷത്തുള്ള സിനിമാപ്രവർത്തകർ ഇക്കാര്യം തന്നോടു പറഞ്ഞിരുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്. മനോരമക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ആർഎസ്എസ് നേതാവ് ബാലശങ്കറിന്റെ പ്രസ്താവനയിൽ ബിജെപി- സിപിഎം ധാരണയുടെ ഉള്ളുകള്ളികൾ പുറത്തുവന്നുവെന്നും ജഗദീഷ് പറയുന്നു. കോൺഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യത്തിനാണ് സിപിഎം പിന്തുണയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷ വിമർശനമാണ് താരം ഉയർത്തിയത്. അഴിമതി അറിഞ്ഞില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.കേരളം ഞെട്ടിപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങൾക്കും മാരകമായ കോവിഡിനും സാക്ഷ്യം വഹിച്ചപ്പോൾ ഇവിടുത്തെ പ്രതിപക്ഷവും കേരള ജനതയും സർക്കാരിന് പിന്തുണ നൽകിയിരുന്നു. എന്നാൽ പിന്നീട് സർക്കാരിന്റെ രീതി മാറി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ മേൽത്തട്ട് അഴിമതി തന്നെയാണ്. അതറിഞ്ഞില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല.

സ്പ്രിങ്ക്ളർ ഉൾപ്പെടെ ആദ്യം അഴിമതിയാരോപണങ്ങൾ വരുമ്പോൾ തള്ളിപ്പറയുകയും പിന്നീട് ഉത്തരമുട്ടിപ്പോവുകയും ചെയ്തത് പല തവണ നമ്മൾ കണ്ടതാണ്. ട്രെയിനപകടം ഉണ്ടായപ്പോൾ അതിന്റെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച മന്ത്രിമാരുടെ നാടാണിത് എന്നും ജ​ഗദീഷ് ചൂണ്ടിക്കാട്ടുന്നു.

യുവ നേതാക്കളുടെ ഭാര്യമാർ വഴിവിട്ട് ഉന്നത ജോലികൾ നേടുന്നവെന്ന ആരോപണം എങ്ങനെയുണ്ടാകുന്നുവെന്ന് ഇടതുപക്ഷം ആലോചിക്കണം.
ഞാനുമൊരു കോളജ് അദ്ധ്യാപകനായിരുന്നു. കാലിക്കറ്റ്, കാലടി സർവകലാശാലകളിലെ പിൻവാതിൽ നിയമനത്തെക്കുറിച്ച് എത്രയോ കാലമായി കേൾക്കുന്നു. സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെ ആവശ്യപ്പെട്ട് കത്തെഴുതിയത് മുഖ്യമന്ത്രി തന്നെയാണ്. ഏതെങ്കിലും ഒരു ഏജൻസി ഒരു കാര്യവുമില്ലാതെ സർക്കാരിനെ കളങ്കപ്പെടുത്താൻ ഇറങ്ങിയിരിക്കുന്നുവെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തുനിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച ജഗദീഷ് വീണ്ടും യുഡിഎഫിനു വേണ്ടി ശനിയാഴ്ച സജീവമായി പ്രചാരണത്തിനിറങ്ങി. ഇത്തവണ മത്സരിക്കാൻ താൽപര്യമില്ലെന്നു താൻ നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നടനും സിറ്റിം​ഗ് എംഎൽഎയുമായ ​ഗണേശ് കുമാറിനെതിരെ ആയിരുന്നു ജ​ഗദീഷിന്റെ മത്സരം. ജ​ഗദീഷിനെതിരായ വിജയത്തോടെ ഹാട്രിക് വിജയമാണ് ഗണേശ് കുമാർ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു ഡി എഫിൽ നിന്ന് ജഗദീഷും എൻ ഡി എയിൽ നിന്ന് ഭീമൻ രഘുവുമാണ് പത്തനാപുരത്ത് ജനവിധി തേടിയത്. 24,562 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഗണേശ് വിജയം സ്വന്തമാക്കിയപ്പോൾ 49,867 വോട്ടുകളാണ് ജഗദീഷ് നേടിയത്. 11,700 വോട്ടുകളാണ് ഭീമൻ രഘു നേടിയത്. 52.39 ശതമാനം വോട്ടുകൾ ഗണേശ് നേടിയപ്പോൾ 35.10 ശതമാനം വോട്ടുകൾ ജഗദീഷ് നേടി. 8.24 ശതമാനം വോട്ടുകൾ മാത്രമാണ് ഭീമൻ രഘുവിന് നേടാൻ കഴിഞ്ഞത്.