തിരുവനന്തപുരം: പ്രശസ്ത മലയാളം സിനിമാതാരം ജഗന്നാഥ വർമ്മ(77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അദ്ദേഹം ബുദ്ധിമുട്ടുകായായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ 8.30തോടെയായിരുന്നു. മുപ്പത്തിയഞ്ചിൽ അധികം വർഷങ്ങളായി മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. 1978 ൽ എ. ഭീം സിങ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മാറ്റൊലിക്ക് ശേഷം 1979 ൽ നക്ഷത്രങ്ങളേ സാക്ഷി,1980 ൽ അന്തഃപ്പുരം, 1984 ൽ ശ്രീകൃഷ്ണപ്പരുന്ത്, 1987 ൽ ന്യൂഡൽഹി തുടങ്ങി 2012 ൽ പുറത്തിറങ്ങിയ ഡോൾസ് വരെ 577 ചിത്രങ്ങളിൽ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രേംനസീർ മുതൽ മോഹൻലാൽ വരെയുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട അദ്ദേഹം. സിനിമാ രംഗത്തെന്ന പോലെ സീരിയൽ രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ മിക്കപ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു അദ്ദേഹം അഭിനയിച്ചത്. ഡിജിപി, ജഡ്ജി തുടങ്ങിയ വേഷങ്ങളിൽ മലയാള സിനിമയിൽ അദ്ദേഹത്തെ പോലെ ശോഭിച്ച മറ്റൊരു നടനില്ല.  ആറാം തമ്പുരാൻ, ലേലം, പട്ടാഭിഷേകം, ലയൺ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമായിരുന്നു അദ്ദേഹത്തിന്. ജനപ്രിയ സീരിയലുകളുടെ ഭാഗമായിരുന്നു അദ്ദേഹം. സീരിയൽ രംഗത്തെ സജീവമായി തുടരവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചിരിക്കുന്നത്.

പൊലീസ് വേഷങ്ങളിൽ സ്ഥിരമായി അഭിനയിക്കുന്ന അദ്ദേഹം സാക്ഷാൽ പ്രേംനസീറിന്റെ പൊലീസ് വേഷത്തെ തിരുത്തിയിട്ടുണ്ട്. എസ് പിയുടെ വേഷമാണ് നസീർ ചെയ്യുന്നത്. യൂണിഫോമിൽ നെഞ്ചിന്റെ ഇരുവശത്തുമായി നക്ഷത്രങ്ങളിങ്ങനെ നിരന്നു കിടക്കുന്നു. വർമ്മ പറഞ്ഞു 'സാർ, എസ് പിക്ക് ഒരു സ്റ്റാറും, അശോകസ്തംഭവുമേ പാടുള്ളൂ'. വർമ്മ ജൂനിയർ നടനാണെന്നതൊന്നും നോക്കാതെ നസീർ അത് അംഗീകരിക്കുകയും, തിരുത്താൻ തയ്യാറാവുകയും ചെയ്തു.

പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്. കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു കഥകളിയിൽ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ കീഴിൽ ചെണ്ടയിൽപരിരിശീലനം നേടിയ അദ്ദേഹം തന്റെ 74ാം വയസ്സിൽ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. തലസ്ഥാനത്തെ സാംസ്കാരിക പരിപാടികളിലും സാന്നിധ്യമായിരുന്നും ജഗന്നാഥ വർമ്മ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തി ചെണ്ടമേളത്തിൽ പരിശീലനം നടത്തുക പോലും അദ്ദേഹം ചെയ്തിരുന്നു.

ജഗന്നാഥ വർമ്മയുടെ കുടുംബത്തിൽ നിന്നും നിരവധി പേർ കലാരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. നടൻ മനു വർമ്മ അഭിനേതാവാണ്. പ്രശസ്ത സംവിധായകൻ വിജി തമ്പി ജഗന്നാഥ വർമ്മയുടെ മരുമകനാണ്.