മലയാളത്തിന്റെ അനശ്വര നടൻ ജയൻ മരിച്ചിട്ട് ഇന്നേക്ക് 40 വർഷം. ലക്ഷണമൊത്ത പൗരുഷമേറിയ ഒരു നടനെ ജയനോളം പിന്നീട് മലയാള സിനിമ കണ്ടിട്ടില്ല. ഇന്ന് ജയൻ ജീവിച്ചിരുന്നെങ്കിൽ എന്ന് അറിയാതെയെങ്കിലും ആഗ്രഹിക്കുന്നവരാണ് മലയാളത്തിലെ സിനിമാ പ്രേമികൾ. കൊല്ലം ഓലയിൽ കൃഷ്ണൻ നായർ എന്ന നേവി ഓഫീസർ മലയാള സിനിമയിൽ നിറഞ്ഞ് നിന്നത് കേവലം അഞ്ച് വർഷം മാത്രമാണ്. ജയൻ ഇന്ദ്രജാലം തീർത്ത കഥാപാത്രങ്ങളും അനശ്വരമാണ്. കോളിളക്കം എന്ന സിനിമയിലെ ലൊക്കേഷനിലെ ഹെലികോപ്റ്ററിൽ തൂങ്ങിയാടിയ ഷോട്ടിനിടയിലാണ് അദ്ദേഹം അപകടത്തിൽപ്പെട്ട് അകാലചരമം പ്രാപിച്ചത്. ജയന്റെ മരണത്തക്കുറിച്ച് ഒപ്പം അഭിനയിച്ച നടി ശ്രീലതാ നമ്പൂതിരി മുൻപ് മറുനാടന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ വായിക്കാം..

ജയന്റെ അവസാന ചിത്രം എന്റേയും!

കോളിളക്കം സിനിമയുടെ ഷൂട്ടിങ് അവസാനമായി നടന്നത് 1980 നവംബർ 16നാണ്. അന്നാണ് ജയനും അപകടമുണ്ടാകുന്നത്. അതിനാൽ തന്നെ നവംബർ 16 എന്നെ സംബന്ധിച്ച് മറക്കാൻ സാധിക്കുകയില്ല. ഈ ഷൂട്ടിങ് കഴിഞ്ഞാണ് ഞാനും ചെന്നെയോട് വിടപറഞ്ഞ് പോകുന്നത്. സെറ്റിലെ എല്ലാവരേയും ദുഃഖത്തിലാഴ്‌ത്തിയ വാർത്ത കൂടിയായിരുന്നു ഇത്. ഡ്യൂപ്പില്ലാതെയാണ് ആ രംഗം അഭിനയിച്ചത്. ആദ്യ ഷോട്ടിൽ സംവിധായകൻ ഈ രംഗം ഓക്കെയാണ് എന്നാണ് പറഞ്ഞത്. എന്നാൽ ഈ രംഗം ഒന്നുകൂടി എടുക്കണമെന്നാണ് ജയൻ പറഞ്ഞത്.

മരുന്ന് തളിക്കാൻ ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് അന്ന് ആ രംഗത്തിനായി ഉപയോഗിച്ചത്. പരിധിയിൽ കൂടുതൽ താഴെയായി നിന്നതോടെ ബാലൻസും നഷ്ടപ്പെട്ടു. ജയൻ ഹെലികോപ്ടറിൽ ആ സമയം തൂങ്ങി കിടക്കുകയായിരുന്നു. ഹെലികോപ്റ്ററിന് അകത്തിരുന്നവർ അനങ്ങിയതോടെ ഹെലികോപ്റ്ററിന്റെ ബാലൻസ് തെറ്റി. ഇതോടെ ജയൻ കൈവിട്ടു. മുട്ട് രണ്ടും താഴെയിടിച്ച് തലയിടിച്ചാണ് ജയൻ നിലം പതിച്ചത്. ചിലർ പല കഥകളും പറഞ്ഞുണ്ടാക്കി. സോമൻചേട്ടനും സുകുമാരനും ചേർന്ന് ചെയ്തതാണ്, ബാലൻ കെ. നായരാണ് പിന്നിലൊന്നൊക്കെ.അതൊക്കെ വെറും കള്ളകഥകൾ മാത്രമാണ്.

ഏറ്റവും കൂടുതൽ വിഷമിച്ചത് ബാലൻ കെ.നായരാണ്,.അദ്ദേഹം ഒരു നല്ലമനുഷ്യനാണ്. ഹെലികോപ്റ്ററിൽ നിന്ന് ചാടിയ വീഴ്ചയിൽ അദ്ദേഹത്തിന്റെ കാൽപാദത്തിന് വലിയ പരിക്കുണ്ടായി. പിന്നീട് സ്റ്റിൽ കമ്പിയിട്ട് ആഴ് വർഷത്തോളം ചികിത്സയും തുടർന്നു. സിനിമയാണെന്നുള്ള ബോധം അന്ന് ജനങ്ങൾക്കില്ലല്ലോ. പലരും ശരിക്കും ചവിട്ടുകയാണെന്നാണ് കരുതിയിരുന്നത്. വർഷങ്ങൾ കഴിഞ്ഞും അദ്ദേഹം അതിന്റെ പേരിൽ പഴി കേട്ടു. ദൈവം തീരുമാനിച്ചതായിരിക്കാം ഒരുപക്ഷേ ആ അവസ്ഥ. ജയൻ ജീവിച്ചിരുന്നാൽ ജീവശവമായി മാത്രമേ കാണുകയുള്ളു എന്നാണ് ഡോക്ടർമാർ പോലും പറഞ്ഞത്.

കാലിന്റെ മുട്ടെല്ലാം പോയിരുന്നു. തലയ്ക്ക് പിന്നിലായി ഇടിച്ച് തലച്ചോറെല്ലാം ചിതറിയിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നത്. ജയൻ ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നു എന്ന് പണ്ട് ഞാൻ ഒരു ചാനലിൽ പറഞ്ഞപ്പോൾ എന്റെ അഭിപ്രായം പോലെ അതിനെ വ്യാഖ്യാനിച്ചു. .അന്ന് ജയൻ എന്ന വ്യക്തി ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കിൽ ഇന്ന് നൽകുന്ന അത്ര ആരാധാന ലഭിക്കുമായിരുന്നില്ല. പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നത്.

Two Kannada actors die during shooting: A tragic rewind to actor Jayan's  death | Entertainment News,The Indian Express

ഒരുപാട് സെറ്റുകളിൽ ജയൻ വന്നിട്ടുണ്ട്. ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹം കേറിവന്നത്. പിന്നീട് നായകവേഷങ്ങളെത്തി. പ്രേം നസീർ കഴിഞ്ഞാൽ മര്യാദയുടെ പര്യായമായിരുന്നു അദ്ദേഹം. പ്രൊഡ്യൂസർമാർക്ക് ഒരു ബാധ്യതയും അദ്ദേഹം ഉണ്ടാക്കി വച്ചിട്ടില്ല. സെറ്റിൽ അത് വേണം ഇത് വേണം എന്നുള്ള നിർബന്ധങ്ങളും അദ്ദേഹത്തിനില്ലായിരുന്നു. എല്ലാവരോടും സഹകരണമായിരുന്നു.

ചെയ്യുന്ന ജോലിയോട് ആത്മർത്ഥ പുലർത്തുന്ന ആൾ കൂടിയാണ് അദ്ദേഹം. ശരീരം വളരെയധികം സൂക്ഷിക്കുന്ന ഒരു വ്യക്തി ചുരുക്കമായിരുന്നു. മലയാള സിനിമയിൽ ഇത്രയധികം ശരീര സൗന്ദര്യമുള്ള നടൻ ജയൻ മാത്രമായിരുന്നു. നായകസങ്കൽപ്പത്തിൽ ശരീരസൗന്ദര്യം എന്നത് പിന്നീട് ജയനെ പോലെ എന്നുവരെ നിഗമനങ്ങളെത്തി. പ്രേംനസീറേട്ടനും അത്തരത്തിൽ തന്നെയായിരുന്നു. ചെറുപ്പം മുതൽ അവസാനം വരേയും ഒരേ ശരീരസൗന്ദര്യം അദ്ദേഹം നിലനിർത്തിയിരുന്നു. ഒരുപാട് സിനിമകൾ ജയനൊപ്പം അഭിനയിച്ചത്. പുറത്തൊക്കെ ഞങ്ങൾ പോുമ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരൻ നോക്കുന്ന പോലെ ഞങ്ങളെ സംരക്ഷിക്കുമായിരുന്നു.

ഇന്ന് ജയനുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ നായകവേഷത്തിൽ നിന്ന് പ്രായമായ റോളുകളും ചെയ്തേനെ. മോഹൻലാലും മമ്മൂട്ടിയുമൊക്കെ നായകരായി സിനിമയിലെത്തണം എന്നത് നിയോഗമായിരുന്നു.