ർബുദ ബാധിതനാണ് താനെന്നുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിക്കാൻ ധൈര്യം കാണിച്ച താരമാണ് ജിഷ്ണു രാഘവൻ. ഇപ്പോഴിതാ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയും തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ജിഷ്ണു രംഗത്തെത്തിയിരിക്കുന്നു.

അർബുദം ശമിപ്പിക്കാനുള്ള അത്ഭുത മരുന്നെന്ന നിലയിൽ ലക്ഷ്മി തരുവും മുള്ളാത്തയും പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് ജിഷ്ണു ഫേസ്‌ബുക്കിൽ പ്രതികരിച്ചത്. ലക്ഷ്മി തരുവും മുള്ളാത്തയും അർബുദശമനത്തിന് ഉപയോഗിക്കണമെന്ന് നിരവധി ബന്ധുമിത്രാദികൾ തന്നോട് ഉപദേശിച്ചിരുന്നതായി ജിഷ്ണു പറയുന്നു. എന്നാൽ ഇതു ഫലം കണ്ടില്ലെന്നും തന്റെ അവസ്ഥ കൂടുതൽ അപകടത്തിലാക്കാൻ മാത്രമാണ് ഇത് കാരണമായതെന്നും ജിഷ്ണു വ്യക്തമാക്കുന്നു.

'സോഷ്യൽ മീഡിയയിലൂടെയും ലക്ഷ്മി തരുവും മുള്ളാത്തയും അർബുദ മരുന്നുകളെന്ന നിലയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പെഴുതുന്നത്. ഇതടക്കമുള്ള നിരവധി ബദൽ മരുന്നുകൾ സ്വയം പരീക്ഷിച്ചയാളാണ് ഞാൻ. എന്നാൽ എന്റെ അർബുദബാധയെ തെല്ലും ശമിപ്പിക്കാൻ ഇവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇത്തരം മരുന്നുകൾ വളരെ അപകടകരമായ അവസ്ഥയിലേക്ക് എന്നെ എത്തിക്കുകയും ചെയ്തു'- ജിഷ്ണു ഫേസ്‌ബുക്കിൽ കുറിച്ചു.

'അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തരം മരുന്നുകളെ ഞാൻ ഒരിക്കലും ആർക്കും ശുപാർശ ചെയ്യില്ല. പ്രാഥമിക ചികിത്സക്കുശേഷം ഇത്തരം മരുന്നുകളുപയോഗിച്ചാൽ ദോഷമില്ല. ഉപകാരമില്ല എന്നതുപോലെ ഉപദ്രവമില്ലെന്നതാണ് അതിന്റെ കാരണം. ഇത്തരം ബദൽ മരുന്നുകളുടെ അർബുദം ശമിപ്പിക്കാനുള്ള ശേഷിയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾക്കുശേഷമേ ഇവ പ്രചരിപ്പിക്കാവൂ. ദയവുചെയ്ത് ഇത്തരം മരുന്നുകൾ കീമോതെറാപ്പി പോലുള്ള ആധുനിക ചികിത്സാ മാർഗ്ഗങ്ങൾക്ക് ബദലായി ആർക്കും ഉപദേശിക്കരുത്. അത് വളരെ അപകടകരമാണ്. സോഷ്യൽമീഡിയ വഴിയുള്ള ഇത്തരം പ്രചരണങ്ങളെ വിശ്വസിക്കുകയുമരുത്.- ജിഷ്ണു പറയുന്നു. മാസങ്ങൾക്ക് മുമ്പ് മരിച്ചുവെന്ന് സോഷ്യൽമീഡിയ പ്രചരിപ്പിച്ച ഒരാളാണ് ഇതെഴുതുന്നതെന്നും ജിഷ്ണു തന്റെ കുറിപ്പിൽ പറയുന്നു.

Friends I am getting a lot of suggestions to take lakshmi tharu and mulatha.. This was popularised through social...

Posted by Jishnu Raghavan on Monday, 20 April 2015