കൊച്ചി: ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ചാച്ചൻ വിടവാങ്ങി. പ്രശസ്ത നാടക നടൻ കൂടിയായ കെ എൽ ആന്റണി വിടവാങ്ങിയത് ഇന്ന് ഉച്ചതിരഞ്ഞാണ്. ഹൃദയാഘാതത്തെ തളർന്നുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലു ജീവൻ രക്ഷിക്കാനായില്ല.

ഗപ്പി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഫോർട്ട് കൊച്ചിയിലാണ് ജനനം. ഒരു കാലത്ത് നാടക പുസ്തകങ്ങൾ കൊണ്ട് നടന്നു വില്പന നടത്തിയിരുന്നു. ചവിട്ടുനാടങ്ങളിലൂടെയാണ് നാടക രംഗത്തേക്ക് കടക്കുന്നത്. നാടക നടിയായ ലീനയാണ് ഭാര്യ. മാധ്യമ പ്രവർത്തകനായ ലാസർ ഷൈൻ മകനാണ്.

പി.ജെ. ആന്റണിയുടെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമായി അമച്വർ നാടകവേദി തഴച്ചുവളർന്ന കാലത്താണു കമ്യൂണിസ്റ്റ് നാടകങ്ങൾ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എൽ. ആന്റണി അവരിലൊരാളായത്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വേണ്ടി ശക്തമായി നിലകൊണ്ട അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ആന്റണി രചിച്ച ഇരുട്ടറ എന്ന നാടകം വിവാദമായിരുന്നു.

പ്രമുഖ പ്രസാധകരൊന്നും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും വിൽക്കാനും തയാറാകാത്ത സാഹചര്യത്തിലാണ് ആന്റണി സ്വന്തം പുസ്തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. പ്രസിദ്ധീകരിക്കുന്നവ കിലോമീറ്ററുകളോളം നടന്നു വീടുകൾ തോറും കയറി വിൽക്കുന്നതിനെ ഒരു കുറവായി ആന്റണി കണക്കാക്കിയില്ല. അങ്ങനെ നടന്ന ദൂരം വെറുതേ കണക്കാക്കിയാൽ ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

1979 ൽ ആന്റണിയുടെ കൊച്ചിൻ കലാകേന്ദ്രത്തിൽ അഭിനയിക്കാനെത്തിയ പൂച്ചാക്കൽ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിൽ സജീവമായതോടെ പൂച്ചാക്കലിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ആന്റണി എഴുതി സംവിധാനം ചെയ്ത കലാപം, കുരുതി, ഇരുട്ടറ, മനുഷ്യപുത്രൻ, തെരുവുഗീതം തുടങ്ങിയ നാടകങ്ങളിൽ ലീന അഭിനയിച്ചിട്ടുണ്ട്.