കൊച്ചി: മലയാളം സിനിമാ രംഗത്ത് വില്ലനായും സ്വഭാവ നടനായും തിളങ്ങിയ ഒരു അപൂർവ നടൻ കൂടി യാത്രയായി. നാടക കളരിയിൽ അഭിനയും തുടങ്ങി സിനിമയിൽ ശോഭിച്ച പ്രശസ്ത നടൻ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻനായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്.ലളിതയാണ് ഭാര്യ. ശ്രീദേവി(അമേരിക്ക),വിശ്വനാഥൻ(അയർലണ്ട്) എന്നിവർ മക്കളാണ്. മരുമകൻ:ദീപു(കമ്പ്യൂട്ടർ എഞ്ചിനീയർ,അമേരിക്ക).

സഹോദരങ്ങൾ:ശ്രീദേവി രാജൻ(നൃത്തക്ഷേത്ര,എറണാകുളം),കലാ വിജയൻ(കേരള കലാലയം,തൃപ്പൂണിത്തുറ),അശോക് കുമാർ,ശ്രീകുമാർ,ശശികുമാർ. തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷന്നടുത്ത് റോയൽ ഗാർഡൻസിലായിരുന്നു താമസം. നാടകാഭിനയത്തിൽ തുടങ്ങി സീരിയൽ രംഗത്ത് എത്തിയ ബാബു സിനിമയിലേക്ക് തിരിയുകയായിരുന്നു.

ടു കൺട്രീസ് , റൺവേ, ബാലേട്ടൻ, കസ്തൂരിമാൻ, പെരുമഴക്കാലം, തുറുപ്പുഗുലാൻ, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിങ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. ലോഹിതദാസിന്റെ കസ്തൂരിമാനിലെ തീവിഴുങ്ങി ലോനപ്പൻ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമായിരുന്നു. ഇതേ തുടർന്ന് കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. റൺവേ എന്ന സിനിമയിലെ വില്ലൻവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇരുത്തംവന്ന വില്ലൻ, കണിശക്കാരനായ കാരണവർ തുടങ്ങിയ വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികൾക്കു പരിചിതനാണ് കലാശാല ബാബു. എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും തുടങ്ങിയ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലയൺ എന്ന ദിലീപ് ചിത്രത്തിൽ ഇരുത്തം വന്ന രാഷ്ട്രീയ നേതാവിന്റെ വേഷം അദ്ദേഹം ഗംഭീരമാക്കിയിരുന്നു. അടുത്തകാലത്തായി സിനിമയിൽ അത്രയ്ക്ക് സജീവമായിരുന്നില്ലെങ്കിലും കിട്ടിയ അവസരങ്ങളിലെല്ലാം മികനുണ്ടാക്കാൻ അദ്ദേഹത്തിന്് സാധിച്ചിരുന്നു.