- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എവിടെ നിന്നാണെന്ന് നടന്റെ ചോദ്യം; ചാവി എടുക്കില്ലേ എന്ന് മറു ചോദ്യം; അതവിടെ നിൽക്കട്ടേ എന്ന് പറഞ്ഞപ്പോൾ ഒറ്റച്ചാട്ടത്തിന് ഗേറ്റ് ചാടിക്കടക്കൽ; ഗുഗിൾ മാപ്പ് നോക്കി എത്തിയത് എന്ന് ഫസിലുൾ അക്ബറിന്റെ മൊഴി; പ്രശ്നക്കാരനെ ജയിലിൽ അടയ്ക്കണമെന്ന് മലപ്പുറത്തുള്ള കുടുംബവും; കൃഷ്ണകുമാറിന്റെ വീടാക്രമണത്തിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്താൻ ഉറച്ച് പൊലീസ്
തിരുവനന്തപുരം: സിനിമാ നടൻ കൃഷ്ണകുമാറിന്റെ വീട്ടിന് നേരെ ആക്രമണ ശ്രമത്തിൽ എല്ലാ വശങ്ങളും പരിശോധിക്കാൻ പൊലീസ്. മലപ്പുറം സ്വദേശിയായ ഫസിലുൾ അക്ബറാണ് പരിവാർ ബന്ധമുള്ള കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഇയാളെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.
നാടകീയമായിട്ടായിരുന്നു ഇയാളുടെ ഇടപെടലുകൾ. ഗേറ്റിൽ ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാർ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റിൽ മുട്ടി ശബ്ദമുണ്ടാക്കി. വീട്ടിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാർ തടഞ്ഞു. എന്നാൽ യുവാവ് ബല പ്രയോഗത്തിന് മുതിർന്നു. ഇതോടെ പൊലീസിനെ വിളിച്ചു. അതിവേഗം പൊലീസ് എത്തി. ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
വീട്ടിലെ ബഹളം തുടർന്നതോടെ കൃഷ്ണകുമാറും കുടുംബവും വീട്ടിന് മുകളിലത്തെ നിലയിലെത്തി. ഇയാളോട് എവിടെ നിന്നാണെന്ന് ചോദിക്കുകയും ചെയ്തു. ഇതിനോട് ചാവി എടുക്കില്ലേ എന്നായിരുന്നു മറു ചോദ്യം. അതവിടെ നിൽക്കിട്ടെ എന്ന് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ടു തന്നെ ഇയാൾ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. ഇത് കൃഷ്ണകുമാറും കുടുംബവും മൊബൈലിൽ ചിത്രീരിച്ചിട്ടുണ്ട്. മുൻ വശത്തെ വാതിൽ അടഞ്ഞു കിടന്നതു കൊണ്ട് മാത്രം അകത്തേക്ക് കയറാനും മറ്റ് നാശ നഷ്ടം ഉണ്ടാക്കാനുമായില്ല.
ഇതോടെയാണ് ആദ്യം എല്ലാം തമാശയോടെ കണ്ട കൃഷ്ണ കുമാർ പൊലീസിനെ വിളിച്ചത്. സമീപത്തുള്ള ആരോ തമാശ കാട്ടുന്നതെന്നായിരുന്നു കൃഷ്ണകുമാർ കരുതിയത്. പൊലീസ് എത്തിയപ്പോഴാണ് മലപ്പുറത്തു നിന്നാണ് ഇയാൾ എത്തിയതെന്ന് മനസ്സിലായത്. കൂടെ ആരുമില്ലെന്നും ഒറ്റയ്ക്കാണ് വന്നതെന്നും ഇയാൾ പറയുന്നു. ഗൂഗിൾ മാപ്പിലൂടെ വീട് കണ്ടെത്തിയെന്നാണ് അവകാശ വാദം.
ഈ സാഹചര്യത്തിൽ ഇയാൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് പൊലീസ് പരിശോധിച്ചു. അങ്ങനെയാണ് രാത്രി തന്നെ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബിടെക് പഠന പൂർത്തിയാക്കാത്ത യുവാവാണ് അക്രമം കാട്ടിയത് എന്ന് ഇതോടെ മനസ്സിലായി. നാട്ടിലും ഇയാൾ സ്ഥിരം പ്രശനക്കാരനാണെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്തും. ജയിൽ അടച്ചോളൂവെന്നായിരുന്നു വീട്ടിൽ നിന്നുള്ള പ്രതികരണം.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ട്. ഇതെല്ലാം പൊലീസിനെ തെറ്റിധരിപ്പിക്കാനാണോ എന്നും പരിശോധിക്കും. തുടക്കത്തിൽ കേസ് വേണ്ടെന്നായിരുന്നു കൃഷ്ണകുമാറും നിലപാട് എടുത്തത്. എന്നാൽ യുവാവിന്റെ വീട്ടുകാരുടെ പ്രതികരണത്തോടെ പൊലീസിന് നടപടികൾ എടുക്കാമെന്ന് കൃഷ്ണകുമാറും നിലപാട് എടുത്തു.
കൃഷ്ണകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപിയോട് അടുപ്പം കാട്ടുന്ന കൃഷ്ണകുമാറിന് നേരെ പലവിധ ഭീഷണികൾ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലേക്കുള്ള അതിക്രമത്തേയും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. വിശദ അന്വേഷണം നടത്തും. ഫസിലുൾ അക്ബറിന്റെ മൊബൈൽ രേഖകളും പരിശോധിക്കും.
മറുനാടന് മലയാളി ബ്യൂറോ