മനാമ: കേരളം തെരഞ്ഞെടുപ്പു ചൂടിലാണ്. ഇക്കുറി ഒരുപിടി സിനിമാതാരങ്ങളും സജീവമായി മത്സരരംഗത്തുണ്ട്. മറ്റുള്ളവർക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാമെങ്കിൽ എന്തുകൊണ്ടു സിനിമാക്കാർക്കും അതായിക്കൂടാ എന്നാണു നടൻ മധു ചോദിക്കുന്നത്. ബഹ്‌റൈനിൽ എത്തിയ നടൻ മറുനാടൻ മലയാളി പ്രതിനിധിയോടു സംസാരിക്കവെയാണു സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയത്തിലെ സിനിമക്കാരെക്കുറിച്ചും മനസു തുറന്നത്.

  • സിനിമാതാരങ്ങളുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച്?

സിനിമാ മേഖലയിൽ നിന്നുംആളുകൾ രാഷ്ട്രീയത്തിൽ വരുന്നതിൽ എന്താണ്
തെറ്റ്. മറ്റുള്ളവർക്ക് ആകാമെങ്കിൽ എന്തുകൊണ്ട് സിനിമക്കാർക്ക് ആയിക്കൂടാ? നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ആകാമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ പറ്റില്ല? പാശ്ചാത്യ രാജ്യങ്ങളിൽ സിനിമ മേഖലയിൽ ഉള്ള ഒരുപിടി ആളുകൾ രാഷ്ട്രീയത്തിലും ശോഭിക്കുന്നുണ്ട്. കേരളത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതും, പലരും തോൽവി ഏറ്റ് വാങ്ങിയതും സിനിമയിൽ നിന്ന് വന്നതുകൊണ്ടല്ല. അവർ നല്ല സ്ഥാനാർത്ഥികൾ ആയിരുന്നില്ല എന്നതുകൊണ്ടാണ്.

  • സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാട്? 

നിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പമില്ല. ഞാൻ പാർട്ടി നോക്കി വോട്ട് ചെയ്യാറില്ല. പലരും ഞാൻ സിപിഐക്കാരൻ ആണെന്നാണ് വിചാരിക്കുന്നത്. അത് തെറ്റിദ്ധാരണയാണ്. പണ്ട് കാലത്ത് നാടകങ്ങളിൽ സജീവമായിരുന്നപ്പോൾ കെപിഎസി യുടെ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അപ്പോൾആളുകൾ വിചാരിച്ചതു ഞാൻ സിപിഐക്കാരൻ ആണെന്നാണ്.

  • നാടകങ്ങൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടോ കേരളത്തിൽ?

നാടകത്തിന് പണ്ടത്തെ അപേക്ഷിച്ച് കേരളത്തിൽ പ്രാധാന്യം കുറഞ്ഞ് വരുന്നു. പക്ഷെ പാശ്ചാത്യ രാജ്യങ്ങളിൽ നേരെ തിരിച്ചാണ്. പ്രശസ്തമായ പല നാടകങ്ങളും നിറഞ്ഞ സദസ്സിലാണ് ഇപ്പോഴും കളിക്കുന്നത്. കേരളത്തിലെ പല തീയറ്ററുകളും മൃതുദേഹങ്ങൾ പൊതുദർശനത്തിന് വെക്കുവാനുള്ള സ്ഥലങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. നാടകങ്ങൾ കളിക്കുവാൻ പണിയുന്ന തീയറ്ററുകൾക്ക് വരെ പ്രത്യേകതകൾ ഉണ്ട്. പണ്ട് കാലങ്ങളിൽ ഓരോ കവലകളിലും വായനശാലകളും വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും അവടെ നാടകങ്ങളും അരങ്ങിലെത്തിയിരുന്നു.

  • കഥാദാരിദ്ര്യമുണ്ടോ മലയാള സിനിമയിൽ?

മുൻ കാലങ്ങളെ അപേക്ഷിച്ച് സിനിമയിൽ നല്ല കഥകൾ ഉണ്ടാകാത്തത് സിനിമാക്കാരുടെ മാത്രം പ്രശ്‌നമല്ല. അതിന്റെ ഒരു പങ്ക് സമൂഹത്തിനും ഉണ്ട്. പണ്ടത്തെ ജീവിതരീതിയല്ല ഇപ്പോൾ നമ്മൾ പിന്തുടരുന്നത്. കുടുംബബന്ധങ്ങൾക്കു പണ്ട് നല്കിയിരുന്ന പ്രാധാന്യം ഇന്നില്ല. കൂട്ട് കുടുംബങ്ങൾ മാറി അണുകുടുംബങ്ങൾ ആയി അത് സിനിമയുടെ കഥകളിലും പ്രതിഫലിക്കുന്നു.

കേന്ദ്രകഥാപാത്രത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് കഥയിൽ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ല. അത് സംവിധായകന്റെ കഴിവുകേട് എന്ന് മാത്രമേ പറയുവാൻ സാധിക്കൂ. അത് സിനിമയെ ദോഷകരമായി ബാധിക്കും. പ്രഗത്ഭരായ സംവിധായകർ അതിന് കൂട്ട് നിൽക്കില്ല.

സിനിമയുടെ വിവിധ മേഖലകളിൽ സജീവമായെങ്കിലും ഏറ്റവും താൽപര്യത്തോടെ ചെയ്തത് അഭിനയമാണ്. ഞാൻ പ്രധാനമായും ഒരു അഭിനേതാവാണ്. ഹിന്ദിയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞെങ്കിലും അതിന് തുടർചയുണ്ടാക്കാനായില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയം തുടങ്ങുന്ന ഒരു രീതിയാണ് ഹിന്ദി സിനിമയിൽ ഉണ്ടായിരുന്നത്. ഞാൻ ആ സമയത്ത് മധ്യവയസിലേക്കെത്തിയിരുന്നു. മാത്രവുമല്ല, ഹിന്ദിയിൽ വളരെ റിലാക്‌സ്ഡ് ആയി സിനിമ ചെയ്യുന്ന ഒരു രീതിയാണ് അന്നുണ്ടായിരുന്നത്. നമ്മളാകട്ടെ ഒരു വർഷം മുഴുവൻ നായകവേഷത്തിൽ നിരവധി സിനിമകൾ ചെയ്തിരുന്ന സമയമാണ്. ആ തിരക്കിനിടയിൽ ഹിന്ദിയിലേക്കൊന്നും ശ്രദ്ധിക്കാനായില്ല.

  • സമൂഹത്തിലെ മാറ്റം സിനിമയെ ബാധിച്ചിട്ടുണ്ടോ?

കേരളീയ സമൂഹം അടിമുടി മാറിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സിനിമയിലും പ്രമേയങ്ങളിൽ മാറ്റമുണ്ടാകുന്നത്. വലിയ കുടുംബങ്ങളിലെ പ്രശ്‌നങ്ങൾ, കാരണവരുടെയും മറ്റും അധികാരങ്ങൾ, അതിനുള്ളിലെ പ്രണയങ്ങൾ തുടങ്ങിയവയൊന്നും ഇപ്പോൾ ഒരിടത്തുമില്ല. അപ്പോൾ അത്തരം ഒരു കാൻവാസിലുള്ള സിനിമയും ഉണ്ടാകില്ല. ' ചെമ്മീൻ' പോലുള്ള സിനിമകൾ ഇപ്പോഴും മടുപ്പില്ലാതെ കാണാനാകുന്നത് അതിന് ഒരു ക്‌ളാസിക്കൽ സ്വഭാവമുള്ളതുകൊണ്ടാണ്. ശാകുന്തളത്തിനുശേഷം എന്തുമാത്രം പ്രണയകഥകൾ വന്നു. എന്നിട്ടും എന്തുകൊണ്ടാണ് ശാകുന്തളം നിലനിൽക്കുന്നത്? അങ്ങനെ ഒരു ഘടകം 'ചെമ്മീനി'ൽ ഉണ്ട്. 'ചെമ്മീന്റെ' പാട്ട് റെക്കോഡിങ് കഴിഞ്ഞ് കേട്ടപ്പോൾ 'മാനസമൈനേ വരൂ' എന്ന ഗാനത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. ആ പാട്ട് വരുമ്പോൾ ജനം കൂകിവിളിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു. പക്ഷേ അതുണ്ടായില്ല. മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകളിലൊന്നായി മന്നാഡെ പാടിയ 'മാനസമൈനേ' മാറി. അപ്പോൾ ഉച്ചാരണം പോലുമല്ല, 'ഫീൽ' ആണ് പ്രധാനം എന്ന് മനസിലായി. പിന്നീട് പലരും 'മാനസമൈനേ വരൂ' എന്ന പാട്ടുപാടാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും മന്നാഡെയോളം വന്നിട്ടില്ല. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് മലയാള സിനിമാഗാനങ്ങൾ ഒന്ന് 'ശ്യാമസുന്ദര പുഷ്പമേ'യും, രണ്ട് 'അല്ലിയാമ്പൽ കടവിലന്നരക്കു വെള്ള'വുമാണ്. സിനിമയിൽ, വീടുകളിലുള്ളപോലുള്ള ഒരു ബന്ധം നിലനിന്നിരുന്നു.

ഞാനും പ്രേംനസീറും ഒരുമിച്ച് ഒരു മുറിയിൽ താമസിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെകാലത്ത് അത് നടക്കില്ല.അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ സാമൂഹിക വ്യവസ്ഥിതി ആകെ മാറി.ഇന്ന് രണ്ട് സഹോദരന്മാർ ഒരു വീട്ടിൽ താമസിക്കുന്നത് തന്നെ വിരളമാണ്.

  • ടെക്‌നോളജി സിനിമയിൽ വരുത്തിയ മാറ്റം?

പുതിയ ടെക്‌നോളജിയുടെ കടന്ന് വരവ് സിനിമയുടെ ചിലമേഖലകളെ മാത്രമേ ബാധിച്ചിട്ടുള്ളൂ. സംഘട്ടന രംഗങ്ങൾ, സംഗീതം തുടങ്ങിയ വിഭാഗങ്ങളിൽ മാത്രമേ മാറ്റം വരുത്തുവാൻ സാധിച്ചിട്ടുള്ളൂ.