കൊച്ചി: മെട്രോ നഗരമായ കൊച്ചിയിലെ ഭൂമി ഇടപാടുകൾ പലപ്പോഴും പ്രമുഖർക്ക് തലവേദന ആകാറുണ്ട്. ചിലവന്നൂർ കായൽ തീരത്ത് നടൻ ജയസൂര്യ നിർമ്മിച്ച വീട് കുരുക്കിൽ അകപ്പെട്ടതും കായൽ കൈയേറ്റം പൊളിച്ചു നീക്കണമെന്നും കോടതി ഉത്തരവിട്ടത് അടുത്ത ദിവസങ്ങളിലാണ്. ജയസൂര്യയെ കൂടാതെ ഇപ്പോൾ ഭൂമിയുടെ പേരിൽ കുരുക്കിലായിരിക്കുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ്. വർഷങ്ങൾക്ക് മുമ്പ് നികത്തിയ നെൽവയൽ ഡാറ്റാബാങ്കിൽ ഇപ്പോഴും പഞ്ചായത്തിന്റെ ഡാറ്റാ ബാങ്കിൽ വയൽ എന്ന് കാണിച്ചതിന് എതിരെ മമ്മൂട്ടിയും ഭാര്യ സുലുവും ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.

കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കർ ഭൂമി കരട് ഡേറ്റാ ബാങ്കിൽ നെൽവയലായി ഉൾപ്പെടുത്തിയതിന്റെ തെറ്റ് തിരുത്തിക്കിട്ടാനായാണ് മമ്മൂട്ടിയും ഭാര്യയും കോടതിയിൽ ഹർജി നൽകിയത്. കരടു ഡേറ്റാ ബാങ്കിലെ തെറ്റു തിരുത്താൻ കിഴക്കമ്പലം പഞ്ചായത്തിലെ പ്രാദേശികതല നിരീക്ഷണ സമിതിക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടിക്ക് നിർദ്ദേശിക്കണമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2003ലാണ് ഈ നെൽവയൽ നികത്തിയത്. അതുകൊണ്ടുതന്നെ 2008ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരം ഈ ഭൂമി നെൽവയൽ ആയി കാണാനാവില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നെൽവയൽതണ്ണീർത്തട സംരക്ഷണനിയമം വരുന്നതിന് അഞ്ചുവർഷം മുമ്പ് നികത്തിയ ഭൂമി ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹരജിയിൽ പറയുന്നു. സാധാരണ കലക്ടർ വഴി സ്‌പെഷ്യൽ അനുമതി വാങ്ങിയൊക്കെ രേഖ തിരുത്തൽ പതിവാണെങ്കിലും അതിനൊന്നും മിനക്കെടാതെ ശരിക്കും നിയമത്തിന്റെ വഴി തന്നെ തേടാനുള്ള മമ്മൂട്ടിയുടെ നീക്കത്തിന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. മാത്രമല്ല സംസ്ഥാനത്ത് ഉടനീളം ആയിരക്കണക്കിന് ആളുകളാണ് തന്റേതല്ലാത്ത കാരണത്താൽ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നത്. കാശുകൊടുത്ത് ഭൂമി വാങ്ങിയശേഷമായിരക്കും പലരും ഇത് നികത്തുഭൂമിയാണെന്ന് അറിയുക തന്നെ. അതോടെ ഇവിടെ കെട്ടിട നിർമ്മാണത്തിനടക്കം നിയപരമായ പ്രശ്‌നങ്ങൾ ഉണ്ടാവും. ഇതൊക്കെ മമ്മൂട്ടിയുടെ നിയമനടപടിയിലെ കുരുക്കുകൾ ആണ്.

ഭൂമിയെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സംസഥാനത്തെ പകുതിയോളം പഞ്ചായത്തുകളിൽ ഇപ്പോഴും അസ്സൽ ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ല. മമ്മൂട്ടി അനർഹമായി ഇടപെട്ടുവെന്ന വിവാദം ഒഴിവാക്കാനും ഇത്തരം പ്രശ്‌നങ്ങളിൽ യഥാർഥ നിയമവഴി എന്താണെന്ന് അറിയാനുമാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് മമ്മൂട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരുന്ന മമ്മൂട്ടിക്ക് കൊച്ചിയിലെ ഭൂമി ഇടപാട് തലവേദനയാകുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ കടവന്ത്രയിൽ അനുമതിയില്ലാതെ മണ്ണടിച്ചു ഭൂമി നികത്താനുള്ള താരത്തിന്റെ ശ്രമവും വിവാദത്തിൽ ആയിരുന്നു. കടവന്ത്ര മന്തേലിപ്പാടം റോഡിലെ താരത്തിന്റെതായുള്ള ഭൂമി ടിപ്പർ ഉപയോഗിച്ച് നികത്തിയെടുക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇടപെട്ടതാണ് അന്ന് വിവാദത്തിന് ഇടയാക്കിയ കാര്യം. മണ്ണടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഷാഡോ പൊലീസ് സംഘം ടിപ്പറും മണ്ണടി സാമഗ്രികളും പിടിച്ചെടുക്കുകയാണ് ഉണ്ടായത്. എന്നാൽ ഈ സംഭവത്തിൽ കേസെടുക്കാതെ ഒത്തുതീർപ്പിൽ എത്തുകയാണ് ഉണ്ടായത്. ഇവിടെ മകന് പുതിയ വീട് പണിയാൻ വേണ്ടിയാണ് മണ്ണടിച്ച് നിലം നികത്തിയിരുന്നത്. 80 സെന്റിലാണ് താരം അത്യാധുനിക സൗകര്യത്തോടെയുള്ള വസതിയൊരുക്കാൻ പദ്ധതിയിട്ടിരുന്നത്.

20 വർഷം മുൻപ് മമ്മൂട്ടി വാങ്ങിയ സ്ഥലമായിരുന്നു ഇത്. പരിസ്ഥിതി ദുർബല പ്രദേശമായി കണ്ടെത്തിയ ഇവിടെ തീരദേശ പരിപാലന അഥോറിറ്റിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാകൂ എന്നാണ് ചട്ടം. ഇതിനിടെ മണ്ണടിച്ച് നികത്താൻ തുനിഞ്ഞപ്പോഴാണ് വിവാദമുണ്ടായത്. ഇത് കൂടാതെ മമ്മൂട്ടിയുടെ മരുമകന് പങ്കാളിത്തമുള്ള ആസ്റ്റർ മെഡിസിറ്റിക്ക് വേണ്ടി നടന്ന ഭൂമി ഇടപാടുകളും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കായൽ കൈയേറ്റ ആരോപണത്തിന് ഒപ്പം തന്നെ കോടതി വിധി നിലനിൽക്കേ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് അടക്കം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.