തിരുവനന്തപുരം: തന്റെ പേരിൽ വന്ന വ്യാജപ്രചരണങ്ങളിൽ പ്രതികരണവുമായി നടൻ രാഘവൻ.പ്രചരണം വാസ്തവവിരുദ്ധമാണെന്നും താൻ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നതെന്നും രാഘവൻ വ്യക്തമാക്കി.സിനിമയിൽ വേഷങ്ങളില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന പ്രചാരണങ്ങളോടായിരുന്നു നടന്റെ പ്രതികരണം.

ഒരു സെയ്ൽഫ് മെയ്ഡ് വ്യക്തിയാണ് ഞാൻ. ഇപ്പോൾ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാൻ സാധിച്ചു. ഈ പ്രായത്തിലും ഞാൻ ജോലി ചെയ്യുന്നു. എന്റെ മക്കളെപ്പോലും ഞാൻ എന്റെ കാര്യങ്ങൾക്കായി ആശ്രയിക്കാറില്ലെന്നും രാഘവൻ പറഞ്ഞു.

രാഘവനടക്കമുള്ള താരങ്ങൾ ഇന്നത്തെ കാലത്തെ സിനിമയിൽ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നും ഒരു നിർമ്മാതാവ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഈ പ്രസ്താവനയോടാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പ്രതികരിച്ചത്.

വ്യജ പ്രചരണങ്ങളിൽ കടുത്ത വിഷമമുണ്ട്. നിലവിൽ തെലുങ്കിൽ പ്രഭാസിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിലും അഭിനയിച്ചു. പിന്നെ ഒരുപിടി മലയാള ചിത്രങ്ങളിലും ഇപ്പോൾ അഭിനയിച്ചു വരുന്നു. ഞാൻ നായകനായ ഒരു സിനിമയും വരാനുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. എനിക്ക് നിലവിൽ യാതൊരു സാമ്പത്തിക പ്രശ്നങ്ങളുമില്ല. എനിക്ക് പറ്റാവുന്നേടത്തോളം കാലം അഭിനയിക്കും- രാഘവൻ പറഞ്ഞു.