കൊല്ലം: വാഹനാപകടത്തിൽ സീരിയൽ നടൻ മരിച്ചു. പാരിപ്പള്ളി കിഴക്കനേലയിൽ ശശി മന്ദിരത്തിൽ ശരത്കുമാർ (23)ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴിന് കൊട്ടിയത്തിനു സമീപം മൈലക്കാട് വച്ചായിരുന്നു അപകടം.

ശരത് സഞ്ചരിച്ച ബൈക്ക് മൈലക്കാട് വളവിൽ വച്ച് നിയന്ത്രണം തെറ്റി ടിപ്പറിനടിയിലാവുകയായിരുന്നു. ശരത്തിനെ ടിപ്പർ ഡ്രൈവർ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

രാവിലെ ആറുമണിക്ക് സീരിയൽ ഷൂട്ടിംഗിനായി കൊല്ലത്തേയ്ക്കു പോകുകയായിരുന്നു ശരത്. രാജസേനന്റെ കൃഷ്ണകൃപാസാഗരത്തിലൂടെയാണ് ശരത് അഭിനയരംഗത്തെത്തിയത്. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫാണ് ശരതിനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്.

ചന്ദനമഴ, സരയു സീരിയലുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഓട്ടോഗ്രാഫ് സീരിയലിലെ ഫൈവ് ഫിംഗേഴ്‌സിലെ രാഹുൽ  പ്രേക്ഷക പ്രശംസ നേടി. ശശികുമാർ-തങ്കച്ചി ദമ്പതികളുടെ മൂത്ത മകനാണ് ശരത്. ശ്രീകുമാറാണ് സഹോദരൻ.