കോഴിക്കോട്: നടൻ സുധീഷിന്റെ പിതാവും പ്രമുഖ നാടക സിനിമാ നടനുമായ സുധാകരൻ അന്തരിച്ചു. 73 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

സംസ്‌കാരം പിന്നീട് നടക്കും. സൂര്യപ്രഭയാണ് ഭാര്യ. ധന്യയാണ് മരുമകൾ.

1943 സപ്തംബർ 28ന് ചിറ്റേടത്ത് മാധവന്റേയും തട്ടാലത്ത് ജാനകിയമ്മയുടെയും മകനായി കോഴിക്കോടാണ് സുധാകരൻ ജനിച്ചത്. 1957ൽ, എട്ടാംക്ലാസ് വിദ്യാർത്ഥി ആയിരിക്കെ ആദ്യ നാടകത്തിൽ വേഷമിട്ടു. സ്‌കൂൾ യുവജ നോത്സവത്തിൽ അവതരിപ്പിച്ച അക്കിത്തത്തിന്റെ 'ഈ ഏടത്തി നൊണയേ പറയൂ' എന്നതായിരുന്നു ആ നാടകം. പിന്നീട് അദ്ദേഹം നാടകരംഗത്ത് സജീവമായി.

1964ൽ കുതിരവട്ടം പപ്പു ഒരുക്കിയ 'ചിരി അഥവാ കുറ്റിച്ചൂൽ' എന്ന നാടകത്തിൽ സുധാകരൻ അവതരിപ്പിച്ച വേഷത്തിന് മികച്ച ഹാസ്യനടനുള്ള വെള്ളി മെഡൽ ലഭിച്ചു. കേരള സംഗീത നാടക അക്കാദമി നടത്തിയ നാടക മത്സരത്തിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുധാകരന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച എക്‌സിബിഷൻ നാടകമത്സരത്തിൽ തുടർച്ചയായി മൂന്നുതവണ മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1969ൽ സുധാകരനും കെ.ആർ. മോഹൻദാസും ചേർന്ന് 'അണിയറ' എന്ന നാടകസമിതി രൂപീകരിച്ചു. പിന്നീട് സ്വന്തമായി 'ചെന്താമര തിയേറ്റേഴ്‌സ് എന്ന പ്രൊഫഷണൽ നാടകസമിതി തുടങ്ങി. റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന സുധാകരൻ 1995ൽ വയനാട് ഡെപ്യൂട്ടി കളക്ടറായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്.

അടൂർ ഗോപാലകൃഷ്ണന്റെ മതിലുകൾ അടക്കം അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐൻ എന്ന സിനിമയിലാണ് സുധാകരൻ അവസാനമായി അഭിനയിച്ചത്.