തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും നൽകിയ വാക്കുപാലിച്ച് സുരേഷ് ഗോപി. ടൈപ്പ് വൺ പ്രമേഹ ബാധിതയായ കൽപ്പറ്റ കോട്ടത്തറ സ്വദേശിയായ നന്ദന എന്ന കുട്ടിക്ക് 'ഇൻസുലിൻ പമ്പ്' എന്ന ഉപകരണം വാങ്ങി നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. അത് അദ്ദേഹം നിറവേറ്റി. ആറുലക്ഷം രൂപ വിലവരുന്ന ഇൻസുലിൻ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി.

കൽപ്പറ്റ കോട്ടത്തറയിൽനിന്ന് ബുധനാഴ്ച തലസ്ഥാനത്ത് എത്തിയ നന്ദനയെ ഇത്തവണ ചേർത്തുപിടിച്ചപ്പോൾ സുരേഷ്‌ഗോപിയുടെ കൈയിൽ അവളുടെ രോഗാവസ്ഥ്ക്ക് അൽപം ആശ്വാസം നൽകാനുള്ള പരിഹാരവും ഉണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകൾ നന്ദനയുടെ രോഗാവസ്ഥയ്ക്ക് ആശ്വാസമേകാൻ 'ഇൻസുലിൻ പമ്പ്' കൈമാറി.

നന്ദനയ്ക്ക് ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരും. ഇൻസുലിൻ പമ്പ് എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.

ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ വച്ച് ഉപകരണം കൈമാറി. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയിൽനിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇൻസുലിൻ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്ക് കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തിൽ ബുധനാഴ്ച തന്നെ ഈ ഉപകരണം കുട്ടിയുടെ ശരീരത്തിൽ ഘടിപ്പിക്കുകയും ചെയ്തു. ഓട്ടോമാറ്റഡ് ഇൻസുലിൻ ഡെലിവറി സിസ്റ്റം എന്നാണ് ഉപകരണത്തിന്റെ പേര്.

കഴിഞ്ഞ വയനാട് സന്ദർശനത്തിനിടെ നടൻ സുരേഷ്ഗോപിയെ കാണാൻ നന്ദനയുടെ മാതാപിതാക്കൾ എത്തിയിരുന്നു. ഇവരുടെ കണ്ണീർ കണ്ട് സുരേഷ്ഗോപി അന്ന് വാക്കുകൊടുത്തതാണ്- 'നന്ദനയ്ക്ക് ഇൻസുലിൻ പമ്പ് ഞാൻ വാങ്ങി നൽകാം' എന്ന്. ആ വാക്കാണ് ഇന്ന് നിറവേറ്റിയത്.

തലസ്ഥാനത്ത് ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ എത്തിയ നന്ദന സുരേഷ്ഗോപി വാങ്ങിനൽകിയ 'ഇൻസുലിൻ പമ്പ്' എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിച്ച് തന്റെ രോഗാവസ്ഥയിൽ ആശ്വാസം കണ്ടാണ് മടങ്ങിയത്. പാർലമെന്റ് അംഗമായിരിക്കെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയിൽ അവതരിപ്പിച്ചിരുന്നു.