കാസർകോട്: ചിലർക്ക്, ഞാൻ വി.ഐ.പിയാകാം. പക്ഷേ, സ്ഥിരമായ തൊഴിലില്ലാത്ത ഒരാളാണ്. അതിനാൽ തന്നെ സ്ഥിരം തൊഴിൽ എന്നത് എന്റെ സ്വപ്‌നമായിരുന്നു... മലയാളികളുടെ പ്രിയപ്പെട്ട താരം ഉണ്ണിരാജൻ തന്റെ ജീവിതത്തിലെ പുതിയൊരു വേഷപ്പകർച്ചയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.നാളെ മുതൽ ഹോസ്റ്റൽ ശൗചാലയം വൃത്തിയാക്കുന്ന ജോലിയിൽ പ്രവേശിക്കുകയാണ് ടെലിവിഷൻ സിനിമാ താരം ഉണ്ണിരാജൻ.നടന്റെ പുതിയ തീരുമാനം അറിഞ്ഞവർ ശരിക്കും ഞെട്ടുകയാണിപ്പോൾ. നേരത്തെ തന്നെ തന്റെ വേറിട്ട നിലപാടുകളിലൂടെ ശ്രദ്ധനേടിയ ഉണ്ണിരാജന്റെ പുതിയ തീരുമാനവും ചർച്ചയാവുകയാണ്.

കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കായിരുന്നു ഇന്റവ്യൂ.ഇതിലേക്കാണ് ഇന്റർവ്യൂബോർഡിനെപ്പോലും ഞെട്ടിച്ച് കൊണ്ട് ഉണ്ണി രാജൻ എത്തിയത്.ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ 11പേരിൽ ഒരാളാണ് ഉണ്ണിരാജൻ. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരംതൊഴിലാണ്. പ്രമോഷൻ ലഭിച്ചാൽ സ്വീപ്പറും പിന്നെ അറ്റൻഡറുമായി മാറാൻ സാധ്യതയുണ്ട്.

ഈ തൊഴിലിനോ, എന്ന് ചോദിച്ചവരോട് വിനയത്തോടെ ഉണ്ണി രാജൻ പറയുന്നതിങ്ങനെ: ഒരു ജോലി എന്റെ സ്വപ്നമാണ്. ചിലർക്ക്, ഞാൻ വി.ഐ.പിയാകാം. പക്ഷേ, സ്ഥിരമായ തൊഴിലില്ലാത്ത ഒരാളാണ്. സീരിയിലിൽനിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാൽ ശരീരസ്ഥിതിയും അത്ര നല്ലതല്ല. എല്ലാതൊഴിലിനും മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യണം. പിന്നെന്താ...'.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അരവിന്ദന്റെ അതിഥികൾ, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെയും 'മറിമായം' സീരിയലിലുടെയുമാണ് ഉണ്ണി പ്രേക്ഷകരുടെ മനം കീഴടക്കിയത്. ഉണ്ണി എന്ന ചെറുവത്തൂർ സ്വദേശി ഉണ്ണിരാജൻ സിനിമാരംഗത്തേക്ക് എത്തുന്നതിന് മുന്നെ നിർമ്മാണ തൊഴിലാളിയായിരുന്നു.കലയോടുള്ള സ്‌നേഹം കൊണ്ട് നടനായി.

അച്ഛൻ കലാപ്രവർത്തകനായിരുന്നു. മാതാവ് കൃഷിപ്പണിയും. ഒറ്റമുറിയുള്ള മൺകൂരയിലാണ് വർഷങ്ങളോളം താമസിച്ചത്. മഴക്കാലമാകുമ്പോൾ മേൽക്കൂര ചോരും. ഈ സാഹചര്യത്തിൽ സ്വപ്ന വീടിനെ കുറിച്ച് ഉണ്ണി രാജൻ ഇങ്ങനെ പറഞ്ഞു. വലിയ വീട് സ്വപ്നം പോലും കാണാൻ കഴിയില്ല. കണ്ടിട്ടുമില്ല. ചോരാത്ത കൂരയ്ക്ക് കീഴിൽ താമസിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായാണ് കരുതുന്നത്'.ചെറുവത്തൂരിലെ തന്നെ പരേതനായ കണ്ണൻ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണിരാജൻ. ഭാര്യ: സിന്ധു. മക്കൾ: ആദിത്യരാജ്, ധൻവിൻ രാജ്. കഴിഞ്ഞ ദിവസമാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച പുതിയ ജോലി ഏറ്റെടുക്കും.