ചെന്നൈ: നടൻ വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അകലുന്നു. കോവിഡ് വാക്സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് കാരണം വാക്സിനെടുത്തതാണെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. 2021 ഏപ്രിൽ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു വിവേകിന്റെ മരണം.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷൻ വകുപ്പ് വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നും റിപ്പോർട്ട് നൽകി. വാക്സിൻ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചുകൊണ്ട് റിപ്പോർട്ട് നൽകി.

വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവർത്തകൻ ദേശീയ മനുഷ്യവകാശ കമ്മിഷന് ഹർജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലർ പ്രചാരണം നടത്തുമ്പോൾ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.