തിരുവനന്തപുരം: പത്താനാപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് ജഗദീഷ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കെപിസിസി അധ്യക്ഷനുമായി ഗണേശിനെതിരെ സ്ഥാനാർത്ഥിയാകുന്നതിൽ ചർച്ചയും നടത്തി. എല്ലാം ഉറപ്പിച്ചാണ് ജഗദീഷിന്റെ പോക്ക്. എന്നാൽ രണ്ട് നടന്മാർക്ക് എംഎൽഎമാരാകണമെന്ന അതിയാ മോഹമുണ്ട്. എന്നാൽ സ്ഥാനാർത്ഥിത്വത്തിൽ ഉറപ്പുമില്ല. ഇടത് മുന്നണി പിറവത്ത് സ്ഥാനാർത്ഥിയാക്കുമെന്നാണ് നടൻ ലാലു അലക്‌സിന്റെ പ്രതീക്ഷ. അരൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ കുപ്പായം തച്ചിരിപ്പാണ് നടൻ സിദ്ദിഖും

മത്സരിക്കുമോ എന്ന് ചോദിച്ചാൽ കൃത്യമായ മറുപടി സാധ്യതാ പട്ടികയിലെ നടന്മാർ പറയും. ഇതിൽ സിദ്ദിഖും ലാലു അലക്‌സും മത്സരിക്കില്ലെന്ന് തുറന്നു പറയുന്നില്ല. അതായത് ആഗ്രഹം പ്രകടിപ്പിക്കുകയാണ് ഇരുവരും. സിദ്ദിഖും ലാലു അലക്‌സും പാർട്ടി തീരുമാനങ്ങൾ കാക്കുകയാണ്. രണ്ടു പേരും ശുഭപ്രതീക്ഷയിലും. ഇതിനൊപ്പം മുകേഷിന്റെ പേരും പരിഗണിക്കുന്നു. എന്നാൽ മുകേഷ് ഒരുതരത്തിലുള്ള പ്രതികരണത്തിനും തയ്യാറുമില്ല. ഇതിൽ നിന്ന് വ്യത്യസ്തരാണ് സിദ്ദിഖും ലാലു അലക്‌സും.

സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിദ്ദിഖ് പറയുന്നു. തീരുമാനം അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദിഖ് യൂ.ഡി.എഫ് സ്ഥാനാർത്ഥിയായി അരൂരിൽ നിന്ന് മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആലപ്പുഴയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ അരൂർ സിദ്ദിഖിനെ മത്സരിപ്പിച്ച് തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടലുകളെന്നാണ് റിപ്പോർട്ടുകൾ.

കടുത്തുരുത്തിയും പിറവവുമാണ് ലാലു അലക്‌സിന്റെ നോട്ടം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് 15 ദിവസത്തിനകം തീരുമാനിക്കുമെന്ന് നടൻ ലാലു അലക്‌സ് പറയുന്നു. കടുത്തുരുത്തിയിൽ അദ്ദേഹം ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, ഏതു രാഷ്ട്രീയപ്പാർട്ടിയാണ് തന്നെ സമീപിച്ചതെന്നു വെളിപ്പെടുത്താൻ ലാലു അലക്‌സ് തയ്യാറായില്ല. തന്റെ രാഷ്ട്രീയം പ്രത്യേക പ്രത്യയശാസ്ത്രത്തിലൂന്നിയുള്ളതല്ലെന്നും തികച്ചും വ്യക്തിപരമാണെന്നും ലാലു അലക്‌സ് പറഞ്ഞു. സ്ഥാനാർത്ഥിയാവുന്നതിനെപ്പറ്റി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. തന്നെ സമീപിച്ച രാഷ്ട്രീയകക്ഷികളുടെയോ മുന്നണികളുടെയോ പേര് വെളിപ്പെടുത്താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. യു.ഡി.എഫിലെയും എൽ.ഡി.എഫിലെയും നേതാക്കളെ പേരെടുത്ത് പ്രശംസിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അടൽബിഹാരി വാജ്‌പേയിയെയും വ്യക്തിപരമായി ഇഷ്ടപ്പെടുന്നുവെന്നും വ്യക്തമാക്കി.

കഴിഞ്ഞ പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അനൂപ് ജേക്കബിനായിരുന്നു ലാലു അലക്‌സിന്റെ പിന്തുണ. തെരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. എന്നാൽ, ഇത്തവണ മൂന്നു മുന്നണിയിലെയും നേതാക്കളെ പ്രശംസിച്ച ലാലു അലക്‌സ് ഏതു പാർട്ടിയിൽനിന്ന് സീറ്റുവാഗ്ദാനം ലഭിക്കുമെന്നു കാത്തിരിക്കുകയാണ്. എന്നാൽ പിറവത്തും കടുത്തുരുത്തിയിലും സിപിഐ(എം) ലാലു അലക്‌സിനെ പരിഗണിക്കുന്നുവെന്നാണ് സൂചന.