കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ ഗൂഢാലോചനയിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന താരങ്ങളെ വെട്ടിലാക്കാൻ പൊലീസ് കൃത്യമായ വിവരങ്ങൾ തേടി. പൊലീസിന്റെ നീക്കങ്ങൾ വളരെ തന്ത്രപരമായിട്ടു തന്നെയായിരുന്നു എന്നാണ് വ്യക്തമാകുന്ന കാര്യം. ദിലീപിനെയും നാദിർഷായെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തതു തന്നെ പരമാവധി വിവരങ്ങൾ ശേഖരിച്ചാണെന്നാണ് പുറത്തുവരുന്ന വിവരം. ഇനി ഈ നീക്കങ്ങളുടെ ക്ലൈമാക്‌സാണ് ഉണ്ടാകാനുള്ളത്.

ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണിയുടെ മൊബൈൽ ഫോൺ കണക്ഷൻ രേഖകൾ പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നതായാണ് വിവരം. അടുത്തിടെ എടുത്ത സിമ്മിന്റെ വിവരങ്ങളും ശേഖരിച്ചുവെന്നാണ് പുറത്തുവരുന്നത്. കോൾ വിശദാംശം പരിശോധിച്ചതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് പ്രമുഖ മൊബൈൽ കമ്പനിയെ സമീപിച്ച് അപ്പുണ്ണി കണക്ഷൻ എടുക്കുമ്പോൾ നൽകിയ അപേക്ഷാഫോമിന്റെ സർട്ടിഫൈഡ് കോപ്പി അന്വേഷണ സംഘം വാങ്ങിയത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും 'വിലപ്പെട്ട' വിവരം ലഭിച്ചതിനാൽ പൊലീസ് കടുത്ത നടപടിയിലേക്ക് ഉടൻ നീങ്ങുമെന്നുമാണ് അറിയുന്നത്. അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നീങ്ങുമെന്നാണ് അറിയുന്നത്. ഉന്നത സിനിമാക്കാർ ഉൾപ്പെട്ടതിനാൽ തന്നെ എല്ലാ തെളിവുകളും ശേഖരിച്ച് കാര്യങ്ങൾ ഉറപ്പാക്കിയതിന് ശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങിയാൽ മതിയെന്നാണ് ഉന്നത നിർദ്ദേശം. ഇതോടെയാണ് പൊലീസ് വിവര ശേഖരത്തിൽ മുന്നിൽ നിന്നതും.

ദിലീപ്, അപ്പുണ്ണി, നാദിർഷ എന്നിവരുമായി ബന്ധപ്പെട്ട് അറസ്റ്റ് അഭ്യൂഹം ശക്തമായി നിലനിന്നിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന് പിടിവള്ളി കിട്ടിയത് ഇന്നാണ്. പൾസർ സുനി ബന്ധപ്പെട്ടത് അപ്പുണ്ണിയെയാണെന്ന് വ്യക്തമാണെങ്കിലും ഈ സമയത്ത് ദിലീപിന്റെയും ' ബന്ധപ്പെട്ട' മറ്റു ചിലരുടെയും മൊബൈൽ ടവർ ലൊക്കേഷൻ എവിടെയായിരുന്നു എന്നതും പൊലീസ് പരിശോധിച്ച് നിഗമനത്തിലെത്തിയിട്ടുണ്ട്.

അതേസമയം പൾസർ സുനി ദിലീപ് നായകനായ ജോർജേട്ടൻസ് പൂരത്തിന്റെ സെറ്റിലെത്തിയത് ഡ്രൈവറായിട്ടാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.പകരക്കാരൻ ഡ്രൈവറായി സുനി രണ്ട് ദിവസം സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിനെ തുടർന്ന് സുനിയെ സെറ്റിലെത്തിച്ച ലൊക്കേഷന്റെ ചുമതലയുണ്ടായിരുന്ന മുരുകനെ പൊലീസ് ചോദ്യം ചെയ്തു. കൂടാതെ പ്രൊഡക്ഷൻ കൺട്രോളർ ദീപുവും പൾസർ ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി.

രണ്ടു ദിവസമാണ് പൾസർ സുനി ഡ്രൈവറായി ജോർജേട്ടൻസ് പൂരത്തിന്റെ സെറ്റിലുണ്ടായിരുന്നത്. ക്യാമറകൾ കൊണ്ടുവരികയും പോകുകയും ചെയ്യുന്ന വാഹനമാണ് ഓടിച്ചതെന്നും പകരക്കാരനായിട്ടാണ് പൾസർ സുനി സെറ്റിലെത്തിയതെന്നും ദീപു പറഞ്ഞു. ദീപുവിന്റൈ മൊഴിയും പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പൾസർ സുനി നടൻ ദിലീപിന്റെ ലൊക്കേഷനിൽ എത്തിയെന്ന് വ്യക്തമാകുന്ന ചിത്രങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. തൃശൂരിലെ ബാനർജി ക്ലബ്ബിലാണ് ആരാധകർക്കൊപ്പം ദിലീപ് എടുത്ത സെൽഫിയിൽ പൾസർ സുനിയും ഉള്ളതായി വ്യക്തമാകുന്നത്.

ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ചിത്രങ്ങൾ പൊലീസ് കണ്ടെടുക്കുന്നത്. 2016 നവംബർ മൂന്നിനാണ് ഇരുവരും ഒരേ ടവർ ലൊക്കേഷനിലുള്ളതായി അന്വേഷണത്തിൽ വ്യക്തമായത്. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്തുള്ള ചിത്രങ്ങളാണ് പുറത്ത് വന്നതും. തൃശൂരിലെ ബാനർജി ക്ലബ്ബിലായിരുന്നു ഇതിന്റെ ഷൂട്ടിങ്. ക്ലബ്ബിലെ ഹെൽത്ത് ക്ലബ്ബിൽ ആക്രമിക്കപ്പെട്ട നടി അംഗമായിരുന്നു. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ലബ്ബിലെ അംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പൾസർ സുനിയെ തനിക്ക് പരിചയമില്ലെന്നും ഓർമ്മയിൽ പോലും ഇല്ലാത്തയാളാണെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. ഇത്തരക്കാരുമായി താനൊരിക്കലും കൂട്ടുകൂടുകയില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ജയിലിൽ നിന്നും ദിലീപിനെഴുതിയ കത്തിൽ സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്ന് പൾസർ സുനി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കുകയാണ്.