കൊച്ചി: കൊച്ചിയിൽ നടി ആക്രമക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിയെ രക്ഷപെടുത്തിയത് പൊലീസിന്റെ അനാസ്ഥയാണെന്ന വാദം ശക്തമാകുന്നു. സംഭവം നടന്ന ശേഷം പ്രതി ആരാണ് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം മൊബൈൽ ലൊക്കേഷൻ തിരിച്ചറിഞ്ഞ് പ്രതിയെ പിടകൂടാൻ പൊലീസിന് സാധിക്കുമായിരുന്നു എന്നാണ് വാദിക്കുന്നത്. എന്നാൽ, ഉടനടി ഇത്തരമൊരു നടപടി പൊലീസിൽ നിന്നും ഉണ്ടാകാത്തതാണ് അന്വേഷണത്തിലെ വീഴ്‌ച്ചയായി വ്യാഖ്യാനിക്കപ്പെടുന്നത്. ഉന്നതർ അറിഞ്ഞുള്ള കള്ളക്കളിയാണോയെന്ന സംശയം കൂടി കേസ് അന്വേഷണത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം.

മുഖ്യപ്രതി പൾസർ സുനിയെ പിടികൂടാൻ ഒരു ഊർജ്ജിതശ്രമവും നടന്നില്ലെന്ന് സൂചിപ്പിക്കുന്നതാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ ആദ്യമണിക്കൂറുകളിൽ തന്നെ പ്രതിയെ പിടികൂടാൻ സാധിക്കുമായിരുന്നു. ഒരു പ്രമുഖ നടിയാണെന്ന പരിഗണനയേ പരാതിക്കാരിക്ക് ലഭിച്ചില്ല. ഇത്തരം ഒരു കേസിൽ പ്രതിയെ പിടികൂടാൻ എന്തൊക്കെ നടപടികളാണോ പൊലീസ് സ്വീകരിക്കാറുള്ളത്, അതൊന്നും നടന്നില്ല. പൊലീസിന്റെ ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലാണ് ഈ മെല്ലെപ്പോക്കിന് കാരണമാണെന്ന് സംശയിക്കുന്നവരും കുറവല്ല.

സംഭവം നടന്ന രാത്രി 11 മണിയോടെ തന്നെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ എം. ബിനോയ് വിവരം അറിഞ്ഞു. ഡിജിപി നേരിട്ട് നിർദ്ദേശം നൽകിത് ഈ ഉദ്യോഗസ്ഥനായിരുന്നു. അതേസമയം ഈ സമയം സിറ്റി പൊലീസ് കമ്മീഷണർ സംഭവം അറിഞ്ഞിരുന്നില്ല. നഗരത്തിൽ നടന്ന ഒരു അസാധാരണ െ്രൈകം എന്തുകൊണ്ട് സിറ്റി കമ്മിഷണർ അറിഞ്ഞില്ലെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചതുമില്ല. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം സംവിധായൻ ലാലിന്റെ വസതിയിൽ എ. സി. പി രാത്രി 11 മണി കഴിഞ്ഞപ്പോൾ എത്തിയത് മൂന്ന് പൊലീസുകാരോടൊപ്പം. നടന്ന കാര്യങ്ങൾ നടിയുമായി സംസാരിച്ച് എ. സി. പി മനസിലാക്കി.

പ്രതിയെ തിരിച്ചറിഞ്ഞിരുന്ന നടി വ്യക്തമായി വിവരങ്ങൾ ധരിപ്പിച്ചിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇതിന് ശേഷവും പ്രതിയെ പിടികൂടാൻ യാതൊരു ഉത്സാഹവും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. വിവരമറിഞ്ഞ് പന്ത്രണ്ട് മണിയോടെ പി. ടി. തോമസ് എം. എ. എയും നിർമ്മാതാവ് ആന്റോ ജോസഫും എത്തി. അപ്പോഴും പൊലീസ് പ്രതികളെ പിടിക്കുന്നതിനുള്ള മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ലെന്ന് മാത്രമല്ല, എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ എം. പി. ദിനേശിനെയോ മേഖലാ ഐ. ജി പി. വിജയനെയോ വിവരം അറിയിച്ചതുമില്ല. ഈ സയമം ഐജി വിജയനാകട്ടെ മൂകാംബികയിലേക്കുള്ള യാത്രയിലായിരുന്നു. ഐ. ജി. വിജയനെ ഫോണിൽ ബന്ധപ്പെട്ട് പി. ടി. തോമസാണ് പീഡനവിവരം അറിയിച്ചത്.

നടി വീട്ടിലെത്തി സംഭവം വിവരിച്ചയുടൻ ലാൽ ഡിജിപിയെ വിളിച്ച് അറിയിച്ചിരുന്നു. ഇത്രയും ഗൗരവമേറിയ ഒരു സംഭവമുണ്ടായിട്ടും മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥർ വിവരം അറിയാതിരുന്നത് എന്തുകൊണ്ട് എന്നതും സംശയത്തിന് ഇടനൽകുന്നു. ഇത്തരമൊരു സംഭവത്തെ കുറിച്ച് പൊലീസിനും വ്യക്തമായ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

പൾസർ സുനിയും സംഘവുമാണ് ഈ സംഭവത്തിന് പിന്നിലെന്ന് മനസിലായിട്ടും അവരെ കണ്ടെത്താൻ കൊച്ചി നഗരത്തിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് അലർട്ട് സന്ദേശം കൈമാറിയിരുന്നില്ല. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ മാർട്ടിനിൽ സംശയം പ്രകടിപ്പിച്ചത് പൊലീസായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഡ്രൈവറുടെ പ്രവൃത്തികൾ കണ്ട് അസ്വാഭാവികത തോന്നിയ പി. ടി. തോമസാണ് ഇയാളോട് വിവരങ്ങൾ തിരക്കിയത്. തന്റെ മർമ്മ ഭാഗത്ത് മർദ്ദനമേറ്റതിനാൽ പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു മറുപടി. കൂടുതൽ ചോദ്യങ്ങൾ നേരിടേണ്ട വന്നപ്പോൾ മാർട്ടിൻ പരുങ്ങലിലായി. അയാളുടെ ഫോൺ പരിശോധിച്ചപ്പോൾ അതിൽ സിമ്മില്ലായിരുന്നു.അക്രമിസംഘം സിം ഊരിയെടുത്തെന്നായിരുന്നു മറുപടി. മാർട്ടിനിൽ സംശയം ഉയർന്നത് അപ്പോഴാണ്. അയാൾ നൽകിയ നമ്പരിൽ ആന്റോ വിളിച്ചപ്പോൾ ഹലോ പറഞ്ഞ് സുനി കാൾ കട്ട് ചെയ്തു. പിന്നീട് എ. സി. പി നേരിട്ട് വിളിച്ചു. ഫോൺ എടുത്തപ്പോൾ സംശയം തോന്നിയ സുനി ഉടൻ മൊബൈൽ സ്വിച്ച് ഓഫാക്കി.

പൊലീസ് കൺട്രോൾറൂമുമായി ബന്ധപ്പെട്ട് സുനിയുടെ ടവർ ലൊക്കേഷൻ എ.സി. പി. കണ്ടെത്തി. അപ്പോൾ സുനിയും സംഘവും ഗിരിനഗറിന് സമീപത്തെ ഫ്‌ളാറ്റിൽ തമ്പടിച്ച് രക്ഷാമാർഗ്ഗങ്ങൾ തെരയുകയായിരുന്നു. അടുത്ത ദിവസം അഭിഭാഷകയെ കണ്ട് ജാമ്യത്തിനുള്ള പേപ്പറുകളിൽ ഒപ്പിട്ട് നൽകുന്നതിനുള്ള ഉപദേശവും തേടി.അപ്പോഴൊന്നും പൊലീസ് ഉദ്യോഗസ്ഥർ ഉണർന്നില്ല.

രാത്രി 12-45ന് കൊച്ചി ഡി. സി. പി യതീഷ്ചന്ദ്ര സിവിൽ വേഷത്തിൽ ലാലിന്റെ വീട്ടിലെത്തി. തൊട്ടുപിന്നാലെ എത്തി കമ്മിഷണർ എം. പി. ദിനേശ്. ഒരുമണിയോടെ എറണാകുളം റൂറൽ എസ്. പി. എത്തി. അപ്പോഴും പ്രതികൾ നഗരം വിട്ടുപോകാതിരിക്കാനുള്ള വാഹന പരിശോധനയ്‌ക്കോ റെഡ് അലർട്ടിനോ നടപടികളുണ്ടായില്ല. ഇതോടെ പ്രതികൾ പലവഴിക്ക് രക്ഷപെടുകയാണ് ഉണ്ടായത്. ലാലിന്റെ വീട്ടിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ ദൂരമേ ഗിരിനഗറിലേക്കുള്ളൂ. അവിടുത്തെ ഫ്‌ളാറ്റുകളിൽ പരിശോധന നടത്താൻ പൊലീസ് ശ്രമിക്കാത്തതിനാൽ പ്രതികളുടെ രക്ഷപ്പെടൽഎളുപ്പത്തിലായി. സുനിയും സംഘവും തമ്പടിച്ചിട്ടുള്ള ഫ്‌ളാറ്റിനെക്കുറിച്ച് മാർട്ടിൻ സൂചന നൽകിയിരുന്നതായി പോലും വിവരമുണ്ട്. കേരളത്തെ പിടിച്ചുലച്ച ഒരു മാനഭംഗശ്രമുണ്ടായിട്ടും ആ രാത്രിയിൽ കൊച്ചി സിറ്റിപൊലീസ് ഉറങ്ങുകയായിരുന്നോ? പ്രതികൾ രക്ഷപ്പെടാതിരിക്കാനുള്ള പഴുതടച്ചുള്ള പരിശോധനയ്ക്ക് എന്തുകൊണ്ട് പൊലീസ് തയ്യാറായില്ല? ഈ ചോദ്യങ്ങളാണ് ഉത്തരം കിട്ടാതെ കിടക്കുന്നത്.

ആദ്യമണിക്കൂറിലെ അലംഭാവമോ ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലോ പൊലീസിനെ നിഷ്‌ക്രിയമാക്കി. നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശങ്ങൾ കൈമാറി പൊലീസിനെ രംഗത്തിറക്കി പരിശോധ ഊർജ്ജിതമാക്കുയാണ് പതിവുശൈലി. ഭരണക്ഷിയിൽപ്പെട്ട ഒരു യുവനേതാവ് രാത്രി 11 മണിക്ക് ഈ വിവരം അറിഞ്ഞു. ഈ നേതാവ് ഡി. ജി. പിയെയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെയും വിവരം ധരിപ്പിച്ചു. പക്ഷേ, മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നത് രാത്രി പന്ത്രണ്ടരയ്ക്ക് ശേഷമാണെന്നാണ് വിവരം. ഈ ഇടപെടലിന് ശേഷമാണ് പൊലീസ് ഉണർന്നതെന്നാണ് അറിയുന്നത്.